Current Date

Search
Close this search box.
Search
Close this search box.

കുടുംബവുമായി കൂടിയിരിക്കാനും സമയം കണ്ടെത്തണം

ഒരു പൊതു പ്രവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത് സമൂഹവുമായും കുടുംബവുമായും ഒരേ പോലെ ബന്ധം നിലനിര്‍ത്തുമ്പോള്‍ മാത്രമാണ്. പ്രവാചകന്‍ ഒരേ സമയം ഈ രണ്ടു ബന്ധങ്ങളും വിജയകരമായി നിലനിര്‍ത്തി. തിരക്ക് കൂടുമ്പോള്‍ സാധാരണ രീതിയില്‍ അധികമാളുകളുടെയും കാര്യത്തില്‍ സംഭവിക്കുക കുടുംബത്തെ അവഗണിക്കുക എന്നതാണ്. മക്കളുമായും മറ്റു കുടുംബാംഗങ്ങളുമായും പതിയെ അകൽച്ച സംഭവിക്കുന്നു. ബന്ധങ്ങള്‍ ചങ്ങല പോലെ എന്നൊരു ഉറുദു പഴമൊഴിയുണ്ട്. കണ്ണികള്‍ ചേര്‍ന്നിരിക്കുമ്പോള്‍ അത് ശക്തമാണ്. കണ്ണികള്‍ പൊട്ടിപ്പോയാല്‍ പിന്നെ  ചങ്ങല ഒരു ഭാരമാണ്.

പ്രവാചകന്റെ ദിന ചര്യകളില്‍ വീടിനും സമൂഹത്തിനും തുല്യ പ്രാധാന്യമായിരുന്നു. പ്രവാചകന്‍ ഭരണാധികാരി കൂടിയായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ തിരക്ക് നമുക്ക് ഊഹിക്കാം. മാത്രമല്ല ചുറ്റുമുള്ള ശത്രു രാജ്യങ്ങളും ഗോത്രങ്ങളും പ്രവാചകനെയും ഇസ്ലാമിക സമൂഹത്തെയും ഇല്ലാതാക്കാന്‍ കൊണ്ട് പിടിച്ച ശ്രമവും തുടങ്ങിയിരുന്നു. ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത അവസ്ഥയാണ്. കൂടാതെ തക്കം പാര്‍ത്തിരിക്കുന്ന കപടന്മാരും സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അതൊന്നും പ്രവാചകന്‍റെ ചര്യകളെ മാറ്റാന്‍ കാരണമായില്ല. ഇപ്പോഴും പ്രവാചകന്‍ വീടുമായുള്ള ബന്ധം ശക്തമായി നിലനിര്‍ത്തി പോന്നു. ഓരോ ഘട്ടം കഴിയുമ്പോഴും പ്രവാചകന്‍ വീട്ടില്‍ പോവുക സാധാരണമാണ്.

പ്രവാചകനെ മാതൃകയാക്കാന്‍ വെമ്പല്‍ കൂട്ടുന്ന സമൂഹം എന്ന നിലയില്‍ വിശ്വാസികള്‍ വീടുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണം. സ്വന്തത്തെ നരകത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട ഖുര്‍ആന്‍ പിന്നെ ആവശ്യപ്പെടുന്നത് കുടുംബത്തെ തീയില്‍ നിന്നും രക്ഷിക്കാനാണ്. കുടുംബത്തിന്റെ ഓരോ ചുവടു വെപ്പിലും ഗൃഹനാഥന്‍ എന്ന നിലയില്‍ പുരുഷന്റെ സാമീപ്യം അനിവാര്യതയായി മാറുന്നു. പ്രവാചക കാലവും നമ്മുടെ കാലവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നമ്മില്‍ പലരുടെയും ജീവിത പ്രശ്നമായി പലര്‍ക്കും വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടി വരുന്നു. ഗള്‍ഫ് ജീവിത കാലത്ത് പ്രത്യേകിച്ചും. അപ്പോള്‍ നാഥനില്ലാതെയാണ്  കുടുംബം മുന്നോട്ടു പോകുന്നത്. കുടുമ്പത്തിന്റെ നാഥന്‍ എന്ന സ്ഥാനത്തു നിന്നും കേവലം സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലേക്ക് പലരും താഴ്ന്നു പോകുന്നു. കുട്ടികളുടെയും കുടുംബത്തിന്റെയും “ തര്ബിയ്യത്തില്‍” കുടുംബനാഥന് ഒരു സ്ഥാനവും ലഭിക്കാതെ പോകുന്നു. അതിനും പരിഹാരം വേണമെങ്കില്‍ സാധ്യമാണ്. ആധുനിക മാധ്യങ്ങള്‍ ഉപയോഗിച്ച് വീടുമായും കുട്ടികളുമായും എങ്ങിനെ ബന്ധം ശക്തമാക്കാം എന്ന രീതി ആലോചിക്കാം.

അതെ സമയം നാട്ടിലുള്ളവര്‍ വീടുകളില്‍ അവരുടെ സാന്നിധ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തണം. എന്ത് കൊണ്ട് പള്ളിയില്‍ വരുന്നില്ല എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം അത്തരം ഒരു സ്വഭാവം കുടുംബനാഥനില്ല എന്നതായിരുന്നു. പലരും നാട്ടില്‍ “ റോള്‍ മോഡല്‍” എന്ന അവസ്ഥയിലേക്ക് വരുമ്പോഴും വീട്ടില്‍ വലിയ “ വട്ടപ്പൂജ്യം” എന്ന നിലയിലാവും. പ്രവാചകന്‍ അവിടെയാണു മാതൃക കാണിച്ചു തന്നത്. പ്രവാചക മരണ ശേഷം പ്രവാചക ഭാര്യമാര്‍ കുറെ കാലം ജീവിച്ചിട്ടുണ്ട്. അവരാരും പ്രവാചക ജീവിതത്തിലെ ഒരു പൊരുത്തക്കേടിനെ കുറിച്ചും സംസാരിച്ചില്ല. എല്ലാ ഭാര്യമാരെയും ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടുക എന്നത് പ്രവാചകന്റെ ദിന ചര്യയായിരുന്നു. അസര്‍ നമസ്കാരത്തിന് ശേഷവും മഗ് രിബ് നമസ്കര ശേഷവും പ്രവാചകന്‍ പൂര്‍ണമായി കുടുംബത്തോടൊപ്പം കഴിച്ചു കൂട്ടിയിരുന്നു.

കുടുംബവുമായി കൂടിയിരിക്കാന്‍ സമയം കണ്ടെത്തുക എന്നത് ഒരു വിശ്വാസിയുടെ അനിവാര്യതയാണ്. കുടുംബവുമായി ചെര്‍ന്നിരിക്കുമ്പോള്‍ ജീവിതത്തിനു ആസ്വാദനം ലഭിക്കുന്നുവെങ്കില്‍ മാത്രമാണ് ജീവിത വിജയം നേടി എന്ന് പറയാന്‍ കഴിയുക. അതെ സമയം പലരുടെയും ആസ്വാദനം വീടിനു പുര്‍ത്താണ്. വീട്ടില്‍ പലരും അതീവ ഗൗരവ പ്രകൃതരാണ്. പ്രവാചകന്‍ കുട്ടികളുമായി ചേര്‍ന്നാല്‍ കുട്ടിയായി മാറിയിരുന്നു എന്നാണു ചരിത്രം. കുട്ടികളെ പട്ടാള ചിട്ട പഠിപ്പിക്കുന്ന ഒരാളായി കുടുംബ നാഥന്‍ മാറിയാല്‍ ആ വീടൊരു ജയിലിനു സമാനമാകും. കുട്ടികളുടെ കളിയും ചിരിയും ബഹളവും ചേരുമ്പോള്‍ മാത്രമാണ് വീടിനു വെളിച്ചം ലഭിക്കുന്നത്. പ്രവാചകനെ എല്ലാ കാര്യത്തിലും അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ പോലും പ്രവാചകന്റെ സ്വഭാവ മഹിമ അമ്ഗീകരിച്ചവരാകില്ല. അതുകൊണ്ടാണ് പലപ്പോഴും വീടും കുടുംബവും നമുക്ക് ഭാരമാകുന്നതും.

Related Articles