Current Date

Search
Close this search box.
Search
Close this search box.

ഇടതുപക്ഷത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്

ഫാസിസത്തോടു ഇന്ത്യന്‍ ജനതയുടെ നിലപാടെന്ത് എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇന്ത്യക്കാര്‍ അഭിമാനമായി കരുതുന്ന ജനാധിപത്യം,മതേതരത്വം എന്നിവ നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യം കൂടി ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്നു. അതെ സമയം ചില പാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് മറ്റൊരു ജീവന്‍ മരണ പോരാട്ടം കൂടിയാണ്. ഒരിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘കിംഗ് മേക്കര്‍’ സ്ഥാനം അലങ്കരിച്ചിരുന്ന പാര്‍ട്ടികള്‍ ചരിത്രത്തിന്റെ ഭാഗമായി തീരുമോ എന്ന ചോദ്യവും ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്നു. ഇടതുപക്ഷം എന്നതിന്റെ ഇന്ത്യന്‍ പാര്‍ലമെന്ററി രൂപമായാണ് സി പി ഐ,സി പി എം എന്നീ കക്ഷികളെ വായിക്കാറ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ സാന്നിധ്യം ആവശ്യമെന്ന് ആരും സമ്മതിക്കും. ഒരിക്കല്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യം കാണിച്ചിരുന്ന ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് കൊണ്ട് ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടി കരയേണ്ട അവസ്ഥയിലേക്ക് എത്തുന്നു എന്നത് ഒരു പഠന വിഷയമാണ്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒന്നാം തെരഞ്ഞെടുപ്പ് മുതല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ട്. അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഒന്നും രണ്ടും മൂന്നും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. അവരുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ചത് കഴിഞ്ഞ തവണയാണ്. കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങിനെ സംഗ്രഹിക്കാം

അവിഭക്ത കമ്യുണിസ്‌റ് പാര്‍ട്ടി

1951   16
1957   27
1662   29

പിളര്‍പ്പിന് ശേഷം

CPM       CPI
1967      19            23
1971      25            23
1977     17            7
1980     37           14
1984     22            6
1989     33           12
1991     35           14
1996     32           12
1998     32           9
1999     33           4
2004     43          10
2009    16           4
2014     9             1

ഇടതു പക്ഷം മാത്രമല്ല പല പാര്‍ട്ടികളും വളരുകയും തളരുകയും ഇല്ലാതാവുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രത്യയ ശാസ്ത്ര ബന്ധിതമാണ് ഇടതുപക്ഷം എന്നാണ് അവര്‍ അവകാശപ്പെടാറ്. നാട്ടില്‍ നിലനിന്നിരുന്ന തിന്മളോട് പൊരുതിയാണ് ഒരിക്കല്‍ ഇടതു പക്ഷം മണ്ണില്‍ വേരുറപ്പിച്ചത്. അമ്പിളിയെ പൊന്നരിവാളിന്റെ ചന്തത്തിലേക്കു കൊണ്ട് വന്നു മണ്ണിന്റെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടാക്കി മാറ്റി എന്നൊക്കെ ചരിത്രത്തില്‍ നാം വായിക്കുന്നു.

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവരുടെ ശബ്ദത്തിനു മേല്‍ക്കൈ കിട്ടുന്ന അവസരങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്. നെഹ്‌റുവിനെ പോലെ തന്നെ എ കെ ജിയും ഒരിക്കല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശബ്ദമായിരുന്നു എന്നൊക്കെ നാം വായിക്കാറുണ്ട്. എന്ത് കൊണ്ട് ഇന്ന് മേല്‍ പറഞ്ഞ ഇടതു പക്ഷം നിലനില്‍പ്പിനായി പൊരുതേണ്ടി വരുന്നു എന്നത് പരിശോധിക്കപ്പെടണം. അതൊരെ കേവല യാദൃശ്ചികതയാവില്ല. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ എന്ന വിഭാഗം ഇന്നും നാട്ടില്‍ ധാരാളം. മുമ്പ് അവര്‍ ഉണ്ടായിടത്തു നിന്ന് തന്നെ നിഷ്‌കാശിതമാകുന്നു. അതും ദീര്‍ഘകാലം പാര്‍ട്ടി ഭരിച്ച സംസ്ഥാനത്തു നിന്നും ഒരു സീറ്റു പോലും നേടാന്‍ സാധ്യതയില്ല എന്നതും ചേര്‍ത്ത് വായിക്കണം. ത്രിപുരയും ഇന്നൊരു ബാലികേറാ മലയായി മാറിയിരിക്കുന്നു. ഇനി ഒരു ദേശീയ പ്രസ്ഥാനത്തെ താങ്ങി നിര്‍ത്താനുള്ള ബാധ്യത കേരളക്കാരന്റെ തലയില്‍ വരുന്നു. നിലവിലുള്ള രാഷ്ട്രീയ അവസ്ഥയില്‍ കേരളം ജയിച്ചടക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടു പാടില്ല. അതെ സമയം ജന മനസുകളില്‍ നിന്നും അവരെ പടിയിറക്കാന്‍ അവര്‍ തന്നെ കാരണം ഉണ്ടാക്കുന്നു. ജനകീയ സമരങ്ങളെ തീര്‍ത്തും ഫാസിസ്റ്റു രീതിയിലാണ് സര്‍ക്കാര്‍ കണ്ടത്. പലപ്പോഴും സംഘ് പരിവാറിനെ കടത്തി വെട്ടി ഒരു സമുദായത്തില്‍ വര്‍ഗീയതയും ഭീകരവാദവും അവര്‍ കാണുന്നു. ഇടതു പക്ഷ നേതാക്കളില്‍ പലരും നടത്തുന്ന അനവസരത്തിലുള്ള പ്രഖ്യാപനങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സി പി എം സംഘ് പരിവാറിന് തുല്യമാണ് എന്ന നിലപാട് നമുക്കില്ല. സംഘ പരിവാര്‍ പ്രതി സ്ഥാനത്തു നിര്‍ത്തുന്നതില്‍ സി പി എം തന്നെയാണ് മുന്നില്‍.

ഒരു പ്രസ്ഥാനം അവരുടെ യഥാര്‍ത്ഥ നിലപാടുകളില്‍ നിന്നും മാറുമ്പോള്‍ അതിന്റെ പ്രസക്തി അവസാനിക്കുന്നു. ഇടതു പക്ഷം മണ്ണിന്റെ മക്കളില്‍ നിന്നും അവര്‍ തന്നെ ശത്രുവായി കാണുന്ന ബൂര്‍ഷാ സംസ്‌കാരത്തിലേക്കും അക്രമ രാഷ്ട്രീയത്തിലേക്കും തിരിയുമ്പോള്‍ പ്രത്യേകിച്ചും. മൂന്നു പതിറ്റാണ്ടു ഭരിച്ച മണ്ണില്‍ ഇന്ന് പാര്‍ട്ടി അന്യമാണ്. കേരളവും ഇനി എത്ര നാള്‍ എന്ന ചോദ്യം വാസ്തവത്തില്‍ നമ്മെ ഭയപ്പെടുത്തും. ഇടത് പക്ഷം തകര്‍ന്നാല്‍ അതിന്റെ ഫലം ഒരിക്കലും കോണ്‍ഗ്രസ്സ് മുന്നണിക്കാവില്ല എന്നുറപ്പാണ്. സംഘ് പരിവാറും മറ്റു മതേതര പ്രസ്ഥാനങ്ങളും തമ്മിലുള്ള അന്തരം നാള്‍ക്കു നാള്‍ കുറഞ്ഞു വരുന്നു എന്ന സത്യവും കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കണം. പല ദേശീയ പാര്‍ട്ടികളെയും താങ്ങി നിര്‍ത്തുന്നു എന്ന ഖ്യാതി കേരളത്തിന് മാത്രം പ്രത്യേകതയാണ്. ഇടതു പക്ഷം ജീവിക്കണോ മരിക്കണോ എന്ന ചര്‍ച്ച കൂടി അത് കൊണ്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയമാകുന്നതും . ഒരു തിരിച്ചു നടത്തത്തിനു ഇടതുപക്ഷം തയ്യാറാകുക എന്നത് മാത്രമാണ് അതിനുള്ള പ്രതിവിധിയും

Related Articles