Current Date

Search
Close this search box.
Search
Close this search box.

ലഷ്‌കറെ ത്വയ്ബയെ ഉപയോഗിച്ച് ഭീതി പരത്തുന്നതിന് പിന്നില്‍ ?

ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഒന്നാണ് ലശ്കറെ ത്വയ്ബ. ഇന്ത്യയില്‍ നിന്നും കശ്മീരിനെ മോചിപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമായി അവര്‍ പറയുന്നതത്രെ. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, ബോംബെ ആക്രമണം അവസാനമായി പുല്‍വാമ സ്‌ഫോടനം എന്നിവയില്‍ അവരുടെ പങ്ക് എടുത്തു പറയുന്നു. ധര്‍മ ബോധമുള്ളവരുടെ സൈന്യം എന്നാണ് അതിന്റെ അര്‍ഥം. ഇസ്ലാമിക തീവ്രവാദ സംഘങ്ങളില്‍ പ്രമുഖമായത് എന്നാണ് അവരുടെ വിശേഷണമായി പറയപ്പെടുന്നതും. കൊല്ലപ്പെട്ട ബിന്‍ലാദന്‍ ആയിരുന്നത്രേ ഒരു കാലത്തു ഈ സംഘത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. ഈ സംഘടനയെ തീവ്രവാദ സംഘടനയായി ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഓസ്ട്രേലിയ, എന്നിവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഘത്തെ പാകിസ്താനിലും നിരോധിച്ചിട്ടുണ്ട് എന്നിരിക്കലും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായം കാര്യമായി തന്നെ അവര്‍ക്കു ലഭിക്കുന്നു എന്നാണ് പൊതുവായി മനസ്സിലാക്കപ്പെടുന്നത്.

കാശ്മീര്‍ താഴ്‌വരയാണ് അവരുടെ മുഖ്യ ഇടമായി പറയപ്പെടുന്നത്. ലോകത്തു ഭീതി പരത്തുന്നതില്‍ അവരുടെ പങ്കു വലുതാണ്. അക്രമത്തിന്റെ വഴിയിലാണ് സംഘം വിശ്വസിക്കുന്നത്. പ്രവര്‍ത്തന മേഖലയില്‍ മുഖ്യ സ്ഥാനം ജിഹാദിനാണ് എന്ന് പറയപ്പെടുന്നു. ഇസ്‌ലാം ഉദ്ദേശിക്കുന്ന ജിഹാദല്ല പകരം ആളുകളെ ഇല്ലാതാക്കുന്ന ജിഹാദ്. ഇസ്ലാമിലെ ജിഹാദ് അതൊരു ജീവിത രീതിയാണ്. ദൈവിക മാര്‍ഗത്തിലെ ത്യാഗ സമര്‍പ്പണം എന്നതാണ് അതിന്റെ പൊരുള്‍. ഇവരുടെ പ്രവര്‍ത്തനം പുറമേക്ക് കാണില്ല എന്നതു കൊണ്ട് തന്നെ അന്വേഷണ ഏജന്‍സികള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. പക്ഷെ ബോധപൂര്‍വം സാധാരണ ചെയ്യാറുള്ളത് പോലെ ‘ഇസ്ലാമിക്’ എന്ന പദം ചേര്‍ക്കാന്‍ മാധ്യമങ്ങള്‍ മറക്കാറില്ല. ഇസ്ലാമുമായി ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എന്ത് ബന്ധം എന്ന് ചോദിച്ചാല്‍ മറുപടി ലഭിച്ചു കൊള്ളണമെന്നില്ല.

അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-ഒമര്‍, ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, അല്‍ ബദര്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നീ പേരുകളിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ പാക്കിസ്ഥാനില്‍ ശക്തമായി നിലനില്‍ക്കുന്നു എന്നാണ് പറയപ്പെടുന്നത്. അത്‌കൊണ്ട് തന്നെ തീവ്രവാദികളുടെ ഭൂമിയിലെ സ്വര്‍ഗം എന്ന് പാകിസ്ഥാന്‍ വിളിക്കപ്പെടുന്നു. ഇവക്കൊക്കെ പാകിസ്ഥാനില്‍ നിന്നും പുറത്തു നിന്നും സഹായവും ലഭിച്ചു കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കപ്പെടുന്നത്. നേരത്തെ പറഞ്ഞത് പോലെ ഈ സംഘടനകളൊക്കെ രഹസ്യ സ്വഭാവമുള്ളതായതു കൊണ്ട് കൂടുതല്‍ വിവരം നമുക്ക് ലഭ്യമല്ല. കാശ്മീര്‍ വിട്ടു കേരളം, തമിഴ്‌നാട് എന്നിവടങ്ങളിലേക്ക് അവരുടെ പ്രവര്‍ത്തണം വ്യാപിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. അതിന്റെ ഭാഗമായി അവര്‍ക്കു സഹായം ചെയ്തു കൊടുത്തു എന്ന് പറയപ്പെടുന്ന ഒരാളെ പോലീസ് അടുത്ത് അറസ്റ്റു ചെയ്തിരുന്നു.

കേരളം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സ്വസ്ഥമായ പ്രദേശമാണ്. തെക്കേ ഇന്ത്യയില്‍ തമിഴ്നാടും ഏകദേശം അങ്ങിനെ തന്നെ. കുഴപ്പമുണ്ടാക്കുക എന്നത് ചിലരുടെ മുഖ്യ അജണ്ടയാണ്. തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാന്‍ കുഴപ്പം അവര്‍ക്ക് അനിവാര്യമാണ്. കേരളം തീവ്രവാദികളുടെ പറുദീസ എന്നാണു അവര്‍ പരിചയപ്പെടുത്തുന്നത്. ദേശീയ ചാനലുകളില്‍ ആ പ്രയോഗം പലപ്പോഴും കേട്ടിട്ടുണ്ട്. കേരള ജനതയുടെ ഉയര്‍ന്ന സാമൂഹിക ബോധമാണ് കേരളത്തില്‍ ഇത്തരം ശക്തികള്‍ക്ക് ഇടം കിട്ടാതെ പോകുന്നത്. കേരളത്തില്‍ നിന്നും കുറച്ചാളുകളെ പലപ്പോഴായി കാണാതായിട്ടുണ്ട്. അവര്‍ സിറിയ,യമന്‍ എന്നിവടങ്ങളില്‍ എത്തി എന്നാണ് പറയപ്പെടുന്നത്. പിന്നീട് പലപ്പോഴായി പലരും കൊല്ലപ്പെട്ട വിവരവും നാം കേള്‍ക്കുന്നു. അത് കേള്‍ക്കുക എന്നതിലപ്പുറം മറ്റൊരു വിവരവും ആര്‍ക്കുമില്ല.

തലതിരിഞ്ഞ മത ബോധം ചിലരില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അത് മതത്തിന്റെ വിഷയമല്ല പകരം മനസ്സിലാക്കലിന്റെ വിഷയമാണ്. മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവരുടേതായ വിഭവമുണ്ട്. അത് കൊണ്ട് തന്നെ ഇസ്ലാം മനുഷ്യ രക്തം പാവനമായി കാണുന്നു. മനുഷ്യന്‍ എന്നത് ദൈവം ബഹുമാനിച്ചു സൃഷിടിയാണ് എന്നത് തന്നെയാണ് അതിന്റെ തെളിവ്. അത് കൊണ്ട് തന്നെ ഇസ്ലാമിന്റെ പേരില്‍ ഒരു തീവ്രവാദി സംഘം രൂപപ്പെടുക എന്നത് അസാധ്യമാണ്. ഇസ്ലാമോഫോബിയ എന്നത് ഒരു ആഗോള പ്രതിഭാസമാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അത് പലരും കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഫാസിസ്റ്റു ശക്തികള്‍ അവിടം ശക്തിപ്പെടുന്നു. കേരളത്തില്‍ അടുത്തിടെ ഭീകര സംഘടനയെ സഹായിക്കുന്നു എന്ന പേരില്‍ അറസ്റ്റു നടന്നു. അതൊരു തെറ്റായ വാര്‍ത്തയായിരുന്നു എന്നാണ് പിന്നീട് മനസ്സിലായത്. അതെ സമയം കുറച്ചു സമയം കൊണ്ട് അതൊരു ചര്‍ച്ചയായി. പണ്ട് ലവ് ജിഹാദും മറ്റു വിഷയങ്ങളും ഇതേ പോലെ തന്നെയാണ് ചര്‍ച്ച ചെയ്തത്. അതിന്റെ സത്യം മനസ്സിലായപ്പോള്‍ അത് പറയാന്‍ അധികം ആരെയും നാം കണ്ടില്ല. അനാവശ്യ വാര്‍ത്തകള്‍ പടച്ചു വിട്ടു മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അത് മനസ്സിലാക്കാനുള്ള പക്വത സമൂഹം കാണിക്കണം. പുതിയ കാലത്ത് അത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പുകിലുകള്‍ നമ്മുടെ ചിന്തക്കും അപ്പുറത്താകും.

Related Articles