Current Date

Search
Close this search box.
Search
Close this search box.

‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’

സംഘ്പരിവാര്‍ കാലത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ ജീവന്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നാട്ടില്‍. പശുവിന്റെയും പോത്തിന്റെയും പേര് പറഞ്ഞു എപ്പോള്‍ വേണമെങ്കിലും അവരുടെ ജീവനെടുക്കാന്‍ പോലീസ് സംരക്ഷണം നല്‍കുന്ന അവസരങ്ങളും നാം കണ്ടതാണ്. ഏതൊരു മതവും ഭൂമിയില്‍ ചില അടയാളങ്ങള്‍ ബാക്കിയാക്കും.

മുസ്ലിംകളുടെ അടയാളമാണ് പള്ളികള്‍. പള്ളികള്‍ കൂടാതെ മറ്റൊരു നിര്‍മ്മിത അടയാളവും അവര്‍ക്കില്ല. ഒരു പ്രദേശത്തെ മുസ്ലിംകളെ ഒന്നിപ്പിക്കുന്ന ഘടകവും പള്ളികളാണ്. മഹല്ലുകള്‍ എന്ന പേരില്‍ നില നില്‍ക്കുന്ന സാമൂഹിക സംഘടനയുടെ അടിസ്ഥാനം തന്നെ പള്ളികളാണ്. പള്ളികള്‍ കേവലം ആരാധന നടത്താനുള്ള ഇടങ്ങളാക്കി ചുരുക്കി എന്നത് നാം ചെയ്ത തെറ്റ് തന്നെ. മുസ്ലിംകളുടെ എന്ന് മാത്രമല്ല ആ നാട്ടിലെ ഒരു സാസ്‌കാരിക സാമൂഹിക കേന്ദ്രം എന്നത് കൂടി പള്ളികളുടെ സ്ഥാനമാണ്.

മുമ്പ് നല്‍കിയ വിധി പ്രസ്താവത്തെ തിരുത്താനോ കൂടുതല്‍ അംഗ ബെഞ്ചിന് വിടാനോ മൂന്നംഗ ബെഞ്ച് തയാറായില്ല എന്നതിന്റെ നിയമ വശം കൂടി ചര്‍ച്ചയാണ്. അഞ്ചംഗ ബെഞ്ചിന്റെ വിധി പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ചിന് കഴിയുമോ?. സാധാരണ കീഴ്‌വഴക്കം അനുസരിച്ചു അതിലും കൂടിയ ബെഞ്ചാണ് അത് പരിശോധിക്കേണ്ടത്. വ്യക്തി സ്വാതന്ത്രവുമായി ബന്ധപ്പെട്ട കേസുകള്‍ ഒമ്പതംഗ ബെഞ്ചിനും ഏഴംഗ ബെഞ്ചിനും വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. പള്ളികള്‍ ഇസ്ലാമിന്റെ നിര്‍ബന്ധ ഭാഗമല്ല എന്നത് മുസ്ലിം സമുദായത്തിന്റെ മേല്‍ തൂങ്ങി കിടക്കുന്ന വാളാണ്. ഏതു സമയത്തു വേണമെങ്കിലും പള്ളികള്‍ ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയും. ഒരാള്‍ക്ക് ജീവിക്കാന്‍ വീട് അത്യാവശ്യമാണ് എന്നത് പോലും പള്ളിയുടെ കാര്യത്തില്‍ ഉണ്ടാവില്ല എന്നുറപ്പാണ്.

വിധിയില്‍ സംഘ പരിവാര്‍ സന്തോഷം രേഖപ്പെടുത്തി എന്നത് തന്നെ അതിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് മുറ്റത്തു വന്നു നില്‍ക്കെ മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ മാര്‍ഗം എന്നത് കൂടി അവര്‍ മനസ്സില്‍ കാണുന്നു. ബാബരി മസ്ജിദ് ഒരു സിവില്‍ കേസ് മാത്രമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് സാധാരണ നമ്മുടെ നാട്ടില്‍ നടക്കുന്ന അതിരു തര്‍ക്കം പോലെ ഒരു കേസ്. അതിലപ്പുറം ഒരു വിഭാഗത്തിന്റെ ആരാധാനാലയം തകര്‍ത്തു എന്നിടത്തേക്കു വരുമ്പോള്‍ മാത്രമാണ് കേസിനോട് കുറച്ചെങ്കിലും നീതി പുലര്‍ത്താന്‍ കഴിയുക. പള്ളികള്‍ ഒരു വിഷയമല്ല എന്ന് വന്നാല്‍ പിന്നെ ഇതൊരു സ്വത്ത് കേസാണ്. ഒരു സമൂഹത്തിന്റെ നില നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കെ അവരുടെ വിശ്വാസവും ആചാരവും കൂടി ചോദ്യം ചെയ്യപ്പെടുന്നു എന്ന ഗുരുതരമായ സ്ഥിതിയാണ് ഇത്തരം വിധികള്‍ നല്‍കുന്ന സൂചനകള്‍.

പരമു ആമയെ ചുടാന്‍ ശ്രമിക്കുന്നു. ആമ ഇഴഞ്ഞു പുറത്തേക്കു പോകുന്നു. അടുത്ത് തന്നെ ഒരു മുനിയും കുത്തിയിരിക്കുന്നു. ജീവികളെ കൊല്ലല്‍ മുനിക്ക് നിഷിദ്ധമാണ്. കാഴ്ച കണ്ടു മടുത്ത മുനി ഉറക്കെ വിളിച്ചു പറഞ്ഞു ‘ആമയെ ചുടുമ്പോള്‍ മലര്‍ത്തി കിടത്തി ചുടണം.ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’. അടുത്ത ദിവസം നമ്മുടെ ചീഫ് ജസ്റ്റിസ് വിരമിക്കുകയാണ്. വരാനിരിക്കുന്ന നാളുകളില്‍ ബാബരി പള്ളിയുടെ വാദം നടക്കാന്‍ പോകുന്നു. ആമയെ ചുടാന്‍ ചിലര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമായി ഈ വിധിയെ കാണാനാണ് എനിക്ക് താല്പര്യം.

 

Related Articles