Current Date

Search
Close this search box.
Search
Close this search box.

പള്ളി പരിപാലനം മാത്രമാണോ മഹല്ല് പ്രവര്‍ത്തനം ?

mahallu3.jpg

മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള ഒരു മഹല്ലിലാണ് അലി താമസിക്കുന്നത്. പലിശ വ്യാപാരികളുടെ ശക്തമായ സ്വാധീനവും ഇവിടെയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയവുമായി അലി ഒരു സര്‍വേ നടത്താന്‍ തീരുമാനിച്ചു. തികച്ചും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കാണാന്‍ സാധിച്ചത്. പലിശ വ്യാപാരികള്‍ കൂടുതലായി നിലയുറപ്പിച്ചിരിക്കുന്നത് പാവപ്പെട്ടവരുടെ ഇടയിലാണ്. അമ്പതിനായിരം രൂപയ്ക്കു മാസം അയ്യായിരം രൂപ പലിശ കൊടുക്കുന്നവരെ നേരില്‍ കണ്ടപ്പോള്‍ മാത്രമാണ് അലിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായതും.

മതപരം എന്ന പേരില്‍ എല്ലാ പുതിയ ആചാരങ്ങളും ആ മഹല്ലില്‍ സാധാരണയാണ്. ദീനീ പ്രവര്‍ത്തനം എന്നത് ആരാധനകള്‍ മാത്രമായി തീരുന്ന കാലം. മുസ്ലിം സമുദായത്തിന്റെ ദൈന്യംദിന ജീവിതത്തില്‍ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദീനീ പ്രവര്‍ത്തനം കൊണ്ട് കാര്യമായ ഗുണം ലഭിച്ചതായി മനസ്സിലാവുന്നില്ല. ദിക്ര്‍ സദസ്സുകളും മൗലീദ് പാരായണവും അന്നദാനവും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ഭക്തി എന്ന പേരില്‍ പല മഹല്ലുകളിലും പുതിയ അനാചാരങ്ങള്‍ ദിനേന മുളച്ചു വരുന്നു. പുണ്യം തേടി ഭക്തന്മാര്‍ നീണ്ട വരി നില്‍ക്കുന്നതും നാം കാണുന്നു. പക്ഷെ അവരുടെ ഇസ്ലാമിക ജീവിതത്തിനു ഇതൊന്നും മതിയാവുന്നില്ല എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

നമ്മുടെ മഹല്ലുകള്‍ എന്തെടുക്കുകയാണ്. പള്ളി പരിപാലനം മാത്രമായി ചിലയിടത്ത് മഹല്ല് പ്രവര്‍ത്തനം മാറുന്നു. ചിലയിടത്ത് കൂട്ടത്തില്‍ നേരത്തെ പറഞ്ഞത് പോലെ ചില അനാചാരങ്ങളും കൂട്ടി ചേര്‍ക്കുന്നു. മുസ്ലിം സമുദായത്തിന്റെ ഇഹപര വിജയം മുന്നില്‍ കണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന മഹല്ലുകള്‍ നാട്ടില്‍ വളരെ കുറവാണ്. മഹല്ലിലെ പൊതു ജനത്തിന്റെ ജീവതവുമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഒരു ബന്ധവുമില്ല തന്നെ. പലിശയുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുന്നവരെ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു മാര്‍ഗവും അവരുടെ മുന്നിലില്ല. രോഗികള്‍,അഗതികള്‍ എന്നിവരുടെ കാര്യത്തിലും അവര്‍ക്കൊരു നിലപാടില്ല. പലപ്പോഴും ഭിക്ഷ യാചിക്കാന്‍ കത്ത് കൊടുക്കുക എന്നത് മാത്രമായി പല പ്രവര്‍ത്തനവും ചുരുങ്ങുന്നു.

മുസ്ലിം സമുദായത്തില്‍ മത സംഘടനകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഒരു മാറ്റം കാണുന്നില്ല. മത സംഘടനകള്‍ മതപരമായ കാര്യങ്ങള്‍ നടത്തുന്ന തിരക്കിലാണ്. അവര്‍ക്ക് ജനത്തിന്റെ ജീവിതം ഒരു വിഷയമല്ല. ഒരു തലക്കല്‍ സംഘടനകള്‍ തമ്മില്‍ ആരാണ് ശരി എന്നതില്‍ സംവാദം നടക്കുമ്പോള്‍ മറ്റൊരിടത്ത് നമ്മുടെ യുവാക്കള്‍ മോശപ്പെട്ട വഴികളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മദ്യം,മയക്കു മരുന്ന്,പലിശ,അനാശ്യാസം,ഗുണ്ടായിസം, കളവ്, പിടിച്ചുപറി എന്നിവ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകനെ കുറിച്ച് പറഞ്ഞത് കേവലം മതം പഠിപ്പിക്കുന്നവന്‍ എന്നല്ല വിശ്വാസത്തോടെ വിജ്ഞാനവും അതോടൊപ്പം സംസ്‌കാരവും പഠിപ്പിക്കുന്നവന്‍ എന്നും അതിനു അര്‍ത്ഥമുണ്ട്. വിശ്വാസം വര്‍ധിച്ചാല്‍ അതിന്റെ കൂടെ മറ്റു രണ്ടും വര്‍ധിക്കണം. ഇല്ലെങ്കില്‍ വിശ്വാസം വര്‍ധിക്കുന്നില്ല എന്ന് മനസ്സിലാക്കണം. കേവലം ആരാധന നിബിഡമായ ഒരു ജീവിതമല്ല ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അത് മനുഷ്യന്റെ ഇഹപര ജീവിതത്തിനു ഒരേ പോലെ ഊന്നല്‍ നല്‍കുന്നു. സമൂഹത്തിന്റെ ഇഹലോകം മറന്നു പരലോകത്തെ കുറിച്ച് പറയുന്നത് കാപട്യമാണ്. മുസ്ലിം സംഘടനകള്‍ സമൂഹത്തിന്റെ ദൈന്യം ദിന ജീവിതത്തിലേക്ക് കൂടി കടന്നു വരണം. അവര്‍ എങ്ങിനെ ജീവിക്കുന്നു എന്നത് കൂടി അവരുടെ വിഷയമാകണം.

ഭാരങ്ങള്‍ ഇറക്കി വെക്കുന്നവന്‍ എന്നും പ്രവാചകനെ കുറിച്ച് പറയാറുണ്ട്. ആ പണിയാണ് മുസ്ലിം സംഘടനകള്‍ ചെയ്യേണ്ടത്. മഹല്ല് കമ്മിറ്റികളും സംഘടനകളും ഒന്നിച്ചു ചേര്‍ന്ന് ചെയ്യേണ്ട കാര്യം.

Related Articles