Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് ഇല്ലാതെ ലബ്നാൻ

ഭരണത്തിന്റെ ഉയർന്ന പദവികളിൽ ആളില്ലാതായിപ്പോവുക എന്നത് ലബ്നാനിൽ പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ അത് ഇടക്കിടെ സംഭവിക്കുന്നു എന്നത് ആ രാഷ്ട്രത്തിലെ ഭരണ സംവിധാനം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി തരുന്നു. അതിനാൽ പ്രസിഡന്റിന്റെ ബഅ്ബദാ കൊട്ടാരത്തിൽ ഇപ്പോൾ ആ സ്ഥാനത്തിരിക്കാൻ ആളില്ല എന്നത് ആരെയും ഞെട്ടിക്കുന്നുണ്ടാവില്ല. പ്രസിഡന്റായിരുന്ന മിഷൽ ഔൻ തന്റെ കാലാവധി തീർന്നതിനാൽ ആ സ്ഥാനത്ത് നിന്ന് വിരമിച്ചു കഴിഞ്ഞു. പാർലമെന്റിനാകട്ടെ അദ്ദേഹത്തിനൊരു പിൻഗാമിയെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടുമില്ല. ലബ്നാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ത്വാഇഫ് കരാർ പ്രകാരം രൂപം കൊണ്ട ഒരു രാഷ്ട്രീയ സംവിധാനമാണ് ഇപ്പോൾ ലബ്നാനിൽ ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. അത് പ്രകാരം മതകീയവും മദ്ഹബ്പരവുമായാണ് അധികാര വിഭജനം നടത്തിയിരിക്കുന്നത് (പ്രസിഡന്റ് ക്രിസ്ത്യൻ, പ്രധാനമന്ത്രി സുന്നി മുസ്ലിം, സ്പീക്കർ ശിഈ മുസ്ലിം). ഇത് ഒരു സിവിൽ രാഷ്ട്രത്തിലേക്ക് എത്തിച്ചേരാനുളള ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. പക്ഷെ പഴയ യുദ്ധ പ്രഭുക്കളും വിഭാഗീയതയുടെ വക്താക്കളും രാഷ്ട്രീയത്തിലും സാമ്പത്തിക – സുരക്ഷാ മേഖലകളിലുമൊക്കെ തങ്ങളുടെ ഇംഗിതം അടിച്ചേൽപ്പിക്കാനുള്ള ഉപകരണമായി ഈ താൽക്കാലിക രാഷ്ട്രീയ സംവിധാനത്തെ മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളെടുത്ത് പരിശോധിച്ചാൽ 2014 – ലും 2016 – ലും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനാവാതെ ആ സ്ഥാനത്ത് ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. വേണ്ട രീതിയിൽ കാബിനറ്റോ മറ്റോ ഇല്ലാതെ മാസങ്ങൾ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോഴും ചില രാഷ്ട്രീയ ധാരണകളോടെ മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. പ്രസിഡന്റില്ലാതിരിക്കുന്ന സ്ഥിതിവിശേഷം കടുത്ത രാഷ്ട്രീയ അരാജകത്വത്തിലേക്കും ശിഥിലമായ സാമ്പത്തിക – സാമൂഹിക സ്ഥിതിയിലേക്കുമുള്ള അപായ സൂചനകളാണ്. കഴിഞ്ഞ മൂന്ന് വർഷമായി മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലബ്നാൻ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. കാര്യമായ അധികാരൊന്നുമില്ലാത്ത ഒരു ദുർബല സംവിധാനമാണ് ഭരണകാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നത്. കടുത്ത വിഭാഗീയതയാൽ ശിഥിലമായ നിലയിലാണ് പാർലമെന്റ്. അത്കൊണ്ടാണ് പാർലമെന്റിന് ഒരു പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാൻ കഴിയാതിരിക്കുന്നത്.

2005-ൽ ഒരു കാർ ബോംബ് സ്ഫോടനത്തിൽ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി വധിക്കപ്പെട്ടതോടെയാണ് ഭരണ സംവിധാനം ഈ വിധം ശിഥിലമായത്. സ്ഥിരതയുള്ള ഭരണം കാഴ്ചവെക്കാൻ പിന്നെ ആ രാഷ്ട്രത്തിന് കഴിഞ്ഞിട്ടില്ല. ഹരീരി വധത്തിന് ശേഷം സിറിയൻ സൈന്യം ലബ്നാനിൽ നിന്ന് പിൻ വാങ്ങിയത് ഈ രാഷ്ട്രീയ ശൈഥില്യം രൂക്ഷമാവാൻ ഇടവരുത്തിയിട്ടുണ്ട്. അതിനർഥം ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനെന്ന പേരിൽ കടന്ന് വന്ന സിറിയൻ സൈന്യത്തിന് ലബ്നാനിൽ എന്തെങ്കിലും പോസിറ്റീവായ റോൾ ഉണ്ടായിരുന്നു എന്നല്ല. സിറിയൻ സൈന്യത്തിന് അതിന്റെ സുരക്ഷാ – രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഒപ്പം നിൽക്കുന്നവരെയും എതിരാളികളെയും ഒരുപോലെ പേടിപ്പിച്ച് നിർത്താൻ കഴിഞ്ഞിരുന്നത് കൊണ്ട് ഉണ്ടായിത്തീർന്ന ഒന്നായിരുന്നു ആ ‘സമാധാനം.’

ലബ്നാൻ നേരിടുന്ന ഈ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് എല്ലാ തരം രാഷ്ടീയ വിഭാഗങ്ങളും ബോധവാൻമാരാണ്. പക്ഷെ ദേശീയ സമന്വയത്തിലൂടെ പ്രതിസന്ധി മറികടക്കാൻ ഉതകുന്ന ഒരു ബദൽ രാഷ്ട്രീയ സംവിധാനം മുന്നോട്ട് വെക്കാൻ അവർക്കാർക്കും കഴിയുന്നില്ല. ആഭ്യന്തര യുദ്ധത്തിന് ശേഷം രാഷ്ട്രീയ സ്ഥിരത ആശ്രയിച്ച് നിൽക്കുന്നത് മൂന്ന് കാര്യങ്ങളിലാണ് – സാമ്പത്തിക സ്ഥിരത, വിവിധ വിഭാഗങ്ങളുടെ ശാക്തിക സംതുലനം, ഓരോ മേഖലക്കും മതിയായ പ്രാതിനിധ്യം. ഈ മൂന്നും ഇപ്പോൾ ആ രാജ്യത്ത് ഉണ്ടെന്ന് പറയാനാവില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മധ്യവർഗ്ഗത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. ബഹുഭൂരിഭാഗം ലബ്നാനികളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്. രാഷ്ട്രീയ- സൈനിക മേഖലകളിൽ ഹിസ്ബുല്ല പിടിമുറുക്കിയത് പല വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള സംതുലനം അട്ടിമറിക്കുന്നതിന് കാരണമായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇവിടെ നിന്ന് പിൻവാങ്ങിയത് രാഷ്ട്ര സംവിധാനത്തിൽ ഇറാന്റെ പിടി മുറുകാൻ കാരണമാവുകയും ചെയ്തു.

ഇതിനെല്ലാം പുറമെയാണ് ആഴത്തിൽ വേരുകളാഴ്ത്തിയ അഴിമതി. രാഷ്ട്രത്തെ പല വിഭാഗങ്ങൾക്കായി വീതം വെച്ചു കൊടുത്തതിന്റെ പരിണിത ഫലമാണിത്. പ്രസിഡന്റിനെ നിശ്ചയിക്കുന്നത് വല്ലാതെ വൈകുന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കും. ലബ്നാനിൽ പ്രസിഡന്റിന് കാര്യമായ അധികാരങ്ങളൊന്നുമില്ലെങ്കിലും അവിടെയുള്ള ഭരണകൂടത്തിന് ഭരണഘടനാപരമായ സാധുതയുണ്ടാവുന്നത് ആ പദവിയിൽ ആളുണ്ടാകുമ്പോഴാണ്. അതിനാൽ കൈ കെട്ടിയിട്ട അവസ്ഥയാലാവും ഭരണ നിർവഹണ സംവിധാനം.

അന്താരാഷ്ട്ര നാണയനിധി ലബ്നാനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അവർ മുന്നോട്ട് വെക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കാൻ ഭരണനിർവഹണ സംവിധാനം ഒന്നിച്ച് നിൽക്കണം. ഇപ്പോഴത്തെ നിലയിൽ അത് സാധ്യമല്ല. സാമ്പത്തിക നില കൂടുതൽ വഷളാവാനും സാമൂഹിക സംഘർഷങ്ങൾ അതിരൂക്ഷമാകാനും അത് ഇട വരുത്തും. നിക്ഷിപ്ത താൽപ്പര്യക്കാരായ രാഷ്ടീയക്കാർ പൊതു താൽപ്പര്യത്തിന് മുൻഗണന നൽകുമെന്ന് കരുതാനും നിവൃത്തിയില്ല.

ഹിസ്ബുല്ലയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ദേശീയ സമവായത്തിലൂടെ ഒരു പ്രസിഡന്റിനെ കണ്ടെത്തുകയാണ് പ്രതിസന്ധി പരിഹാരിക്കാനുള്ള ഒന്നാമത്തെ ചുവട് വെപ്പ്. 2016-ൽ അങ്ങനെയൊരു ധാരണയുണ്ടാക്കിയാണ് പ്രതിസന്ധി മറികടന്നത്. സമീപഭാവിയിൽ അതിനി സാധ്യമാവുമെന്ന് തോന്നുന്നില്ല. അതിനുള്ള കാരണങ്ങൾ:

ഒന്ന് : പ്രസിഡണ്ട് നിയമന പ്രശ്നം പരിഹരിക്കാൻ നേരത്തെ മുൻ പ്രധാനമന്ത്രി സഅദ് ഹരീരി സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം രാഷ്ടീയ ഗോദക്ക് പുറത്താണ്. ആ കാലിബറുള്ള ഒരു സുന്നി നേതാവ് ഇപ്പോൾ ലബ്നാനിലില്ല.

രണ്ട്: 2014-ലേത് പോലെ പൊതു അംഗീകാരമുള്ള ഒരു വ്യക്തിത്വത്തെയും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കഴിയുന്നില്ല. പൊതു ധാരണ പ്രകാരമാണ് അന്ന് മിഷേൽ ഔൻ പ്രസിഡന്റായത്.

മൂന്ന്: 2016-ലെ അധികാര വിഭജന ഫോർമുല പ്രകാരമാണ് അന്നത് സാധ്യമായത്. ഗൾഫ് രാഷ്ട്രങ്ങളുടെ പിന്തുണയും അതിന് ഉണ്ടായിരുന്നു. അന്ന് പൊതു സ്ഥാനാർഥിയായി അംഗീകാരം നൽകിയ ആൾ ഹിസ്ബുല്ലയുടെ അടുപ്പക്കാരനായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. 2014-ലേത് പോലുളള ധാരണക്ക് ഇനി ഗൾഫ് രാഷ്ട്രങ്ങൾ കൂട്ടുനിൽക്കാനിടയില്ല.

ഇപ്പോഴത്തെ നിലയിൽ ഹിസ്ബുല്ലയെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും മറുപക്ഷം ഉയർത്തിക്കാട്ടുന്ന സ്ഥാനാർഥിയെ ആ സ്ഥാനത്ത് എത്തുന്നതിൽ നിന്ന് പാർലമെന്റിന്റെ പിൻബലത്തോടെ തടയാനാവും. അതിനാൽ പ്രതിസന്ധി മറികടക്കാൻ പുതിയൊരു രാഷ്ട്രീയ സമവായം ആവശ്യമായിരിക്കുന്നു.

 

വിവ : അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles