Current Date

Search
Close this search box.
Search
Close this search box.

ഇത്തവണ മഴക്കു വേണ്ടിയുള്ള രോദനം

തിരൂര്‍ സ്റ്റേഷനില്‍ വെച്ചാണ് ഞാന്‍ അയാളെ പരിചയപ്പെട്ടത്. ഇന്ത്യ കാണാന്‍ വന്നതാണ്. ഒരു മാസത്തെ ട്രിപ്പാണ്. ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നു. കണ്ണൂരിലേക്കാണ് യാത്ര. കാലത്തുള്ള ‘യശ്വന്ത്പൂര്‍ എക്പ്രസ്സ്’ കാത്തിരിക്കുകയാണ്. സ്ഥലം ബെല്‍ജിയം. ജോലി അവിടെ തന്നെ. ജൂലൈ മാസം കേരളത്തില്‍ നല്ല മഴക്കാലമാണ് എന്ന് കേട്ട് വന്നതാണ്. അവരുടെ നാടും കൊല്ലത്തില്‍ നല്ല മഴ കിട്ടുന്ന സ്ഥലമാണ്. കായലും കടലും തോടും നിറഞ്ഞൊഴുകുന്ന കാഴ്ചയെ കുറിച്ച് കേട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കം യൂറോപ്യന്‍ ചാനലുകള്‍ കാര്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ മിഷേല്‍ നിരാശയിലാണ്. ഒരാഴ്ചയായി കേരളത്തില്‍. കാര്യമായ മഴയൊന്നും കണ്ടില്ല. മാത്രമല്ല പുറത്തു നല്ല ചൂടുമുണ്ട്. മൂന്നു ദിവസം കൂടി കേരളത്തില്‍ കാണും. അതിനിടയില്‍ നല്ല പെരുമഴ കാണാന്‍ കഴിയും എന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. തൊട്ടു മുന്നില്‍ സ്ഥാപിച്ച ടാപ്പില്‍ നിന്നും ചെറുതായി വെള്ളം പുറത്തു പോകുന്നു. സീറ്റില്‍ നിന്നും എഴുന്നേറ്റു പോയി മിഷേല്‍ ടാപ്പ് അടക്കാന്‍ ശ്രമിച്ചു. പക്ഷെ അത് പരമാവധി അടഞ്ഞിരുന്നു. വെള്ളം അപ്പോഴും പുറത്തു പോകുന്നു. ആരോട് പറയും എന്ന ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്. അതിനിടയില്‍ ട്രെയിന്‍ വന്നു. വിഷമത്തോടെ അദ്ദേഹം യാത്ര പറഞ്ഞു വണ്ടിയില്‍ കയറി. ‘ഒരു സെക്കന്റില്‍ ഒരു തുള്ളി. അങ്ങിനെ ഒരു മിനുട്ടിലും ശേഷം മണിക്കൂറിലും എത്ര വെള്ളം അനാവശ്യമായി പോകും’ എന്നതാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം.

കേരളം ഇതുവരെ മഴയുടെ കാര്യത്തില്‍ ഇങ്ങിനെ ആവലാതി പൂണ്ടിട്ടില്ല. മഴയുടെ ഗണ്യമായ കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും അതിന്റെ തോത് കൂടി വരുന്നു. കേരള പൊതു സമൂഹം ഈ വിഷയത്തെ കുറിച്ച് വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ല. മഴവെള്ളം കിട്ടുന്നില്ല എന്നത് ഒരു ഭാഗത്ത് നടക്കുമ്പോള്‍ എത്ര വെള്ളമാണ് നാം അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത്. വെള്ളം ആവശ്യത്തിന് മാത്രം എന്ന മുദ്രാവാക്യം കൂടുതല്‍ ശബ്ദത്തില്‍ മുഴക്കേണ്ട കാലമാണ്. വെള്ളം ജീവന്റെ നിലനില്‍പ്പിന്റെ കാര്യമാണ്. ജീവനുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്ന് എന്നാണ് ഖുര്‍ആന്‍ പറയുന്നതും. അപ്പോള്‍ ജലത്തെ മാന്യമായി പരിഗണിക്കാതിരിക്കുക എന്നത് ജീവനെ പരിഗണിക്കാതിരിക്കുന്നതിനു തുല്യമാണ്. പക്ഷെ വിശ്വാസികള്‍ ഇനിയും ഒരു ജല സംസ്‌കാരം പഠിച്ചിട്ടു വേണം. വുദു എടുക്കുക എന്ന പേരില്‍ നഷ്ടപ്പെടുത്തി കളയുന്ന ജലം എല്ലാ സീമകളും അതിലംഘിക്കുന്നു. വുദുവിന്റെ ഭാഗങ്ങള്‍ മൂന്നു തവണ കഴുകുക എന്നത് സുന്നത്തായ കാര്യമാണ്. അതെ സമയം ജലം അത്യാവശ്യത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് നിര്‍ബന്ധ കാര്യവും. നിര്‍ബന്ധ കാര്യത്തെ അവഗണിച്ച് സുന്നത്തിനു പ്രാധാന്യം നല്‍കുന്ന രീതി ശരിയല്ല.

പലപ്പോഴും വുദു ചെയ്യാന്‍ ഒരാള്‍ ഉപയോഗിക്കുന്ന വെള്ളം കൊണ്ട് പത്തു പേര്‍ക്ക് വുദു ചെയ്യാം. കൂടുതല്‍ വെള്ളം കൊണ്ട് വുദു ചെയ്യുന്നത് പുണ്യമാണ് എന്നൊരു തെറ്റിദ്ധാരണ സമൂഹം കൊണ്ട് നടക്കുന്നു. കുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്യുന്നതാണ് കൂടുതല്‍ പുണ്യകരം. ഭൂമിയിലെ വിഭവങ്ങള്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യനും ജീവജാലങ്ങള്‍ക്കും ലഭിക്കണം എന്നതാണ് ദൈവിക തീരുമാനം. നമുക്ക് തൊട്ടു മുമ്പ് വരെ വിഭവങ്ങള്‍ ആരും കയ്യേറ്റം ചെയ്തിരുന്നില്ല. അതെ സമയം ഇന്ന് ഒരാള്‍ നൂറു പേരുടെ വിഭവങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. അതിന്റെ പേരില്‍ യാതൊരു മനഃക്ലേശവും അദ്ദേഹത്തിന് ഇല്ലാതെ പോകുന്നു. പ്രകൃതിയിലെ വിഭവങ്ങള്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് ഇസ്ലാം വിശ്വാസികള്‍ക്ക് പഠിപ്പിക്കണം. അനാവശ്യമായി ദുരുപയോഗം ചെയ്യുന്ന എന്തും ദൈവീക സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധം. എന്ത് കൊണ്ട് മഴ നമ്മോടു പിണങ്ങുന്നു എന്ന ചോദ്യത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന മറുപടി നാം പ്രകൃതിയോട് ക്രൂരത കാണിക്കുന്നു എന്നതാണ്. മഴ കാണാന്‍ കാശ് മുടക്കി വന്ന മിഷേല്‍ നിരാശയോടെ തിരിച്ചു പോകുന്നു. തങ്ങളുടെ നാട്ടില്‍ കൃത്യമായ മഴയുണ്ട് എന്നും മിഷേല്‍ പറയുന്നു. ഓരോ കൊല്ലവും കേരളക്കാരന്റെ മഴയെ കുറിച്ച രോദനം വര്‍ധിക്കുന്നു എന്നത് നല്ല സൂചനയല്ല.

Related Articles