Columns

തുര്‍ക്കി നല്‍കുന്ന പാഠങ്ങള്‍

അവസാനം തുര്‍ക്കി നേതൃത്വം തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയിരിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെയും മറ്റു നേതാക്കന്മാരുടെയും മേഖല-ലോക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ വിലയിരുത്തുന്നവര്‍ക്ക് പല കാര്യങ്ങളും വായിച്ചെടുക്കാന്‍ സാധിക്കും. 2001 ആഗസ്ത് 14നു രൂപീകരിക്കപ്പെട്ട ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി, ജനാതിപത്യം ഇഷ്ടപ്പെടാത്ത അറബ് ഭരണാധികാരികള്‍ക്കും, ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ കപട സംസാരം നടത്തുന്ന പടിഞ്ഞാറിനും ഒരുപോലെ അനിഷ്ടകരമായിരുന്നു എന്ന കാര്യം ഏവര്‍ക്കും സുപരിചിതമാണ്. എന്തുകൊണ്ട് തുര്‍ക്കിയെ പടിഞ്ഞാറും അറബ് ലോകവും (ജനങ്ങളല്ല ഭരണകൂടങ്ങള്‍) ഇഷ്ടപ്പെടുന്നില്ല ?.

പല കാര്യങ്ങളും ഉണ്ടാകാം വിലയിരുത്തപ്പെടാം, പക്ഷെ ഇവിടെ സൂചിപ്പിക്കാന്‍ പോകുന്നത് അടിസ്ഥാനപരമായ ചില കാര്യങ്ങളാണ്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഉദ്ദേശിക്കാത്ത, ആഗ്രഹിക്കാത്ത രൂപത്തില്‍ ഇസ്ലാമിനെ പ്രായോഗിക രംഗത്ത് സമര്‍പ്പിച്ചു എന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. ഭൗതിക പുരോഗതി, വികസനം, സൈനിക ശക്തി, ബൗദ്ധിക വളര്‍ച്ച, വൈജ്ഞാനിക സാങ്കേതിക മേഖലകളിലെ മുന്നേറ്റം തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും പടിഞ്ഞാറാണ്, മറ്റുള്ള ആളുകള്‍ക്ക് ആ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന അബദ്ധജടിലമായ സങ്കല്‍പ്പം തുര്‍ക്കി പ്രായോഗിക രംഗത്ത് ഇല്ലാതാക്കി എന്നതാണ് സത്യം.

മുല്ലമാര്‍ ആയുധങ്ങള്‍ എടുത്തപ്പോള്‍ തുര്‍ക്കി വൈജ്ഞാനിക ശക്തിയെയും ബുദ്ധിയെയും അവലംബിച്ചു എന്നര്‍ത്ഥം. പുരോഗതിയും വികസനവും ഉണ്ടാകണമെങ്കില്‍ മത മൂല്യങ്ങളെ പാടെ വലിച്ചെറിയണം എന്ന സങ്കല്‍പ്പമാണ് തുര്‍ക്കി അട്ടിമറിച്ചത്. ഇവിടെ കാലഘട്ടത്തിന്റെ ഒരു ഇജ്തിഹാദാണ് തുര്‍ക്കി നേതൃത്വം ചെയ്തത്, പക്ഷെ ഇത് ഇസ്ലാമിന്റെ ശത്രുക്കളുടെ ആശയവല്‍ക്കരണ കെണിയില്‍ അറിഞ്ഞോ അറിയാതെയോ പെട്ട പാവം മുസ്ലിം ഉമ്മത്തിന് മനസ്സിലാവില്ല. വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസികളുടെ വിശ്വാസത്തിന്റെ കൂടെയുണ്ടാകണം എന്ന് പടച്ചവന്‍ പറഞ്ഞ സല്‍കര്‍മ്മം എന്നതിന്റെ ആധുനിക ഇജ്തിഹാദാണ് തുര്‍ക്കി നേതൃത്വം പ്രായോഗിക രംഗത്തേക്ക് കൊണ്ടുവന്നത്.

عمل صالح എന്ന പദത്തിന്റെ അര്‍ഥം എന്താണ്. صالح എന്ന പദത്തിന്റെ അര്‍ഥം യോജിച്ച, അനുയോജ്യമായ എന്നര്‍ത്ഥം. മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ഏറ്റുമുട്ടാത്ത, കാലഘട്ടത്തിന്റെ യോജിച്ച പ്രവര്‍ത്തനമാണ് عمل صالح എന്നതുകൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തങ്ങളില്‍ നിന്ന് ഏവര്‍ക്കും അവരുടെ ഭാവി ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇസ്ലാം മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട ഒരു ദൈവിക ദര്‍ശനമാണ് എന്ന കാഴ്ചപ്പാട് ഖുര്‍ആനില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ലോകത്തുള്ള എല്ലാവരെയും ഇസ്‌ലാമിലേക്ക് കൊണ്ടുവരിക എന്നത്, ഒരു കാലത്തും അതിന്റെ ലക്ഷ്യം ആയിരുന്നില്ല. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപെട്ട ഉത്തമ സമൂഹമാണ് എന്നതിലെ ‘ജനങ്ങള്‍ക്ക് വേണ്ടി’ എന്നത് വിശാലമായ ഒരു ആശയമാണ് നമ്മുടെ മുമ്പില്‍ വെക്കുന്നത്.

തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്കും പലതും ഉള്‍കൊള്ളാന്‍ സാധിക്കും. ഖുര്‍ആനില്‍ വിവരിക്കപ്പെട്ട മൂസാ നബിയുടെയും യൂസുഫ് നബിയുടെയും ചരിത്രങ്ങള്‍, കേവല ചരിത്ര പാരായണത്തില്‍നിന്നു ഭിന്നമായി പാരായണം നടത്തുന്നവര്‍ക്ക് പല ചിന്തകളും ആശയങ്ങളും ലഭിക്കും. തുര്‍ക്കി ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഉള്‍കൊള്ളാന്‍ അത് മാത്രം മതി, പക്ഷെ ഇസ്ലാമിന്റെ സമഗ്രത മനസ്സിലാക്കി ഉള്‍ക്കാഴ്ചയോടെയായിരിക്കണം പഠനം എന്ന് മാത്രം. പരിമിത വാദികള്‍ക്ക് കേവല വായനയിലൂടെ ഒന്നും ലഭിക്കില്ല. തുര്‍ക്കിയുടെ നീക്കങ്ങളിലും നയങ്ങളിലും പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും മാതൃക ഉണ്ട്, തീര്‍ച്ച. അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

Facebook Comments
Related Articles
Show More

Check Also

Close
Close
Close