Current Date

Search
Close this search box.
Search
Close this search box.

ഈയാം പാറ്റകള്‍

തങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയും ഉപകരണവുമാണ് ‘ദൈവം’ എന്ന ദയനീയമായ അവസ്ഥയിലാണ് വിശ്വാസികള്‍ എന്ന് പറയപ്പെടുന്നവരില്‍ അധികവും.ദൈവം അവതരിപ്പിച്ച മാര്‍ഗം അവലംഭിച്ച് ജീവിത വിജയം നേടേണ്ടവരാണെന്ന ബോധം വേണ്ടത്ര ഉള്‍കൊള്ളാത്തവരും.
ദൈവ ശാസനയ്ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുക എന്ന അത്യുത്തമായ സംസ്‌കാരത്തെ പുല്‍കാന്‍ ധാര്‍മ്മികബോധമുള്ള മനുഷ്യന്‍ ബാധ്യസ്ഥനാണ്.നിര്‍ണ്ണിതമായ മാര്‍ഗത്തിലൂടെയുള്ള ജീവിത ചര്യയാണ് പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിക്കുന്നത്.ഈ ജീവിത പാന്ഥാവിലൂടെ ദൈവ പ്രീതി കരസ്ഥമാക്കുകയാണ് ദൈവ ദാസന്മാരുടെ ധര്‍മ്മം.ഇവ്വിധമുള്ള ദിനസരി ഇഹപര ജീവിതതത്തെ സമ്പന്നമാക്കും.ക്രമം വിട്ട ജീവിത ചര്യയിലൂടെയൊ സൂക്ഷ്മമല്ലാത്ത ദൈനംദിന വ്യവഹാരങ്ങലിലൂടെയൊ സംഭവിക്കാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങള്‍ പ്രയാസങ്ങള്‍ അപകടങ്ങള്‍ ആരോഗ്യഹാനി അല്ലെങ്കില്‍ മറ്റു ചില ജീവിത ജയപരാജയങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്കുള്ള പ്രതിവിധിയും പരിഹാരവും കണ്ടെത്താനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഓടിയൊളിക്കാന്‍ സാധ്യമല്ല.
ദൈവ പ്രീതി നേടനാകും വിധം ജിവിതത്തെ ചിട്ടപ്പെടുത്തുന്നതില്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.തങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ എളുപ്പ വഴിയില്‍ പരിഹരിക്കപ്പെടുന്ന മായിക മാന്ത്രികതയെ തെരഞ്ഞു ഏതു ചുഴിയിലും കുഴിയിലും പോയി മുങ്ങിത്താഴുന്ന രീതി അഭിലഷണീയമല്ല.വിശ്വാസ ദാര്‍ഢ്യമുള്ളവര്‍ക്കല്ലാതെ ഇത്തരം ഊരാകുരുക്കുകളില്‍ നിന്നും മോചനം നേടാനും സാധിക്കുകയില്ല.ആത്മ പ്രശംസയും പ്രഘോഷണവും നടത്തി വിലസുന്ന പണ്ഡിത പട്ടം കെട്ടിയവര്‍ നിഷ്‌കളങ്കരായ സത്യ വിശ്വാസികള്‍ക്കായി പതിയും ചതിയുമൊരുക്കി സകല മര്‍മ്മ സ്ഥാനങ്ങളിലും തന്ത്രപൂര്‍വ്വം കെണിയൊരുക്കി കാത്തിരിക്കുകയാണ്.
ചതിയൊരുക്കി ചിതയൊരുക്കി കത്തിച്ചു കൊണ്ടിരിക്കുന്ന ദീപനാളങ്ങളില്‍ വട്ടമിട്ട് പറന്ന് ചാരമാകുന്ന ഈയാം പാറ്റകളുടെ കണക്കുകള്‍ ദിനേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന ദയനീയമായ അവസ്ഥയും നിത്യ കാഴ്ചയാണ്.
തന്നിലര്‍പ്പിതമായ ഉത്തരവാദിത്വത്തെ കുറിച്ച് ഉള്ളു വേവുന്ന അവസ്ഥയിലുള്ളവര്‍ക്ക് അത്ഭുത സിദ്ധികള്‍ ആരായാന്‍ സമയമുണ്ടാകുകയില്ല.തന്റെ മാതപിതാക്കളേക്കാള്‍ ദൈവത്തിനാണ് തന്നോട് പ്രേമം എന്ന തിരിച്ചറിവ് തെര്യപ്പെടുമ്പോള്‍ മനസ്സമാധാനം നഷ്ടപ്പെട്ടവനും ആകുകയില്ല.സ്വന്തത്തെ അറിയുകയും അതു വഴി ദൈവത്തെ അറിയുകയും ചെയ്യുമ്പോള്‍ പരസ്പരം സ്രഷ്ടാവും സൃഷ്ടിയും പ്രേമബദ്ധരാകും.ഈ അനുരാഗം അവാച്യമായ അനുഭൂതിയായും അനുഭവമായും ഹൃദയാന്തരങ്ങളില്‍ കുളിര്‍മഴ പെയ്യിക്കുമ്പോള്‍ മണ്ണും വിണ്ണും വേര്‍തിരിക്കുന്ന അതിരടയാളം പോലും അനന്തതയില്‍ ഇല്ലാതാകും.ആകാശത്തെ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ പോലെ ഭൂമിയിലെ താരകമായി ദൈവ ദാസന്‍ മാറും.അത്യത്ഭുത കാഴ്ചകളില്‍ അഭിരമിക്കുന്നതിനു പകരം സ്വയം അത്ഭുതമായി സഹവാസികള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.

Related Articles