Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ അനുസരിക്കലാണ് യഥാര്‍ത്ഥ പ്രവാചക സ്നേഹം

വിശ്വാസികള്‍ക്ക് പ്രവാചകന്‍ സ്വന്തത്തെക്കാള്‍ അടുത്താണ് എന്ന ഖുര്‍ആന്‍ വചനത്തിന്റെ വിശദീകരണത്തില്‍ ഇങ്ങിനെയും കാണാം. ഈ ലോകത്തും പരലോകത്തും വിശ്വാസികള്‍ക്ക് ഏറ്റവും സമീപത്താണ് പ്രവാചകന്‍. വിശ്വാസികളുടെ ജീവിതവുമായി പ്രവാചകന്‍ മുഹമ്മദ്‌ നബി ചേര്‍ന്ന് നില്‍ക്കുന്നത് പോലെ ഒരാള്‍ മറ്റൊരാളോട് ചേര്‍ന്നു നില്‍ക്കുന്നില്ല. വിശ്വാസിയുടെ ജീവിതത്തിന്റെ ഗതിയും വഴിയും നിര്‍ണയിക്കുന്നത് പ്രവാചകനാണ്‌. താന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് അല്ലാഹുവും പ്രവാചകനും എന്ത് പറഞ്ഞു എന്നന്വേഷിക്കുക എന്നത് വിശ്വാസിയുടെ കടമയാണ് എന്നും നാം മനസ്സിലാക്കുന്നു. വിശ്വാസിയുടെ അഭിപ്രായം രൂപപ്പെടെണ്ടത് അല്ലാഹുവില്‍ നിന്നും പ്രവാചകനില്‍ നിന്നുമാകണമെന്നു സാരം.

പ്രവാചകന്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണു എന്നത് കൊണ്ട് തന്നെ ഒരു ദിനത്തിലോ മാസത്തിലോ അത് അവസാനിക്കില്ല. പ്രവാചക സ്നേഹത്തിന്റെ മാര്‍ഗത്തില്‍ നമുക്ക് പരിചിതമായതും പ്രവാചകന്‍ പഠിപ്പിച്ചതും അത് തന്നെയാണ്. തന്നെക്കാള്‍ എന്നെ സ്നേഹിക്കണം എന്ന് ഉമര്‍ ഫാരൂഖിനോട് പ്രവാചകന്‍ പറഞ്ഞതിന്റെ അര്‍ത്ഥവും അത് തന്നെ. പ്രവാചകനെ കുറിച്ച് പറയുമ്പോള്‍ ആദ്യമായി കടന്നു വരുന്നത് “ അടിമ” എന്ന സംജ്ഞയാണ്. മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണ്‌ എന്നതിന് മുമ്പ് പറയുന്നതും അല്ലാഹുവിന്റെ അടിമ എന്ന പദം കടന്നു വരുന്നു. അല്ലാഹുവിന്റെ അടിമയാകുക എന്നതാണ് ഒരു വിശ്വാസിക്ക് ഭൂമിയില്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന വലിയ പദവി. പ്രവാചകന്മാര്‍ ആ പദവി ലഭിച്ചവരാണ്. തന്റെ ഉടമയെ പൂര്‍ണമായി അനുസരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുക എന്നതാണ് വിശ്വാസത്തിന്റെ പൂര്‍ണതയുടെ മാനം.

അനുസരമാണ് വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന്. ജീവിതത്തെ പ്രവാചക മാതൃകയില്‍ വാര്‍ത്തെടുക്കുക എന്നതാണ് പ്രവാചക അനുസരനത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനം. ജീവിതത്തില്‍ അത്തരം അനുസരണവും സ്നേഹും കൊണ്ടാണ് സഹാബികള്‍ പ്രവാചകനെ സ്നേഹിച്ചത്. പ്രവാചകന്റെ മരണ ശേഷം ഒരിക്കല്‍ അബൂബക്കറും ( റ) ഉമറും ( റ ) ഉമ്മു അയ്മനെ കാണാന്‍ പോയ സംഭവം ഇങ്ങിനെ വിവരിക്കുന്നു. ഇവരെ കണ്ടപ്പോള്‍ ഉമ്മു അയ്മന്‍ കരഞ്ഞു “ അല്ലഹുവിനടുത്തു പ്രവാചകന് ഏറ്റവും നല്ലതാണ് ഉണ്ടാകുക എന്നരിയെ പിന്നെന്തിനാണ് താങ്കള്‍ കരയുന്നത്” എന്ന ചോദ്യത്തിനു ഉമ്മു അയ്മന്‍ നല്‍കിയ മറുപടി “ അതെനിക്കറിയാം , ആകാശ ലോകത്ത് നിന്നും വഹിയ് നിലച്ചു പോയല്ലോ “ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്” എന്നായിരുന്നു.

തങ്ങളുടെ ജീവിതത്തെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ഇല്ലാതായി പോയി എന്നതാണ് സഹാബതിനെ വിഷമിപ്പിച്ചത്. അല്ലാഹുവും റസൂലും കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു സുരക്ഷിതത്വം പ്രവാചക വിയോഗത്തോടെ നഷ്ടമാകുന്നു എന്ന ഭയം.

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നതില്‍ വിശ്വാസികള്‍ പലപ്പോഴും പിറകിലാണ്. ആരാധന കാര്യത്തില്‍ ഈ അനുസരണം കാത്തു സൂക്ഷിക്കുന്നവര്‍ പോലും ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ഈ അനുസരണം കാത്തു സൂക്ഷിക്കുന്നില്ല. അത് കൊണ്ട് തന്നെയാണു പലപ്പോഴും പ്രവാചകന്‍ തെറ്റിദ്ധരിക്കപ്പെടുന്നതും. സ്വന്തം ഇച്ചയെ അല്ലാഹുവിനും പ്രവാചകനും സമര്‍പ്പിക്കുക എന്നതാണ് എന്നെ സ്നേഹിക്കണം എന്നതു കൊണ്ട് പ്രവാചകന്‍ ഉദ്ദേശിച്ചത്. മനുഷ്യരെ പലപ്പോഴും നയിക്കുന്നത് മനസ്സില്‍ മുളച്ചു പൊന്തുന്ന ഇച്ചകലാണ്. എന്റേത് എന്നതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നിടത്താണ് സഹാബികള്‍ വിജയിച്ചത്. അത് കഴിയുന്നില്ല എന്നിടത്താണ് പലരും പരാജയപ്പെടുന്നതും. അവിടെയാണ് അല്ലാഹുവിന്റെ അടിമ എന്നതിന്റെ പ്രസക്തിയും ഉയര്‍ന്നു വരുന്നത്.

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവര്‍ക്കാണ് അള്ളാഹു സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നത്. മനസ്സില്‍ ഉണ്ടാകാനിടയുള്ള കാപട്യത്തെ ഇല്ലാതാക്കാന്‍ മറ്റൊരു വഴിയില്ല. അനുസരണം സ്നേഹത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഉടലെടുക്കും. പ്രവാചക സ്നേഹത്തില്‍ നിന്ന് വേണം അനുസരണത്തിന്റെ വിത്ത്‌ മുളക്കാന്‍. അത്രമാത്രം അനുയായികള്‍ പ്രവാചകനെ സ്നേഹിച്ചു. മനസ്സില്‍ കാപട്യമുണ്ടായിരുന്നവര്‍ പ്രവാചകനെ സ്നേഹിച്ചത് തങ്ങള്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്താലായിരുന്നു. അത് കൊണ്ട് തന്നെ പ്രവാചകന്റെ വിയോഗത്തില്‍ അത്തരക്കാരുടെ നിലപാടുകള്‍ പെട്ടെന്ന് പുറത്തു വരികയും ചെയ്തു.

നാം പ്രവാചകനെ കാണാതെയാണ് സ്നേഹിക്കുന്നത്. അവരെ കുറിച്ചാണ് എന്റെ സഹോദരങ്ങള്‍ എന്ന് പറഞ്ഞതു. പ്രവാചകനെ അനുസരിച്ച് കൊണ്ട് മാത്രമേ ആ സ്നേഹം നമുക്ക് തെളിയിക്കാന്‍ കഴിയൂ. അത് തീരുമാനിക്കേണ്ടത് സമൂഹമല്ല സ്വന്തം മനസ്സാക്ഷി തന്നെയാണ്.

Related Articles