Current Date

Search
Close this search box.
Search
Close this search box.

ഗാന്ധിജിയെ സ്മരിക്കുമ്പോള്‍ പറയാനുള്ളത്

gandhi.jpg

മുസ്ലിംകളെ പ്രീണിപ്പിക്കുന്നു എന്നതാണ് ഗോഡ്‌സെക്ക് ഗാന്ധിജിയെ കൊല്ലാന്‍ പറയാനുണ്ടായിരുന്ന കാരണം. പാകിസ്ഥാന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന ഫണ്ട് ഇന്ത്യ പിടിച്ചുവെച്ചപ്പോള്‍ അത് വിട്ടു കൊടുക്കണം എന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ പദ്ധതിയിട്ടിരുന്നു. ഈ സംഭവം കൂടി ഉണ്ടായപ്പോള്‍ ഗോഡ്‌സെക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലത്രെ. വിഭജനം മൂലം വടക്കേ ഇന്ത്യന്‍ മുസ്ലിം സമുദായം തികച്ചും അരക്ഷിതാവസ്ഥയിലായിരുന്ന നാളുകളായിരുന്നു അന്ന്. വര്‍ഗീയ കലാപങ്ങള്‍ നാട്ടില്‍ സാധാരണമായി. സ്വാതന്ത്ര്യത്തിന്റെ സമാധാനം എന്നതിലപ്പുറം വിഭജനം ഉണ്ടാക്കി തീര്‍ത്ത ദുരന്തങ്ങളിലൂടെ നാട് നടന്നു നീങ്ങിയ നാളുകള്‍. പലപ്പോഴും ഗാന്ധിജിയുടെ മുന്നിലുള്ള വിഷയങ്ങള്‍ അത് തന്നെയായിരുന്നു.

നാട് വിട്ടു പോകുമ്പോള്‍ ഇന്ത്യയെ രണ്ടാക്കി മുറിച്ചാണ് അത് സാധ്യമായത്. അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ പറ്റിയ സ്ഥലമല്ല സ്വതന്ത്ര ഇന്ത്യ എന്ന ബോധം ആരോ ഉണ്ടാക്കി വെച്ചിരുന്നു. പഞ്ചാബ്,ബംഗാള്‍ എന്നിവയും ഇതിന്റെ കൂടെ വിഭജിച്ചു. കോടിക്കണക്കിനു മനുഷ്യര്‍ അഭയാര്‍ഥികളായി. ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. രക്തം കട്ടപിടിച്ചു പോയ നാളുകള്‍.

ഒരു പക്ഷെ സ്വാതന്ത്ര സമര കാലത്തേക്കാളും ഗാന്ധിജിയുടെ ജീവിതം സങ്കീര്‍ണമായത് സ്വാതന്ത്ര്യത്തിനു ശേഷമാകും. സംഘ പരിവാര്‍ അന്നും നില കൊണ്ട നിലപാട് മുസ്ലിം വിരുദ്ധത എന്നത് മാത്രമായിരുന്നു. ഗാന്ധിജി ഒരു നല്ല ഹിന്ദു ഭക്തനായിരുന്നു. നല്ല മത വിശ്വാസിയും. ഒരിക്കല്‍ പോലും ഹിന്ദു മതത്തെ അദ്ദേഹം വിമര്‍ശിച്ചില്ല. അതിലെ തൊട്ടുകൂടായ്മയെ വിമര്‍ശിച്ചു എന്നത് ശരിയാണ്. സാമൂഹിക ബോധമുള്ള ഏതൊരാളും ചെയ്യുന്ന കാര്യങ്ങള്‍. മതത്തിന്റെ നല്ല മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രതിഫലിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയം. ആത്മാവ് നഷ്ടമായ രാഷ്ട്രീയം ശവത്തിനു തുല്യം എന്നതാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതും.

ഒരിക്കല്‍ ഒരു പൊതു യോഗസ്ഥലത്തു വെച്ച് സംഘ പരിവാര്‍ ശക്തികള്‍ അദ്ദേഹത്തെ ഗ്രനേഡ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചിരുന്നു. സംഘ പരിവാര്‍ ശക്തികള്‍ കൊന്നു തീര്‍ക്കുക എന്ന പദ്ധതി അന്ന് ആരംഭിച്ചതാണ് എന്ന് സാരം. വിഭജനാന്തരം ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിംകള്‍ക്ക് പൂര്‍ണ സുരക്ഷയാണ് അന്ന് നേതാക്കള്‍ ഉറപ്പു നല്‍കിയത്. അവസാനം വരെ വിഭജനത്തെ എതിര്‍ത്തവരില്‍ ഗാന്ധിജിയും ഉള്‍പ്പെടുന്നു. പക്ഷെ വിഭജനം ഒരു യാഥാര്‍ഥ്യമായാല്‍ അത് അംഗീകരിക്കണം. അതിന്റെ ഭാഗമായി അക്ഷരനാരായവരുടെ കൂട്ടത്തില്‍ കൂടുതലും മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് എന്നത് ഒരു സ്വാഭാവിക സംഭവം മാത്രം. പക്ഷെ അതിനെ ഒരു മാനുഷിക നിലപാടായി കാണാന്‍ സംഘ പരിവാറിന് കഴിഞ്ഞില്ല. അതിനാണ് അവര്‍ ഗാന്ധിജിയെ കൊന്നത്. പ്രാര്‍ത്ഥനക്കു വേണ്ടി അദ്ദേഹം പോകുമ്പോഴാണ് വെടി ഉതിര്‍ത്തത് എന്നാണു പറയപ്പെടുന്നത്. സംഘ പരിവാറും വിശ്വാസവും തമ്മിലുള്ള അന്തരം അതില്‍ നിന്നും ഊഹിക്കാം.

ഗാന്ധിജിയെ കൊന്നത് ഒരു തുടക്കം മാത്രമായിരുന്നു. ഇന്നും അത് തുടരുന്നു. കൃത്യമായ ന്യൂനപക്ഷ വിരുദ്ധത എന്നതിലപ്പുറം മറ്റൊന്നും അവരുടെ അജണ്ടയിലില്ല. മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് എന്ന പല്ലവി തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കിയതില്‍ മുസ്ലിം നേതാക്കളുടെയും അനുയായികളുടെയും പങ്കു സുവിചിതമാണ്. അതെ സമയം ഒരു സംഘ് പരിവാര്‍ നേതാവിന്റെ പേര് കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ മുഗള്‍ ഭരണം നിര്‍ത്തലാക്കി എന്നതിന്റെ പേരില്‍ ചില സംഘ പരിവാര്‍ സംഘടനകള്‍ അടുത്തിടെ ബ്രിട്ടീഷ് ഭരണത്തെ പ്രകീര്‍ത്തിക്കുന്നത് കണ്ടിരുന്നു.

ഒരു കണക്കില്‍ രണ്ടു പേരും പുറത്തു നിന്ന് വന്നവരാണ്. എതിര്‍ക്കുമ്പോള്‍ രണ്ടു പേരെയും ഒരേ പോലെ എതിര്‍ക്കണം. പക്ഷെ അവിടെയും സംഘ പരിവാറിന് വിഷയം മതം തന്നെ. വിശാലതക്കും സഹകരണത്തിനും പകരമായി കുടുസ്സും വിദ്വേഷ്വവും കൈമുതലാക്കി മുന്നേറുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ഇരകളില്‍ ഗാന്ധിജി ഇടം പിടിച്ചത് ഒരു യാദൃശ്ചികതയല്ല. അതൊരു ചൂണ്ടുപലകയാണ്.

ഒരിക്കല്‍ അവര്‍ ഗാന്ധിജിയെ കൊന്നു. ഗാന്ധിജി എന്ന വ്യക്തിയോടുള്ള വിദ്വേഷം കൊണ്ടല്ല. ഗാന്ധിജി നില കൊണ്ട ചിലരോടുള്ള എതിര്‍പ്പ് കാരണം. അവര്‍ ഇന്നും ഗാന്ധിജിയെ കൊന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതവര്‍ സമര്‍ത്ഥമായി നടപ്പാക്കുന്നു. ഭരണകൂടങ്ങളും അവര്‍ക്കു തണലേകുമ്പോള്‍ അവര്‍ക്ക് ആരെയും ഭയക്കാതെ മുന്നേറാം. ഗാന്ധിജി കൊല്ലപ്പെട്ട ദിനം എന്നതിനേക്കാള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരേണ്ടത് കൊലയാളിയുടെ രാഷ്ട്രീയമാണ്. അത് ഇന്ത്യന്‍ മണ്ണില്‍ നിന്നും തുടച്ചു നീക്കുമ്പോള്‍ മാത്രമാണ് ഗാന്ധിയുടെ ഘാതകര്‍ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടുക.

Related Articles