Current Date

Search
Close this search box.
Search
Close this search box.

കൂടത്തായി- ഒറ്റപ്പെട്ട ദുരന്തമായി കാണരുത്

മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനമായി. അങ്ങിനെ ആദം ജനനം കൊണ്ടു. ആദമിന്റെ സൃഷ്ടിപ്പിനു ശേഷം രണ്ടു കാര്യങ്ങള്‍ കൂടി ചെയ്തു. ഒന്ന് ആദമിന് ഒരു ഇണയെ നല്‍കി. മറ്റൊന്ന് ആദമിന് ഭൂമിയില്‍ ജീവിക്കാന്‍ വേണ്ട അറിവ് നല്‍കി. മലക്ക്, മനുഷ്യന്‍, ജിന്ന് എന്നീ മൂന്നു സൃഷ്ടികളും ഒരിമിച്ചു ചേര്‍ന്ന സന്ദര്‍ഭം. മൂന്ന് സൃഷ്ടികളില്‍ പുതിയതാണ് മനുഷ്യന്‍. പുതിയ സൃഷ്ടിയെ ആദരിച്ചു എന്നിടത്തു നിന്നാണ് പിശാച് രൂപം കൊള്ളുന്നത്. മൂന്നു തരം സൃഷ്ടികള്‍ എന്നതിലപ്പുറം മൂന്നു സ്വഭാവം കൂടി അത് കാണിക്കുന്നു. ഒന്ന്, നന്മ മാത്രം ചെയ്യാന്‍ കഴിയുന്ന മലക്കുകള്‍. രണ്ട്, തിന്മ മാത്രം ഉപദേശിക്കുന്ന പിശാച്. മൂന്ന്, നന്മ കൊണ്ട് മലക്കിനെയും തിന്മ കൊണ്ട് പിശാചിനെയും മറികടക്കാന്‍ കഴിയുന്ന മനുഷ്യന്‍.

ഇതില്‍ രണ്ടു പേരുടെയും കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടതാണ്. അതേസമയം മനുഷ്യന്റെ കാര്യം ഒരു വിചാരണ കൊണ്ടേ തീരുമാനിക്കപ്പെടൂ. ഏതു മാര്‍ഗം സ്വീകരിക്കണം എന്നത് തീരുമാനിക്കാനുള്ള അവസരം നല്‍കപ്പെട്ട ജീവിയാണ് മനുഷ്യന്‍. മലക്കുകളെ നന്മയില്‍ കവച്ചു വെക്കുക എന്നതിനേക്കാള്‍ ആധുനിക മനുഷ്യന്‍ മത്സരിക്കുന്നത് പിശാചിനെ എങ്ങിനെ പിന്നിലാക്കാം എന്നതിലാണ്. സ്വന്തം ആളുകളെ പിശാചു പോലും വേദനിപ്പിക്കില്ല. പരമാവധി സന്തോഷിപ്പിക്കാനാണ് ശ്രമിക്കുക. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മനുഷ്യന് വലിയ മടി കാണില്ല.

കേരള സമൂഹം പല വാര്‍ത്തകള്‍ കേട്ട് കൊണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ്. അവസാനമായി നാം കേട്ടത് ഒരു സ്ത്രീ അടുത്ത ബന്ധുക്കളെ സമര്‍ത്ഥമായി ഇല്ലാതാക്കിയ കഥയാണ്. മനുഷ്യന് അതും ഒരു സ്ത്രീക്ക് എങ്ങിനെ ഇതെല്ലാം സാധ്യമാകുന്നു എന്നതാണ് പൊതു സമൂഹം ചോദിക്കുന്നത്. സമ്പത്തിനോടുള്ള അതിരുകടന്ന സ്‌നേഹമാണ് ഒരു കാരണമായി പറയപ്പെടുന്നത്. സമ്പത്തിന്റെയും ആസ്വാദനത്തിന്റെയും കഥയാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്. കുടുംബ ബന്ധങ്ങളിലെ വിശ്വാസ്യത തകരുന്നു എന്നതും നാം കാണാതെ പോകരുത്.

അമ്മ മക്കളെ ഇല്ലാതാക്കിയതും മക്കള്‍ രക്ഷിതാക്കളെ ഇല്ലാതാക്കുന്നതും കൈരളിക്കു പുതിയ കാര്യമല്ല. കേരള പൊതു സമൂഹത്തില്‍ വരുന്ന ഗുരുതരമായ മാറ്റങ്ങള്‍ നാം കാണാതെ പോകരുത്. ബന്ധങ്ങള്‍ ശിഥിലമാകുന്ന സാമൂഹിക അവസ്ഥ നമ്മെ തുറിച്ചു നോക്കുന്നു. ബന്ധങ്ങളുടെ അടിസ്ഥാന കാരണം സ്‌നേഹവും ബഹുമാനവുമാകണം. അതേസമയം അതിന്റെ സ്ഥാനത്തു ഭൗതിക നേട്ടങ്ങള്‍ കയറി വരുന്നു. പിന്നെ അതാകും ഒന്നാം സ്ഥാനത്തു വരിക. സമ്പത്തും ഭൗതിക നേട്ടങ്ങളും മുഖ്യ വിഷയമായാല്‍ പിന്നെ എന്തും ശരിയാകും. സ്വന്തം സുഖത്തിനു വേണ്ടി മക്കളെ പോലും കൊന്നു കളയുന്ന സംഭവങ്ങള്‍ അതാണ് പറഞ്ഞു തരുന്നതും.

മറ്റൊരു കാര്യം ഇത്തരം പ്രവര്‍ത്തികള്‍ വിശ്വാസികളില്‍ നിന്നു പോലും ഉണ്ടാകുന്നു എന്നത് അത്ഭുതമാണ്. മത വിശ്വാസവും ജീവിതവും തമ്മിലുള്ള ബന്ധമില്ലായ്മയെ അത് കാണിക്കുന്നു. രാമന്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായ വ്യക്തിത്വമാണ്. അതേസമയം രാമന്റെ പേരില്‍ ഇന്ന് ഉണ്ടാക്കുന്ന വിശ്വാസം അസഹിഷ്ണുതയുടേതാണ്. ദൈവവിശ്വാസത്തിന്റെ കൂടെ ഇസ്‌ലാം എടുത്തു പറഞ്ഞ ഒന്നാണ് ബന്ധങ്ങള്‍. പക്ഷേ വിശ്വാസികള്‍ എത്ര പേര്‍ അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നു എന്നതും സ്വയം പരിശോധിക്കണം.

ബന്ധങ്ങളില്‍ വരുന്ന ചെറിയ വിള്ളലുകള്‍ പോലും അതി ഗുരുതരമായ പരിണതിക്ക് കാരണമാകും. കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ പരിഹരിക്കപ്പെടാതെ മുന്നോട്ടു പോയാല്‍ അത് കൂടുതല്‍ ദുരന്തമാകുന്നു. കൂടത്തായി ദുരന്തം ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. നാം നേരിടുന്ന സാമൂഹിക അപചയത്തിന്റെ കൂടി കാരണം അതില്‍ കണ്ടെത്തണം. അപ്പോള്‍ മാത്രമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക.

Related Articles