Columns

മലേഷ്യയിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്

അവസാന കണക്കു പ്രകാരം 62 ശതമാനമാണ് മലേഷ്യയിലെ മുസ്ലിം ജനസംഖ്യ. ആറു ശതമാനം മാത്രമാണ് ഹിന്ദു ജനസംഖ്യ, ഒരു ശതമാനാണ് ചൈനീസ് നാടോടി മതം. ആ നാട്ടിലാണ് ഒരു മുസ്ലിം പ്രഭാഷകന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ പറഞ്ഞ ന്യൂനപക്ഷമായ മതക്കാരെ അവമതിക്കുന്ന രീതിയിലുള്ള ഒരു പ്രയോഗം സാകിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ വന്നു എന്നതാണ് കാരണം. അന്യ മതസ്ഥരെ മോശമായി ചിത്രീകരിക്കുന്ന ഒന്നും സമ്മതിക്കില്ലെന്നത് മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാട് മാത്രമല്ല അവര്‍ അത് നടപ്പാക്കി കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

നമ്മുടെ നാടിനും ഈ നിലപാടില്‍ നിന്നും പലതും പഠിക്കാനുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങളും ദളിതരും ഏല്‍ക്കേണ്ടി വരുന്ന ഒരുപാട് ദുരന്തങ്ങളുണ്ട്. മറ്റു മതങ്ങളെ ആദരിക്കണമെന്നും അവരുടെ വിശ്വാസവും ആചാരങ്ങളും തടസ്സപ്പെടുത്തരുതെന്നും ഭരണഘടന പറയുന്നുണ്. പക്ഷെ പ്രായോഗിക തലത്തില്‍ നമുക്കു ഈ വിഷയത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. മുസ്ലിം നാടുകളില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ ഒരുപാട് ജോലി ചെയ്യുന്നു. പ്രത്യേകിച്ച് അറബ് നാടുകളില്‍. നമ്മുടെ നാട്ടിലെ പോലെ ഒരു അവസ്ഥയും ഒരിക്കലും ഒരാളും അവിടങ്ങളില്‍ നേരിടേണ്ടി വന്നിട്ടില്ല എന്നുറപ്പാണ്. കാരണം സര്‍ക്കാരുകള്‍ പക്ഷപാതിത്വമില്ലാതെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നത് തന്നെ.

നമ്മുടെ നാട്ടില്‍ മാത്രമാണ് പലപ്പോഴും കാര്യങ്ങള്‍ തലതിരിഞ്ഞു പോകുന്നത്. അതും അടുത്ത കാലത്തായി തുടങ്ങിയതും. ഹിന്ദുത്വ ശക്തികള്‍ അധികാരത്തില്‍ വന്നത് മുതല്‍ നാം കാണുന്ന ഒന്നാണ് ഉത്തരവാദത്വപ്പെട്ട ആളുകള്‍ തന്നെ മതവിദ്വേശ്വം പ്രചരിപ്പിക്കുന്നത്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇവിടുത്തെ പ്രധാനമന്ത്രിയെക്കാള്‍ താല്പര്യം മോദിയോടാണ് എന്ന പ്രയോഗം വളരെ ഗൗരവമായാണ് അവിടുത്തെ സര്‍ക്കാര്‍ കണ്ടത്. ഒരു ജനതയുടെ ദേശസ്‌നേഹവും ആത്മാര്‍ത്ഥതയും അളക്കാന്‍ മറ്റൊരാള്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഹിന്ദുക്കളല്ലാത്തവര്‍ ഇന്ത്യയിലേക്ക് കടന്നു വന്നവരാണ് അവര്‍ ഇന്ത്യ വിട്ടു പോകണം എന്ന ആക്രോശവും പല ഭാഗത്തു നിന്നും നാം പലപ്പോഴും കേട്ടതാണ്. അതൊന്നും നമ്മുടെ സര്‍ക്കാരുകള്‍ കേട്ടെന്നു വരില്ല. ചൈനീസ് വംശജരുടെ മലേഷ്യലിലേക്കുള്ള വരവിനെ ചോദ്യം ചെയ്ത നായിക്കിന്റെ ശക്തമായി തിരുത്താനാണ് അവിടുത്തെ സര്‍ക്കാര്‍ ധൃതി കാണിച്ചത്. അതിന്റെ പേരില്‍ മലേഷ്യയില്‍ ഒരിടത്തും പ്രഭാഷണം നടത്താന്‍ പാടില്ല എന്നാണു സര്‍ക്കാര്‍ തീരുമാനം. പക്ഷെ നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ. പലരുടെയും ദേശ സ്‌നേഹം ചോദ്യം ചെയ്യല്‍ മറ്റു ചിലരുടെ ഹോബിയാണ് . അത്തരക്കാരെ ശക്തമായി നേരിടുന്നു എന്നതാണ് നേരത്തെ പറഞ്ഞ രാജ്യങ്ങളിലെ അവസ്ഥ. അതെ സമയം അത്തരക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവിടെ നാം അനുഭവിക്കുന്നതും.

അതിന്റെ തെളിവായി ഒരു പാട് സംഭവങ്ങള്‍ നമുക്ക് നിരത്താന്‍ കഴിയും. ഭയപ്പെടുത്തി ഒപ്പം കൂട്ടുക എന്ന നിലപാടാണ് ഈ വിഷയത്തില്‍ സര്‍ക്കാരും സംഘ പരിവാറും ആഗ്രഹിക്കുന്നത്. അടുത്തിടെ നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും ഈ തിന്മയോടു ചേര്‍ന്ന് നില്‍ക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. പഹ്‌ലുഖാന്‍ വിധി അതിന്റെ ഒന്നാം തരം തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഒരു രാജ്യത്തെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ മാത്രമാണ് രാജ്യം ശക്തമാകുക. അതെ സമയം പലരെയും ജന്മനാ തന്നെ ശത്രുക്കളായി പ്രഖ്യാപിച്ച ശക്തികളാണ് നാട് ഭരിക്കുന്നത്. കിട്ടിയ സമയം ഉപയോഗിച്ച് തങ്ങളുടെ ആഗ്രഹം നടത്താന്‍ ശ്രമിക്കുക എന്നതാണ് അവര്‍ കണ്ട വഴിയും. പശുവിനെയും പോത്തിന്റെയും പേരില്‍ തല്ലിക്കൊന്ന കൊലയാളികള്‍ക്കു നമ്മുടെ നാട്ടില്‍ എന്ത് കൊണ്ട് ആദരം കിട്ടുന്നു ചോദിച്ചാല്‍ മറുപടിക്കു വേറെ പോകേണ്ടി വരില്ല.

സര്‍ക്കാരിന് മുന്നില്‍ നാട്ടിലെ ജനത്തിനേ ഒരേ രീതിയിലെ കാണാന്‍ കഴിയൂ. നാട്ടുകാരന്‍ എന്ന നിലയില്‍ എല്ലാവരുടെയും നാട്ടില്‍ ജീവിക്കാനുള്ള അവകാശം തുല്യമാണ്, അതില്‍ വിശ്വാസവും മതവും കയറി വരാന്‍ പാടില്ല. അതാണ് മലേഷ്യന്‍ സര്‍ക്കാര്‍ ചെയ്തത്. തങ്ങളുടെ ജനതയുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്ന ഉറച്ച നിലപാടാണ് നാം നേരില്‍ കണ്ടതും. ഭൂരിപക്ഷമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അത് നീതിയും ഭരണ ഘടനയുമാണ്. അതിനെ ബഹുമാനിക്കുന്നവര്‍ അധികാരത്തില്‍ വരിക എന്നത് മാത്രമാണ് ഈ അവസ്ഥക്കുള്ള പ്രതിവിധിയും. അത് കൊണ്ടാണ് നാം മറ്റുള്ളവരില്‍ നിന്നും ഭിന്നരാകുന്നതും.

Author
as
Facebook Comments
Related Articles
Show More

Check Also

Close
Close
Close