Current Date

Search
Close this search box.
Search
Close this search box.

അങ്ങയുടെ സുഗന്ധം ഞങ്ങളുടെ ജീവിതത്തെ വർണാഭമാക്കട്ടെ

പതിനഞ്ച് നൂറ്റാണ്ടുകൾക്കപ്പുറത്ത് നൂർ പർവതത്തിന് മുകളിലെ ഹിറാ ഗുഹയുടെ ഇരുട്ടിൽ ഒറ്റക്കിരിന്ന് സമൂഹത്തിൻറെ പതിതാവസ്ഥയിൽ അസ്വസ്ഥപ്പെട്ടിരിക്കുമ്പോൾ ഒരു വെളിച്ചം പ്രതീക്ഷിച്ചിട്ടുണ്ടാവണം . ദിവ്യസന്ദേശത്തിൻറെ വെളിച്ചത്താൽ അകം നിറഞ്ഞ് സഫ കുന്നിന് മുകളിൽ കയറി മുന്നറിയിപ്പ് നൽകുമ്പോൾ പ്രതീക്ഷയോടെ ആ കണ്ണുകൾ പലരിലേക്കും ഉറ്റു നോക്കിയിട്ടുണ്ടാകണം . അത് വരെ പുഞ്ചിരിച്ചവർ മുഖം തിരിച്ച് നടന്നപ്പോൾ, അൽ അമീനെന്ന് വിളിച്ചവർ കുഴപ്പക്കാരനെന്ന് ആക്ഷേപിച്ച് തുടങ്ങിയപ്പോൾ ആ മനസ്സ് നൊന്ത് കാണണം. അന്നേരം , ആര് കൈവെടിഞ്ഞാലും ഞാൻ കൈവെടിയില്ലെന്ന നാഥൻറെ വാക്ക് സാന്ത്വനമായി പെയ്തിറങ്ങിയിട്ടുണ്ടാകണം .
ഒട്ടകത്തിൻറെ ചീഞ്ഞ കുടൽമാല കഴുത്തിൽ ചാർത്തപ്പെട്ടപ്പോൾ …ബഹിഷ്കൃതനായി അബൂത്വാലിബിൻറെ താഴ് വരയിൽ പട്ടിണി കിടന്നപ്പോൾ … ചാട്ടവാറടിയുടെ മുറിപ്പാടുകളും ചുട്ടുപൊള്ളിച്ചതിൻറെ അടയാളങ്ങളുമായി പരിഭവങ്ങൾ പറഞ്ഞ് പ്രിയപ്പെട്ടവർ ചാരത്ത് വന്നപ്പോൾ പുലരാൻ പോകുന്ന ക്ഷേമരാജ്യത്തെ കുറിച്ച കിനാവുകൾ മനസ്സിനെ ദൃഢപ്പെടുത്തിയിരിക്കണം.

കരുത്തായും സ്നേഹമായും കൂട്ടിനുണ്ടായിരുന്ന പ്രിയ ഖദീജ വിട പറഞ്ഞ് പോയപ്പോൾ , ഉമ്മ പോയ നേരം ആ ആറുവയസ്സുകാരനനുഭവിച്ച അനാഥത്വത്തിൻറെ ഒറ്റപ്പെടലിൽ വീണ്ടും വിതുമ്പിയിട്ടുണ്ടാകണം … തന്നിലേക്കുയർത്തിയ മിഅറാജിനാൽ പടച്ചോൻ തന്നെ കൂട്ടിരുന്നപ്പോൾ ഒറ്റക്കല്ല ഈ പ്രപഞ്ചം മുഴുക്കെ തന്നെ ചേർത്ത് പിടിച്ചതായി തോന്നിക്കാണണം .. മക്ക വിട്ട് പോകും നേരം പുറത്താക്കപ്പെട്ടവൻറെ നൊമ്പരങ്ങളല്ല , പേർഷ്യയും റോമും കീഴടക്കാൻ പോകുന്നവൻറെ ആത്മവിശ്വാസമാമുഖത്ത് ജ്വലിച്ച് കാണണം.

 

Also read: സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

കുടിപ്പകകൾ അറുത്തുമാറ്റിയ ബന്ധങ്ങളെ സാഹോദര്യത്താൽ വിളക്കിച്ചേർക്കുമ്പോൾ യസ് രിബിൻറെ മണൽ പരപ്പുകളിൽ പുതിയൊരു സംസ്കാരത്തിൻറെ പിറവിക്ക് ആ മനം തുടിച്ച് കാണണം . ബദ്റിൻറെ മൈതാനിയിൽ മുഖാമുഖം നിന്നപ്പോൾ രക്ത ബന്ധത്തേക്കാൾ ആഴത്തിൽ വേരൂന്നിയ ആദർശ ബന്ധത്തിൻ ഊഷ്മളത നെഞ്ചിൽ ആവാഹിച്ചിട്ടുണ്ടാകണം.. ഉഹ്ദ് രണാങ്കണത്തിൽ പ്രിയപ്പെട്ട ഹംസ (റ) യുടേയും മുസ്അബ് (റ) ൻറെയും ചേതനയറ്റ ശരീരത്തിന് മുന്നിൽ ഒരിറ്റ് കണ്ണീരോടെ നിന്നിട്ടുണ്ടാകണം. അവിടെ പരന്ന ശഹാദത്തിൻറെ സുഗന്ധം, വേദനയുടെ കയ്പിനെ ഈമാനിൻറെ മാധുര്യമനുഭവിച്ചു കാണണം.

മദീനയുടെ മണ്ണിൽ പൂത്തുലഞ്ഞ അതുല്യ സംസ്കാരത്തിൻറെ തണലിലേക്ക് കൂട്ടമായണഞ്ഞെത്തിയ മനുഷ്യരെ ചേർത്ത് പിടിക്കുമ്പോൾ അറബികളും അനറബികളും കീഴ്പെടുന്ന ആദർശ വാക്യത്തിൻറെ ഗാംഭീര്യതയോർത്ത് ഹംദുകൾ ചൊല്ലിയിരിക്കണം .. പുറത്താക്കപ്പെട്ടിടത്ത് വിജയശ്രീലാളിതരായി തിരിച്ച് ചെന്ന നേരം തല കുനിച്ച് നിൽക്കുന്ന എതിരാളികൾക്ക് മുന്നിൽ കാരുണ്യത്തിൻറെ ചിറകുകൾ താഴ്ത്തി വച്ചപ്പോൾ നാഥൻറെ മഹത്വത്തിന് മുന്നിൽ വിനയാന്വിതനായിട്ടുണ്ടാവണം ..

Also read: കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

ഒടുവിലായി അറഫാ മണ്ണിൽ വിട പറഞ്ഞ് സംസാരിക്കും നേരം താങ്കൾ ഞങ്ങൾക്കെത്തിച്ച് തന്നിരിക്കുന്നെന്ന തുറന്ന് പറച്ചിലുകൾക്ക് മുന്നിൽ അല്ലാഹുവിനെ സാക്ഷി നിർത്തി ദൗത്യപൂർത്തീകരണം പ്രഖ്യാപിക്കുമ്പോൾ ആശ്വാസത്തിൻറെ നിർവൃതിയാൽ മനം നിറഞ്ഞിട്ടുണ്ടാകണം. ഒരു റബീഇൽ തുടങ്ങി മറ്റൊരു റബീഇൽ ആ ജീവിതമവസാനിക്കുമ്പോൾ ഒടുവിലായകത്തേക്കെടുത്ത ശ്വാസത്തിൽ ഒരു പാട് വസന്തങ്ങളുടെ സുഗന്ധം നിറഞ്ഞ് നിന്നിട്ടുണ്ടാവണം. ഒരു ചെറു പുഞ്ചിരിയിലായതിൻ മനോഹാരിത വിരിയിച്ചാ റൂഹ് പരിശുദ്ധ ശരീരത്തെ വിട്ടു പോയതാവണം. സ്വല്ലല്ലാഹു അലാ മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹി വസല്ലം . റബീഅ് എന്നാൽ വസന്തമെന്നർഥം. വസന്തം വർണാഭവും സുഗന്ധ പൂരിതവുമാണ് . പ്രിയ റസൂൽ ,അങ്ങയുടെ സുഗന്ധം ഞങ്ങളുടെ ജീവിതത്തെ വർണാഭമാക്കട്ടെ .

Related Articles