Columns

നവോത്ഥാന സംരക്ഷണവും ഇടതുപക്ഷവും

ഒരിക്കല്‍ ഒരാള്‍ തെറ്റ് ചെയ്തു എന്ന് കരുതി അയാളെ കുറ്റക്കാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ചെയ്തു പോയ തെറ്റില്‍ പശ്ചാതപിച്ചാല്‍ തെറ്റ് പൊറുക്കപ്പെടും. പക്ഷെ അയാള്‍ തെറ്റില്‍ നിന്നും മാറി നില്‍ക്കുന്നു എന്ന് ജനത്തിന് ബോധ്യമാകണം. നവോത്ഥാനം ഒരു സമൂഹവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല എന്ന് നമുക്കറിയാം. അത് കേരള സമൂഹത്തെ മൊത്തമായി കുറിക്കുന്ന വചനമാണ്. പക്ഷെ കേരള നവോത്ഥാന വീണ്ടെടുപ്പില്‍ ഹിന്ദുക്കള്‍ മാത്രം മതി എന്ന പിണറായി സര്‍ക്കാരിന്റെ കണ്ടെത്തല്‍ അക്കാരണം കൊണ്ട് തന്നെ ഒരു അപചയമാണ്.

സ്വന്തം സമുദായം നന്നാകണം എന്ന് വിശ്വസിക്കുന്നത് തെറ്റല്ല. പക്ഷെ അത് മറ്റൊരു സമൂഹം തകര്‍ന്നു കൊണ്ട് വേണം എന്ന കണ്ടെത്തലാണ് അതില്‍ പാടില്ലാത്തത്. നവോത്ഥാനം ഒരു തുറന്ന പുസ്തകമാണ്. അതിനു നേതൃത്വം നല്‍കുന്നവരുടെ മനസ്സും വിശാലമാകണം.

ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാം മതം വിശ്വസിച്ചു എന്നതിന്റെ പേരില്‍ അവരെ കൊന്നു കളയാന്‍ പോലും ആഹ്വാനം ചെയ്തയാള്‍ നവോത്ഥാനത്തിനു ചുക്കാന്‍ പിടിക്കുന്ന കാലത്ത് എന്താണ് നവോത്ഥാനം എന്ന ചോദ്യം ഒരിക്കല്‍ കൂടി ഉയര്‍ന്നു വരും. കേരള നവോത്ഥാനം ഇപ്പോള്‍ തിരിച്ചു നടക്കുകയാണു. അത് ഒരു മേഖലയില്‍ മാത്രമല്ല, ഒരു സമുദായത്തില്‍ മാത്രമല്ല എന്ന് കൂടി പറയണം. ജാതി വ്യവസ്ഥ കെട്ടിപ്പൊക്കിയ വേലികളെ മതത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് കേരള സമൂഹം മറികടന്നത്. ജാതിയുടെ ഇരുമ്പു മറകള്‍ തകര്‍ത്താണ് ഹിന്ദു സമൂഹത്തില്‍ നവോത്ഥാനം കടന്നു വന്നത്. അതെ സമയം പൗരോഹിത്യത്തിന്റെ ഇരുമ്പു മറകള്‍ തകര്‍ത്താണ് മുസ്ലിം സമുദായത്തിലേക്ക് അത് കടന്നു വന്നത്.

ബാബറി പള്ളി പൊളിക്കാന്‍ പോയതില്‍ അഭിമാനം കൊള്ളുന്ന വ്യക്തിയെ നവോത്ഥാന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊണ്ട് വന്നു എന്നത് തന്നെ പരിഹാസ്യമാണ്. ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനം ഇവരിലൂടെ എന്ന് വന്നാല്‍ അത് ഹിന്ദുക്കള്‍ക്ക് അപമാനമാണ്. അന്യ മതക്കാരെ ഒരു നിലക്കും അംഗീകരിക്കാത്തയാളെ തന്നെ പുതിയ നവോത്ഥാന കൂട്ടായ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ട് വരണം എന്നത് ആരുടെ നിര്‍ബന്ധമാണ്. ആര്‍ എസ് എസിനെ പ്രസ്തുത കൂട്ടായ്മയിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും കുറ്റം പറയില്ല. കാരണം ഇപ്പോള്‍ തന്നെ ചിലരുടെ പ്രഖ്യാപനങ്ങള്‍ സംഘ പരിവാറിനു തുല്യമാണ്. വാസ്തവത്തില്‍ എന്താണ് പിണറായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംഘ പരിവാറിനെ മാറ്റി നിര്‍ത്തണം,ഒറ്റപ്പെടുത്തണം എന്നത് ശരിയാണ്. പക്ഷെ അത് അതിലും വിഷമുള്ളവരെ ഒപ്പം കൂട്ടിയാകരുത്.

ഹാദിയ വിഷയം ഇന്ത്യന്‍ ജുഡീഷ്യറി കൈകാര്യം ചെയ്തത് ഒരു വ്യക്തിപരമായ വിഷയം എന്ന രീതിയിലാണ്. കേരളത്തില്‍ തന്നെ ഒരുപാട് പേര്‍ അങ്ങോട്ടും ഇങ്ങോട്ടും മതവും വിശ്വാസവും മാറുന്നു. അതെ സമയം കേരള ഹൈക്കോടതി ഭരണ ഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ഇടപെട്ടു എന്നതാണ് ഹാദിയ വിഷയം. അതിന്റെ പേരില്‍ പിതാവിന് മകളെ കൊല്ലാന്‍ അവകാശമുണ്ട് എന്നൊക്കെ എഴുതി പിടിപ്പിച്ച വ്യക്തി നവോത്ഥാനത്തിന്റെ നായകനായി വരുന്നു എന്നതില്‍ ഇടത് സര്‍ക്കാരിനും സഖാക്കള്‍ക്കും ഒരു മനക്കുത്തുമില്ല എന്നത് ജനാധിപത്യ മതേതരത്വ കേരളം ഭയത്തോടെ മാത്രം നോക്കി കാണണം.

നവോത്ഥാനം എന്നത് വിശാല മനസ്സിന്റെ കൂടി ഭാഗമാണ്. ഇടുങ്ങിയ മനസ്സുകള്‍ക്ക് ചേരുന്നതല്ല ആ വിശേഷണം. തന്റെ വാക്കിലും പ്രവര്‍ത്തിയിലും ഒരിക്കലും ഇവരൊന്നും ഖേദം പ്രകടിപ്പിച്ചില്ല. കേരളത്തിലെ സ്ത്രീകള്‍ മനുഷ്യ മതില്‍ തീര്‍ക്കുമ്പോള്‍ അത് ഹിന്ദുക്കളുടെ മാത്രം മതിലാവരുത്. മതേതര കേരളത്തിന്റെ മതിലാവണം. അതിനു കേരള നവോത്ഥാനം എന്നത് ഇടതു പക്ഷം കുറച്ചു കൂടി വിശാല മനസ്സോടെ വായിക്കണം.

Facebook Comments
Related Articles
Show More
Close
Close