Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞാലി മരക്കാര്‍: ചരിത്രം വികലമാക്കപ്പെടുമോ ?

ചതിയന്‍ ചന്തു എന്ന് ഇപ്പോള്‍ ആരും ചന്തുവിനെ കുറിച്ച് പറയാറില്ല. ചന്തു ചതിയനല്ല. ചന്തുവിനെ ചതിച്ചതാണ് എന്നാണിപ്പോള്‍ ആളുകള്‍ പറയുന്നത്. കുറെ കാലമായി നാം കേട്ടും പാടിയും പറഞ്ഞും മനസ്സിലാക്കിയ ചന്തുവിനെ എം ടി മറ്റൊരു മനുഷ്യനാക്കി. ചതിയന്‍ ചന്തു എന്ന് ഇന്നാരും ചന്തുവിനെ കുറിച്ച് പറയാറില്ല. ചന്തു ജീവിച്ചിരുന്ന കഥാപാത്രമാണോ എന്നറിയില്ല.

കുഞ്ഞാലി മരക്കാര്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം ചിത്രീകരണവുമായി മുന്നോട്ടു പോകുകയാണ്. പ്രിയദര്‍ശന്‍ കേരളക്കരക്ക് ഒരുപാട് നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ്. കുഞ്ഞാലി മരക്കാര്‍ എന്നത് ഒരു സിനിമ എന്നതിനേക്കാള്‍ അപ്പുറം ഒരു ചരിത്രമാണ്. കുഞ്ഞാലിയുടെ മതവും വിശ്വാസവും ആധുനിക കാലത്ത് സത്യം പറയാന്‍ ഒരു തടസ്സമാണ്. ബ്രിട്ടീഷുകാരോടാണ് ടിപ്പു പൊരുതിയത്. അപ്പുറം വെള്ളക്കാരും ഇപ്പുറം ടിപ്പുവും മാത്രം. എന്നിട്ടും ടിപ്പുവിനെ ഒരു ദേശസ്‌നേഹിയായി കാണാന്‍ പലര്‍ക്കും വിഷമമാണ്. ടിപ്പുവിനെ ഒരു ഹിന്ദു വിരുദ്ധന്‍ എന്ന ലേബലില്‍ നിര്‍ത്താന്‍ അവര്‍

ആഗ്രഹിക്കുന്നു. ടിപ്പു നമ്മുടെ മുന്നിലുള്ള ചരിത്രമാണ് എന്ന് കൂടി ഓര്‍ക്കുക. ടിപ്പുവിനെക്കാള്‍ തങ്ങള്‍ക്കു താല്‍പര്യം വെള്ളക്കാര്‍ തന്നെ എന്നതാണ് ഫാഷിസത്തിന്റെ നിലപാട്. കുഞ്ഞാലി മരക്കാര്‍ ചരിത്രത്തിന് അതിലും കുറച്ചു കൂടി പഴക്കമുണ്ട്. എത്രത്തോളമെന്നാല്‍ ഇന്ത്യന്‍ മണ്ണിലേക്ക് വിദേശികളുടെ കടന്നു വരവിന്റെ കാലത്തോളം.

കച്ചവടത്തിന് അന്ന് പലരും കേരളത്തില്‍ വന്നിരുന്നു. അറബികള്‍ അതിനു മുമ്പേ കേരളത്തിലുണ്ട്. കേരളത്തിലെ വിഭവങ്ങള്‍ മാത്രമല്ല വാസ്‌ഗോഡ ഗാമ ആഗ്രഹിച്ചത്. അവരുടെ കയ്യിലുള്ള മതവും വിശ്വാസവും കൂടി കേരള മണ്ണില്‍ അവര്‍ കൃഷിയിറക്കി. അന്ന് യാത്രയുടെ മുഖ്യ സ്രോത്രസ്സ് കടലായിരുന്നു എന്നതിനാല്‍ കടലിലെ ആധിപത്യം ആര്‍ക്ക് എന്നതായിരുന്നു ചോദ്യം. ഇന്ന് മുഖ്യയാത്ര ആകാശത്തിലൂടെ എന്നതിനാലാണ് ആകാശത്തിന് വേണ്ടിയുള്ള യുദ്ധങ്ങള്‍ അരങ്ങേറുന്നത്. കേരളം അന്ന് നാട്ടു രാജാക്കന്മാരുടെ കയ്യിലായിരുന്നു. കോഴിക്കോടാണ് ഗാമ വന്നത് എന്നത് കൊണ്ടും മലബാര്‍ തീരങ്ങളിലെ വിഭവങ്ങളും സ്ത്രീകളും അവരുടെ മുഖ്യ ആകര്‍ഷണ വസ്തുക്കളായി എന്നതു കൊണ്ടും പോര്‍ച്ചുഗീസും സാമൂതിരിയും തമ്മില്‍ പലപ്പോഴും സംഘട്ടനം ഉടലെടുത്തു.

അവിടെയാണു കുഞ്ഞാലി മരക്കാര്‍മാര്‍ കടന്നു വരുന്നത്. പറങ്കികളുടെ ക്രൂരത കേട്ട് മടുത്തു അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അന്നത്തെ സാമൂതിരിയുടെ അനുവാദം തേടി വന്നത് മുതലാണ് മരക്കാര്‍ ചരിത്രം ആരംഭിക്കുന്നത്. മരക്കാര്‍മാര്‍ ഉള്ളത് കൊണ്ട് കേരള തീരം എന്നും ഗാമക്കും കൂട്ടര്‍ക്കും കിട്ടാകനിയായി. അതെ സമയം ഗോവന്‍ തീരവും മണ്ണും അവര്‍ പിടിച്ചടുത്തു. അവസാനം മരക്കാറെ രാജാവ് തന്നെ പറങ്കികള്‍ക്ക് നല്‍കി എന്നാണു ചരിത്രം. എന്തായാലും ഒരു ജനതയുടെ പോരാട്ടത്തിന്റെ പേരാണ് കുഞ്ഞാലി മരക്കാര്‍. വിദേശികളോട് ദേശത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പടവെട്ടല്‍ ജിഹാദിന്റെ ഭാഗമെന്നു അന്നത്തെ പണ്ഡിത ശ്രേഷ്ടര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു, അത്തരം ഉണര്‍ത്തലിന്റെ ഭാഗം കൂടിയാണ് മരക്കാര്‍മാര്‍. വിഷയം കൃത്യമായി സൈനുദ്ദീന്‍ മക്തൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നുണ്ട്.

ചരിത്ര സിനിമകള്‍ പലപ്പോഴും അണിയറ ശില്‍പ്പികളുടെ ചിന്തകളുടെ ബാക്കിയാണ്. സംഘപരിവാര്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ഒരൂ മേഖല ചരിത്രമാണ്. പ്രിയദര്‍ശന്‍ ചരിത്രത്തെ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നത് നമുക്കറിയില്ല. ഒരു സംഗതിയും മുന്‍ ധാരണ വെച്ച് കൊണ്ട് പ്രതികരിക്കാന്‍ കഴിയില്ല. ഊഹം വെച്ചും. എങ്കിലും നമുക്ക് ആശങ്കയുണ്ട്. കുഞ്ഞാലി മരക്കാര്‍മാരുടെ മതവും സംസ്‌കാരവും തിരസ്‌കരിക്കുന്ന കാലത്ത് ആ ചരിത്രവും സത്യമായി പറയും എന്നതില്‍ നമുക്ക് സന്ദേഹമുണ്ട്.

നമുക്ക് മുന്നില്‍ മരക്കാര്‍മാരുടെ കൃത്യമായ ചരിത്രമുണ്ട്. ചരിത്രത്തെ വികലമാക്കിയാല്‍ ശരിയായ ചരിത്രം പറയാന്‍ കഴിയണം. ആധുനിക മാധ്യമങ്ങള്‍ ഒരാളുടെയും കുത്തകയല്ല. നുണ പ്രചരിപ്പിക്കാന്‍ അതിന്റെ ആളുകള്‍ ഉപയോഗിക്കുന്ന രീതികള്‍ തന്നെ സത്യം പറയാനും ഉപയോഗപ്പെടുത്തണം. ട്രോളുകള്‍ ഒന്നിനും പരിഹാരമല്ല. അതിലപ്പുറം ശക്തമായ നിലപാടുകളാണ് കാലം ആവശ്യപ്പെടുന്നത്.

Related Articles