Current Date

Search
Close this search box.
Search
Close this search box.

ഖുമൈനിയുടെ ഇറാൻ – ഖംനഈയുടെയും

പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം കൂടി വരുന്നു എന്നൊരു വാർത്ത രണ്ടു വര്ഷം മുമ്പ് ബി ബി സി നൽകിയിരുന്നു. സുന്നി ലോകത്ത് ആർക്കാണ് കൂടുതൽ സ്വാധീനം എന്ന കാര്യത്തിൽ സഊദിയും തുർക്കിയും തമ്മിൽ തർക്കം നടക്കുന്നു. അതെ സമയം ഷിയാ പക്ഷത്ത് അത്തരം ഒരു തർക്കത്തിന്റെ പ്രസക്തിയില്ല. ലോക ഷിയാ രാഷ്ട്രീയത്തിന്റെ കേന്ദ്രം ടെഹ്‌റാൻ തന്നെ എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. പശ്ചിമേഷ്യയിലെ മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ഇറാൻ ജനാധിപത്യ രീതിയിലാണ് അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്. ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം Guardian Council ലിനാണ്. ആറു ഇസ്ലാമിക പണ്ഡിതരും ജഡ്ജിമാരും നിയമജ്ഞരും ചേർന്ന പന്ത്രണ്ടംഗ സമിതി സ്ഥാനാർഥികളുടെ ലിസ്റ്റ് പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നു. അത് കൊണ്ട് തന്നെയാണ് അവസാന വട്ടത്തിൽ പത്തിൽ താഴെ മാത്രം അപേക്ഷകൾ ബാക്കിയായതും. മുൻ പ്രസിഡന്റ്മാരുടെ പേര് പോലും വെട്ടിപ്പോയ ലിസ്റ്റിലുണ്ട്.

ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്നു എന്ന വിമർശനം ആഭ്യന്തരമായി തന്നെ ഉയർന്നു വരുന്നുണ്ട് . ഇക്കൊല്ലം തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരുടെ ശതമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇറാൻ ഭരണഘടന പ്രകാരം തിരഞ്ഞെടുത്ത പ്രസിഡണ്ട് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ താഴെ മാത്രമേ വരൂ. ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റൈസി അധികാരത്തിൽ വന്നതിനെ അറബ് ലോകം പൊതുവേ സ്വാഗതം ചെയ്തിട്ടുണ്ട്. യു എ ഇ അടക്കം മറ്റു ജി സി സി രാജ്യങ്ങൾ പുതിയ പ്രസിഡന്റിനു ആശസകൾ നേർന്ന വാർത്തകൾ വന്നിട്ടുണ്ട്. തുർക്കി, റഷ്യ പോലുള്ള രാജ്യങ്ങളും അഭിവാദ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അതെ സമയം ഇസ്രയേൽ അവരുടെ ആശങ്കയും അറിയിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റ്റ് തികഞ്ഞ യാഥാസ്ഥികനാണ് എന്നാണു പടിഞ്ഞാറൻ മാധ്യമങ്ങൾ ഒന്നടക്കം പറയുന്നത്. “ Ultra Conservative” എന്ന ഓമനപ്പേരാണ്‌ അവർ റൈസിക്ക് പതിച്ചു നൽകിയിട്ടുള്ളത്.

1988 ലെ കുപ്രസിദ്ധമായ “കുറ്റവാളികളുടെ വിചാരണയും തൂക്കിലേറ്റലും” ഇപ്പോഴും വലിയ ചർച്ചയാണ്. ആംനസ്റ്റിയുടെ കണക്കിൽ അത് അയ്യായിരം വരും. അതിലും കൂടുതൽ വരുമെന്നാണ് ഇറാന്റെ രാഷ്ട്രീയ എതിരാളികൾ പറയുന്നത്. ആ വിചാരണയിലും ശിക്ഷ നടപ്പാക്കിയതിലും പുതിയ പ്രസിഡന്റിൻറെ പങ്കാണ് ലോക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. അന്നത്തെ കൂട്ടക്കൊലയെ കുറിച്ച് മാന്യമായ അന്വേഷണം വേണമെന്ന് ഇപ്പോഴും പലരും മുറവിളി കൂട്ടുന്നു. ഇറാൻ ഭരണത്തിൽ യാഥാസ്ഥിതികരും മിതവാദികളും വന്നിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഇറാൻ പൂർണമായി ഒരു ഷിയാ അച്ചുതണ്ടിൽ ചലിക്കുന്ന രാജ്യമാണ്. രാജ്യവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ ഇറാൻ പ്രസിഡണ്ടിനു അവകാശമില്ല. ഭരണഘടന പ്രകാരം പരമോന്നത നേതാവിന്റെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താനുള്ള അധികാരം മാത്രമാണ് പ്രസിഡണ്ടിൽ നിക്ഷിപ്തമായിട്ടുള്ളത്.

രാജ്യത്തെയും മതത്തെയും സംബന്ധിച്ച അവസാന വാക്ക് പരമോന്നത നേതാവിന്റെത് മാത്രമാണ്. പട്ടാളം, കോടതി, മാധ്യമം, വിദേശകാര്യം, ധനകാര്യം, പസിസ്ഥിതി തുടങ്ങി എല്ലാ മുഖ്യ വിഷയങ്ങളുടെയും അവസാന വാക്ക് പരമോന്നത നേതാവ് തന്നെ. ഷിയാ വിശ്വാസത്തിൽ പൂർണമായി അരക്കെട്ട് ഉറപ്പിച്ചാണ് ഇറാൻ ഭരണഘടന രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാൽ ആരാണ് പ്രസിഡന്റ് എന്ന ചോദ്യത്തിന് ഇറാൻ ഭരണഘടനയിൽ പ്രസക്തിയില്ല.

പശ്ചിമേഷ്യൻ രാഷ്ട്രീയം പുതിയ വഴികളിലൂടെയാണു സഞ്ചരിക്കുന്നത്. പഴയ ശത്രുക്കൾ ഇന്ന് ആത്മമിത്രങ്ങളാണ്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ സുന്നി, ഷിയാ സയണിസം എന്നിങ്ങനെ വിഭജിക്കാം. ഒരിക്കൽ സുന്നികളുടെയും ശിയാക്കളുടെയും ശത്രുവായിരുന്നു സയണിസം. ഇന്ന് സയണിസത്തിനു പശ്ചിമേഷ്യയിൽ ശത്രുക്കൾ കുറവാണ്. ഇനിയുള്ള ശത്രുക്കൾ എന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്. അതെ സമയം സുന്നി ഷിയാ എന്ന വിടവ് കൂടുതൽ രൂക്ഷമായി വരുന്നു. ട്രംപ് കാലത്ത് സുന്നി ഷിയാ വിടവ് വർധിപ്പിക്കാനും സുന്നി സയണിസം വിടവ് കുറയ്ക്കാനുമാണ് കാര്യമായ ശ്രമം നടന്നത്.

ഇസ്രയേൽ ഇറാനെ എതിർക്കാൻ കാതലായ മറ്റൊരു കാരണം കൂടിയുണ്ട്. പശ്ചിമേഷ്യയിൽ ഇസ്രയേൽ കഴിഞ്ഞാൽ പിന്നീട് അണ്വായുധമുള്ള രാഷ്ട്രം ഇറാനാണ്. ഇസ്രയേലിനെയും അറബ് മുസ്ലിം രാജ്യങ്ങളെയും സംരക്ഷിക്കുന്നത് അമേരിക്കയാണ്. അതിനാൽ തന്നെ അറബ് രാജ്യങ്ങളിൽ നിന്നും ഒരു വിഷമവും ഇസ്രയേൽ പ്രതീക്ഷിക്കുന്നില്ല. പുതിയ പ്രസിഡന്റ് തിരഞ്ഞടുക്കപ്പെട്ടു എന്ന വിവരം വന്നപ്പോൾ ഇസ്രയേൽ ഇറാൻ അണുവായുധ കാര്യത്തിൽ ആശങ്ക അറിയിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇറാൻ ഇസ്ലാമിക് റിപബ്ലിക്‌ നിലവിൽ വന്നത് മുതൽ അതിന്റെ നിഴലായിരുന്ന വ്യക്തിയാണ് പുതിയ പ്രസിഡന്റ് എന്നത് അവഗണിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ലോകം പറയുന്നു. ഇറാൻ കൂടുതൽ യാഥാസ്ഥിതികമായി പോകുന്നു എന്നതാണ് ലോകത്തിന്റെ വിലയിരുത്തൽ. ഇറാൻ അന്നും ഇന്നും ഒരേ പോലെയാണ്. പണ്ട് ഖുമൈനി തീരുമാനിച്ചിരുന്ന കാര്യങ്ങൾ ഇന്ന് ഖാനഈ തീരുമാനിക്കുന്നു. നാളെയും അത് തന്നെയാകും അവസ്ഥ.

Related Articles