Current Date

Search
Close this search box.
Search
Close this search box.

Columns

എം.ഇ.എസും നിഖാബും: രാജാവിനേക്കാള്‍ വലിയ രാജ്യഭക്തിയോ ?

ഇസ്ലാമിലെ അഭിപ്രായം പറയാനുള്ള നിബന്ധന വിജ്ഞാനമാണ്. അടിസ്ഥാന പ്രമാണങ്ങള്‍ കൃത്യമായി പറയാതെ പോയ പലതിലും പിന്നീട് അഭിപ്രായം രൂപപ്പെട്ടത് ആ കാലത്തെ പണ്ഡിതന്മാരിലൂടെയാണ്. പ്രമാണങ്ങളെ എങ്ങിനെ സമീപിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പില്‍കാലത്തു മദ്ഹബുകള്‍ പോലും രൂപം കൊണ്ടത്. പ്രവാചകനില്‍ നിന്നും ഇസ്ലാം പഠിച്ച അനുചരന്മാര്‍ പോലും പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം കൊണ്ട് നടന്നു. പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്ത് പോലും അങ്ങിനെ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും ചില കാര്യങ്ങളില്‍ ഒരു ഖണ്ഡിതമായ തീരുമാനം പ്രവാചകന്‍ പറഞ്ഞില്ല. അഹലുസുന്നത്തു വല്‍ ജമാഅ: എന്ന സംഘത്തിന്റെയുള്ളില്‍ തന്നെ വിഭിന്നങ്ങളായ നാലു കര്‍മ്മ ശാസ്ത്ര രീതികള്‍ സാധ്യമാണ് എന്നത് തന്നെ കാണിക്കുന്നത് ഇസ്ലാമിന്റെ വിശാലതയെയാണ്.

ഒരു ചിന്താസരണിയുടെ ഭാഗം എന്ന് വരികില്‍ തന്നെ മദ്ഹബീ ചിന്താ ധാരകള്‍ പരസ്പരം സംവദിച്ചു. അതില്‍ മൂന്നു പേര് ഗുരു ശിഷ്യ ബന്ധം ഉള്ളവരായിരുന്നു. ഇമാം മാലിക്. ഇമാം ഷാഫി, ഇമാം അഹ്മദ് എന്നിവര്‍. പരസ്പരം സംവദിക്കുമ്പോഴും ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്നു എന്ന സന്ദേശമാണ് അത്തരം സംഭവങ്ങള്‍ നമുക്ക് നല്‍കുന്നത്. പിന്നീട് കാലം മോശമായി. മദ്ഹബീ പക്ഷപാതിത്വം വര്‍ധിച്ചു. ആ ദുരന്ത കഥകള്‍ ചരിത്രത്തില്‍ നമുക്ക് വായിക്കാം.

അത്തരത്തില്‍ ഒന്നാണ് സ്ത്രീകളുടെ മുഖം മറക്കല്‍. ഖുര്‍ആനിലെ ചില ആയത്തുകളുടെ വിശദീകരണം സ്ത്രീ മുഖം മറക്കാനാണ് പറയുന്നത് എന്ന് പറയുന്നവര്‍ ഒരു കൂട്ടര്‍. അത് വേണ്ടതില്ലെന്നു പറയുന്നവര്‍ മറ്റൊരു കൂട്ടര്‍. ഈ ചര്‍ച്ചക്കും കാലങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മുഖം മറക്കല്‍ അടുത്തിടെ തുടങ്ങിയതാണെങ്കിലും അറേബ്യന്‍ നാടുകളില്‍ അത് പഴയ ചര്യയാണ്. ഇസ്ലാം അറബി സംസ്‌കാരത്തിന്റെ ഭാഗമായി ചിലര്‍ മനസ്സിലാകുന്നു. അത് കൊണ്ടാണ് അറബികളുടെ വസ്ത്ര രീതികള്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നത്. അറേബ്യന്‍ ചികിത്സാ രീതികള്‍ പോലും നമ്മുടെ നാട്ടില്‍ ഇന്ന് മതത്തിന്റെ പേരില്‍ വിപണനം ചെയ്യപ്പെടുന്നു. ഭക്ഷണം,വസ്ത്രം,ചികിത്സ എന്നത് പ്രദേശവുമായി ബന്ധപ്പെട്ടതാണ്.

അടുത്ത കാലം വരെ ഇസ്ലാമിക പഠനം എന്നത് കൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നത് കര്‍മ്മ ശാസ്ത്ര പഠനമാണ്. ഖുര്‍ആന്‍,ഹദീസ് പഠനം ആ രീതിയില്‍ കുറവായിരുന്നു. അത് കൊണ്ട് തന്നെയാണ് നമ്മുടെ സമൂഹത്തില്‍ അത്തരം കര്‍മ്മ ശാസ്ത്ര ചര്‍ച്ചകളും കയറി വന്നത്. അടുത്ത കാലം വരെ സമൂഹത്തിന്റെ മുഖ്യ ചര്‍ച്ചകള്‍ ഖുനൂത്ത്, കൈകെട്ട്, തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണം എന്നിവയിലായിരുന്നു. സ്ത്രീകള്‍ എന്നും ഇസ്ലാമില്‍ ഒരു ചര്‍ച്ചയാണ്. സ്ത്രീയുടെ പദവിയും സ്ഥാനവും സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ ചര്‍ച്ച ചെയ്തു.

അത് കൊണ്ട് തന്നെ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര രംഗത്ത് അഭിപ്രായ വ്യത്യാസമുള്ള കാര്യത്തില്‍ നാട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നതാണ് പുതിയ ചര്‍ച്ചാ വിഷയം. അതിനുള്ള അവകാശം പണ്ഡിതന്മാര്‍ക്ക് എന്നാണ് മറുവാദം. എന്തൊക്കെ പറഞ്ഞാലും എം ഇ എസ് പ്രതിനിധാനം ചെയ്യുന്നത് മുസ്ലിം എന്ന സ്വത്വത്തെയാണ്. മുഖം മറച്ചു കൊണ്ട് ഒരു പെണ്‍കുട്ടി ക്ലാസില്‍ വന്നാല്‍ എന്താണ് സംഭവിക്കുക. അത് സ്ഥാപനത്തിന് വല്ല കളങ്കവും വരുത്തിവെക്കുമോ?. മിക്കവാറും കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രായ പൂര്‍ത്തിയായവരാകും. അവരുടെ വസ്ത്ര ധാരണ രീതി അവരാണ് തീരുമാനിക്കേണ്ടത്. എം ഇ എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ കൂടുതലും. വ്യക്തിപരമായി സ്ത്രീ മുഖം മറക്കുന്നതിനോട് ഈയുള്ളവനും യോജിപ്പില്ല. പക്ഷെ വ്യക്തികളുടെ അവകാശത്തെ നിഷേധിക്കുക എന്നത് അപ്പോഴും ബാക്കിയാവും.

എം ഇ എസിന്റെ തീരുമാനം മറ്റു പല രീതിയിലും മുസ്ലിം സമുദായത്തെ ബാധിക്കും. പല സ്‌കൂളിലും ദേഹം മറക്കാനുള്ള അവകാശത്തിനും തല മറക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരത്തിലും കേസിലുമാണ് മുസ്ലിം പെണ്‍കുട്ടികളും രക്ഷിതാക്കളും. നിഖാബ് വിഷയത്തില്‍ മുസ്ലിം പ്രാധിനിത്യം അവകാശപ്പെടുന്ന എം ഇ എസ് തന്നെ ഇത്തരം നടപടി സ്വീകരിച്ചാല്‍ അത് എതിര്‍ക്കുന്നവര്‍ക്ക് എളുപ്പമാകും. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിക്കാത്ത ഒന്നാണ് മുഖം മറക്കല്‍. അപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി എന്നതിലേക്ക് കാര്യങ്ങള്‍ പോകും. ശരിയാണ് തങ്ങളുടെ സ്‌കൂളുകില്‍ കുട്ടികള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണ്. അത് ഉപയോഗിച്ച് പലപ്പോഴും മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനുള്ള അവകാശം മാനേജ്മെന്റ് തടയും. അപ്പോള്‍ ചോദ്യം അങ്ങിനെ അല്ലാത്ത സ്‌കൂളുകളില്‍ അയക്കാമല്ലോ?. നമ്മെപ്പോലെ മതങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു സമൂഹത്തിയില്‍ അത്തരം ചോദ്യങ്ങള്‍ എത്ര മാത്രം പ്രസക്തമാണ് എന്നത് കൂടി ഓര്‍ത്ത് നോക്കണം.

മുഖം മറക്കല്‍ ഒരു സമൂഹത്തിന്റെ സുരക്ഷാ പ്രശ്‌നമായി തീര്‍ന്നാല്‍ അത് പരിഗണിക്കണം. ഇന്ത്യയില്‍ അത്തരം ആരോപണം ഉന്നയിച്ച ഏക വിഭാഗം സംഘ പരിവാറാണ്. മുഖം മറക്കലിന്റെ ശരിതെറ്റുകളെക്കാളും പരിഗണിക്കേണ്ടി വരിക അങ്ങിനെ വിശ്വസിക്കുന്ന ഒരു വിഭാഗം മുസ്ലിംകളിലുണ്ട് എന്നതാണ്. അതൊരു സമസ്ത-എം ഇ എസ് വിഷയവുമല്ല. ഇസ്ലാമിലെ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങള്‍ മുസ്ലിംകളുടെ പേരില്‍ നില കൊള്ളുന്ന സ്ഥാപനങ്ങളില്‍ പോലും നടക്കില്ല എന്ന് വന്നാല്‍ ഇസ്ലാമിക മൂല്യങ്ങളെ അകറ്റി നിര്‍ത്താന്‍ ഒരു കാരണം കൂടിയാവും. മാത്രമല്ല അത് ഇസ്‌ലാമിനെയും ഇസ്‌ലാമിക വേഷവിധാനങ്ങളെയും എതിര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് മരുന്നിട്ട് കൊടുക്കലുമാകും. വര്‍ധിച്ചു വരുന്ന മുഖം മറക്കല്‍ ഇസ്ലാമിന്റെ വ്യാപനമായി ചിലര്‍ തെറ്റിദ്ധരിക്കുന്നു. അത് ഇസ്ലാമിന്റെ ചിഹ്നമായി മറ്റു ചിലരും. മുസ്ലിം സമൂഹത്തിനു ഇപ്പോള്‍ തന്നെ തര്‍ക്കിക്കാനും ഭിന്നിക്കാനും ഒരുപാട് വിഷയങ്ങളുണ്ട്. സമൂഹത്തിന്റെ ഒരു ശതമാനം പോലും പിന്തുടരാത്ത ഒന്നിന് വേണ്ടി പരസ്പരം തര്‍ക്കിച്ചു സമയം കളയാം എന്നത് മാത്രമാണ് ഇതിന്റെ ബാക്കിപത്രം.

Related Articles