“യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)
കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിലിരിപ്പ് ഈ വാചകം വ്യക്തമാക്കുന്നു. യഥാർത്ഥ ഇസ്ലാമിനെ തള്ളിക്കളഞ്ഞ് പകരം പാശ്ചാത്യൻ മതേതരത്വത്തെ സ്വീകരിക്കാൻ സന്നദ്ധമായില്ല എന്നതാണല്ലോ ഹസനുൽ ബന്നാക്കെതിരെയുള്ള ആരോപണം.സയ്യിദ് മൗദൂദിയും ചെയ്തത് അത് തന്നെയാണ്. മതനിരാസപരവും മതനിഷേധരവുമായ പാശ്ചാത്യൻ മതേതരത്വത്തെ തള്ളിപ്പറഞ്ഞുവെന്നതാണത്. കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും ഇതേ മതനിരാസപരവും മതനിഷേധപരവും മതവിരുദ്ധവു മായ മതേതരത്വത്തെയാണ്.
ഈ മതേതരത്വത്തോട് ജമാഅത്തെ ഇസ്ലാമി തീർത്തും വിയോജിക്കുന്നു. നേരത്തെ വിയോജിച്ചതും തള്ളിപ്പറഞ്ഞാലും ഈ മതനിഷേധ മതേതരത്വത്തെ തന്നെയാണ്. മറിച്ച്,ഏതെങ്കിലും മതത്തിന് പ്രത്യേക പ്രാധാന്യം കല്പിക്കാത്ത, എല്ലാ മതങ്ങളോടും തുല്യ സമീപനം സ്വീകരിക്കുന്ന, മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യൻ മതേതരത്വത്തെയല്ല.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി എഴുതിയ പുസ്തകത്തിലാണല്ലോ മതേതരത്വത്തെ വിമർശിക്കുന്നത്. അന്ന് ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷ സങ്കല്പവും രൂപം കൊണ്ടിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് പോലുമില്ല. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി നിരവധി തവണ വ്യക്തമാക്കിയതാണ്.
എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് ആധിപത്യം ലഭിച്ച നാടുകളിലെല്ലാം അവർ നടപ്പാക്കിയത് മതനിരാസപരവും മത നിഷേധപരവുമായ മത വിരുദ്ധവുമായ മതേതരത്വമാണ്. ആരാധനാ കാര്യങ്ങൾ തൊട്ട് കുടുംബ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക,സദാചാര മേഖലകളിലെ വരെ മത നിയമങ്ങളെയും മൂല്യങ്ങളെയും അധ്യാപനങ്ങളെയും തള്ളിക്കളയുകയും തുടച്ചു നീക്കുകയും ചെയ്യുന്ന ഹിംസാത്മക മതേതരത്വമാണത്. കമ്മ്യൂണിസം നിലനിന്നിരുന്ന നാടുകളുടെ ചരിത്രം പരിശോധിക്കുന്ന ഏവർക്കും ഇത് ബോധ്യമാകും. ഹിംസാത്മക മതേതരത്വം സ്വീകരിക്കാൻ സന്നദ്ധമാവാത്തതിനാണല്ലോ കമ്മ്യൂണിസ്റ്റ് ചൈന ഉയിഗൂർ മുസ്ലിംകളെ കൂട്ടക്കശാപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂട്ടക്കൊലക്ക് വിധേയമാകാത്തവർ കൊടിയ പീഢനങ്ങളേറ്റു വാങ്ങി കൽ ചുവരുകളില്ലാത്ത തടവറയിൽ കഴിയേണ്ടി വരുന്നു.
യഥാർത്ഥത്തിൽ സി.പി.എമ്മും മുറുകെപ്പിടിക്കുന്നത് ഇതേ മതനിഷേധ മതേതരത്വമാണ്. കുഞ്ഞിക്കണ്ണൻറെ പ്രസ്താവം തന്നെ അതിനു തെളിവാണ്. ഈ ഹിംസാത്മക മതേതരത്വം നടപ്പാക്കാനാവശ്യമായ അധികാരമില്ലാത്തതിനാലും തുറന്നുപറഞ്ഞാൽ വോട്ട് നഷ്ടപ്പെടുമെന്ന ഭയമുള്ളതിനാലും അത് മറച്ചു വെക്കുന്നുവെന്ന് മാത്രം. എന്നാലും കിട്ടുന്ന അവസരമെല്ലാമുപയോഗിച്ച് അതിനെ പിന്തുണക്കാറുണ്ട്. ശരീഅത്ത് സംവാദവും പലപ്പോഴും സ്വീകരിച്ചുപോന്ന മുസ്ലിം വ്യക്തിനിയമത്തിനെതിരായ സമീപനവും അതാണ് വ്യക്മാതക്കുന്നത്.