ആര്‍ത്തവമുള്ള സ്ത്രീകളോട് എന്ത് നിലപാട് സ്വീകരിക്കണം എന്നതായിരുന്നു ചോദ്യം. ആര്‍ത്തവ കാലത്തു സ്ത്രീകളെ പൂര്‍ണമായി അകറ്റി നിര്‍ത്തുന്ന ഒരു സാഹചര്യമായിരുന്നു പ്രവാചക കാലത്ത് നിലനിന്നിരുന്നത്. അവരുമായി ഭക്ഷണം കഴിക്കുകയോ ഒന്നിച്ചിരിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. ആര്‍ത്തവം എന്ന അശുദ്ധിയുടെ പേരില്‍ അവരെ പൂര്‍ണമായി അകറ്റി നിര്‍ത്തിയിരുന്നു. മുസ്ലിംകളുടെ കൂടെ ജീവിച്ചിരുന്ന ജൂതരും കൃസ്ത്യാനികളും ഈ വിഷയത്തില്‍ പുലര്‍ത്തി പോന്നിരുന്ന നിലപാടുകള്‍ ഇസ്ലാമിന്റെ നിലപാട് ചോദിക്കാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കി.
‘അവര്‍ നിന്നോട് ആര്‍ത്തവത്തെ കുറിച്ച് ചോദിക്കുന്നു’ എന്ന് പറഞ്ഞാണ് ഖുര്‍ആന്‍ ആ വിഷയം കൈകാര്യം ചെയ്യുന്നത്. അതൊരു ‘അദന്‍’ എന്നാണ് ഉത്തരം നല്‍കിയത്. അശുദ്ധി എന്ന അര്‍ത്ഥത്തിലാണ് പൗരാണിക ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥങ്ങളില്‍ അതിനു അര്‍ത്ഥം കാണുന്നത്. ചില അറബി നിഘണ്ടുവില്‍ അശുദ്ധി എന്ന അര്‍ഥം കാണുന്നു. എങ്കിലും അതിനു നേര്‍ക്ക് നേരെ നല്‍കാന്‍ കഴിയുന്ന അര്‍ത്ഥം വിഷമം,ബുദ്ധിമുട്ട് എന്നായിരിക്കും. വേണമെങ്കില്‍ ആര്‍ത്തവ സമയം സ്ത്രീയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ അവസരമാണ് എന്നും പറയാം. അതിനാല്‍ ആ സമയത്തു അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇസ്ലാം നിരോധിച്ചു. എന്ന് വെച്ചു ആര്‍ത്തവം ഒരു അശുദ്ധിയാണ് എന്ന് പറയാതിരിക്കാനും കഴിയില്ല. ‘അവര്‍ ശുദ്ധിയാകുന്നത് വരെ’ എന്നും ‘അവര്‍ ശുദ്ധിയായാല്‍ ‘ എന്നും അതെ വചനത്തില്‍ തന്നെ കാണുന്നു. അപ്പോള്‍ ഇവിടെ ശുദ്ധിയാവുക എന്നത് കൊണ്ട് വിവക്ഷ മേല്‍ പറഞ്ഞ ആര്‍ത്തവ കാലത്ത് നിന്ന് തന്നെ എന്നല്ലേ മനസ്സിലാക്കാന്‍ കഴിയൂ.
ആര്‍ത്തവം സ്ത്രീയുടെ ഒരു ജൈവപരമായ കാര്യമാണ്. അതിന്റെ പേരില്‍ അവള്‍ പീഡിപ്പിക്കപ്പെടുക എന്നത് പാടില്ലാത്തതും. ശാരീരികമായി അവള്‍ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മാനസികമായും അവളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാടില്ല എന്നതാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. പല ആരാധനകളുടെയും നിബന്ധനകളില്‍ ഒന്ന് ശുദ്ധിയാണ്. നമസ്‌കാരത്തിന് അതൊരു അടിസ്ഥാന കാര്യമാണ്. ആര്‍ത്തവമുള്ള സമയത്ത് ആരാധനകളില്‍ പ്രമുഖമായ നമസ്‌കാരവും നോമ്പും അവര്‍ക്ക് നിഷിദ്ധമാണ് എന്ന് മുസ്ലിം ലോകം ഒന്നിച്ചു പറയുന്നു. അത് പോലെ ത്വവാഫ് പോലുള്ളവയും അവര്‍ക്കു പാടില്ലാത്തതാണ്.
‘അദന്‍’ എന്ന വാക്കിനു അശുദ്ധി എന്ന് നേര്‍ക്ക് നേരെ അര്‍ത്ഥമില്ല എന്നത് ശരിയാണ്. ബുദ്ധിമുട്ട് എന്ന് തന്നെയാണ് വാക്കര്‍ത്ഥം പറയാന്‍ നല്ലത്. അതെ സമയം ആര്‍ത്തവമുണ്ടായാല്‍ ശുദ്ധിയാകുന്നത് വരെ സ്ത്രീകളെ വിട്ടു നില്‍ക്കണം എന്നാണു പറയുന്നത്. അപ്പോള്‍ ശുദ്ധിയില്ലാത്ത അവസ്ഥ എന്ന് അവിടെ ഉദ്ദേശം വരും. ആര്‍ത്തവം ഒരു ജൈവപരമായ കാരണം എന്നും പറയാം. പലരും കാലിനു അനുസരിച്ച് ചെരുപ്പ് മുറിക്കാനുള്ള തിരക്കിലാണ്. പൊതുബോധം എന്ന രീതിയില്‍ മതത്തെ പൂര്‍ണമായി ഒരു മതേതര വിശദീകരണത്തിന് ചിലര്‍ മുതിര്‍ന്നു കാണുന്നു. ശവം നിഷിദ്ധം എന്ന് പറഞ്ഞപ്പോള്‍ ‘അല്ലാഹു അറുത്തതിനെ (സ്വയം ചത്തത്) തിന്നാന്‍ പാടില്ല എന്ന് മുഹമ്മദ് പറയുന്നു. എന്നാല്‍ മനുഷ്യര്‍ അറുത്തതിനെ തിന്നാം എന്നും പറയുന്നു’ എന്നൊരു വാദം ജൂതര്‍ ഉന്നയിച്ചു. അതിനെ വളരെ ശക്തമായതാണ് ഖുര്‍ആന്‍ നേരിട്ടത്.
ശബരിമല വിഷയത്തില്‍ കേരളം ചര്‍ച്ച ചെയ്ത വലിയ സംഭവമാണ് ആര്‍ത്തവം. ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്നവരും ശുദ്ധിയായി കാണുന്നവരും എന്ന് രണ്ടു വിഭാഗമാണ് പിന്നെ കേരളത്തില്‍ ബാക്കിയായത്. നിയമം മൂലം അത് നിര്‍ത്തലാക്കാന്‍ കഴിയില്ല എന്നതിനാല്‍ ആ അവസ്ഥയെ അംഗീകരിക്കുക എന്നതാണ് സാധ്യമാകുന്ന കാര്യം. സ്ത്രീയുടെ ജീവിതമായി മാത്രമല്ല അവളുടെ വിശ്വാസമായും ആചാരമായും പ്രസ്തുത വിഷയയത്തിനു ബന്ധമുണ്ട്. ആര്‍ത്തവം ഒരു അശുദ്ധ അവസ്ഥയാണ് എന്നത് കൊണ്ട് സ്ത്രീ അശുദ്ധയാകും എന്നല്ല പകരം ചില കാര്യങ്ങള്‍ അവര്‍ക്കു അസാധ്യമാകും എന്ന് മാത്രമാണ് ഇസ്ലാം പറയുന്നത്. അതെസമയം അവള്‍ തന്നെ അശുദ്ധമാണ് എന്ന നിലപാട് ഇസ്‌ലാമിനില്ല. ഒരു പുരോഗമന സമൂഹത്തിലെ മുഖ്യ വിഷയം സ്ത്രീയുടെ ആര്‍ത്തവമാകുക എന്ന് പറഞ്ഞാല്‍ ആ സമൂഹത്തിന്റെ ഗതികേടാണ് അത് വെളിവാക്കുന്നത്.