Columns

കുട്ടിക്കടത്ത്: കെട്ടുകഥകള്‍ വീണുടയുമ്പോള്‍

‘സംസ്ഥാനത്തേക്കുള്ള കുട്ടിക്കടത്തുകേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി. പ്രാരംഭനടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചില്‍നിന്ന് ഉദ്യോഗസ്ഥര്‍ കേസ് രേഖകള്‍ ഏറ്റുവാങ്ങി. 2014 മെയ് 24, 25 തീയതികളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് കേസുകളുടെ രേഖകളാണ് ക്രൈംബ്രാഞ്ച് കൈമാറിയത്. പാലക്കാട് റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ കുട്ടിക്കടത്തുസംഭവങ്ങളും സി.ബി.ഐ. അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഡയറി പരിശോധിച്ച് ആവശ്യമെങ്കില്‍ സി.ബി.ഐ പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.കെ. രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിനു പുറമേ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിനു ശേഷം ജാമ്യത്തിലുള്ള ഇതരസംസ്ഥാനക്കാരടക്കമുള്ള പ്രതികളില്‍ നിന്ന് സംഘം വിശദമൊഴി രേഖപ്പെടുത്തും’ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ കുട്ടിക്കടത്തിന്റെ ബാക്കി വാര്‍ത്തകള്‍ ഒരിക്കല്‍ നാം ഇങ്ങിനെ വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.

കേരളം അന്ന് കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്തകള്‍ ഇവയായിരുന്നു. കേരളത്തിലെ അനാഥ ശാലകള്‍ അന്ന് സംശയത്തിന്റെ മുനയിലായിരുന്നു. കേരളം പോലെ സാമൂഹിക വിദ്യാഭ്യാസ ക്രമത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനത്തേക്കു പുറം സംസ്ഥാനങ്ങളില്‍ നിന്നും പഠിക്കാന്‍ കുട്ടികള്‍ വരിക എന്നത് ഒരു സാധാരണ സംഭവം മാത്രമാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും വിദ്യാഭാസത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയുടെ താഴെയാണ്. അവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ അതിലും ദയനീയം. കേരളത്തിലെ എല്ലാ അനാഥാലയങ്ങള്‍ക്കും സേവന മുഖമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെങ്കിലും പൊതുസ്വഭാവം ഒന്നാണ്. പഠനത്തിനും മറ്റു ജീവിത സൗകര്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന പലരും അങ്ങിനെ യതീംഖാന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസം നേടുന്ന വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. അപ്പോഴാണ് ആ വാര്‍ത്ത വന്നത്. യതീഖാനയുടെ മറവില്‍ കുട്ടികളെ കടത്തുന്നു. കുട്ടികളെ കൊണ്ട് വന്നു. അത് അവരുടെ രക്ഷിതാക്കളുടെ അറിവോടെ മാത്രം. അതില്‍ ചില സാങ്കേതിക പിഴവുകള്‍ സംഭവിച്ചിരിക്കാം.

പക്ഷെ അങ്ങിനെയല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. യതീംഖാനകള്‍ ഒരു സാമൂഹിക പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമാണ്. കേരളത്തിലെ വിദ്യാഭാസ സാമൂഹിക രംഗത്തെ വളര്‍ച്ചകളില്‍ യത്തീംഖാനകള്‍ അവരുടെ പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന് യതീംഖാനകളുടെ പ്രവര്‍ത്തനം നല്‍കിയ സംഭാവന വലുതാണ്. കേരളത്തിലേക്കാള്‍ കൂടുതല്‍ ഈ സേവനം അര്‍ഹിക്കുന്നവര്‍ ഇന്ന് കേരളത്തിന് പുറത്താണ്. അത്‌കൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ള കുട്ടികളെ പലരും കൊണ്ട് വരാന്‍ ശ്രമിക്കുന്നു.അത് പൂര്‍ണമായും അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം. അവിടുത്തെ സാമൂഹിക സാഹചര്യത്തില്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും ലഭിക്കില്ലെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

കേരളത്തില്‍ അന്ന് പത്ര-ചാനല്‍ ചര്‍ച്ചകളുടെ ആകെ രൂപം ഒരു കുട്ടിക്കടത്ത് എന്ന രൂപത്തിലായിരുന്നു. പലരും തങ്ങളുടെ ഭാവനക്ക് അനുസരിച്ചു കഥകള്‍ പടച്ചുണ്ടാക്കി. ചില ദൃശ്യ മാധ്യമങ്ങള്‍ അന്ന് ആ രീതിയിലാണ് കാര്യങ്ങളെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു സമുദായത്തിന്റെ സേവന പ്രവര്‍ത്തനത്തെ ക്രിമിനല്‍വല്‍ക്കരിക്കാന്‍ പോലും ശ്രമമുണ്ടായി. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് അന്നും കാര്യങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചത്. ഒരു കണക്കില്‍ സമുദായം ചെയ്തു വരുന്ന സേവന പ്രവര്‍ത്തനത്തെ പൂര്‍ണമായി നിരാകരിക്കാന്‍ പലരും ശ്രമിച്ചു. യതീംഖാന നടത്തിപ്പുക്കാരെ മാനസികമായി അന്നത്തെ ചര്‍ച്ചകളും നടപടികളും വല്ലാതെ വിഷമിപ്പിച്ചു. പെട്ടെന്നാണ് കേസ് സി ബി ഐ ഏറ്റെടുത്തത്. സംഘപരിവാര്‍ ഭരണത്തിലുള്ള സംസ്ഥാനമാണ് ബീഹാര്‍. അവിടുത്തെ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇതൊരു കുട്ടിക്കടത്തല്ല എന്ന രീതിയിലാണ്. തീര്‍ത്തും കുട്ടികളുടെ രക്ഷിതാക്കളുടെ അറിവോടെ എന്നും അവര്‍ പറയുന്നു. അതെ സമയം സംഘപരിവാറിന് സ്വാധീനം കുറവായ കേരളത്തില്‍ അവര്‍ തീരുമാനിച്ച രീതിയിലാണ് കാര്യങ്ങള്‍ നടന്നതും.

ഒരു മുസ്ലിം പക്ഷ വിഷയമാകുമ്പോള്‍ അതിനു കേരളത്തില്‍ റേറ്റിങ് കൂടുക എന്നത് ആധുനിക പ്രവണതയാണ്. അതെ സമയം കുട്ടിക്കടത്തില്‍ സത്യം പുറത്തു വന്നിട്ടും മാധ്യങ്ങള്‍ അത് കേട്ട രീതിയിലല്ല പ്രതികരിക്കുന്നത്. ലവ് ജിഹാദിന് ശേഷം മാധ്യമങ്ങളും തല്‍പര കക്ഷികളും പടച്ചുണ്ടാക്കിയ മറ്റൊരു നുണ കൂടി പൊളിയുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ വലിയ കാര്യമുണ്ട്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കേസില്‍ അനാവശ്യമായ ധൃതി കാണിച്ചു എന്നൊരു പരാതി കൂടി ഇരകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. സാമൂഹിക നീതി വകുപ്പ് കൈയാളുന്നത് മുസ്ലിം ലീഗിന്റെ മന്ത്രിയായിട്ടു കൂടി മന്ത്രിയും അന്നത്തെ പൊതുബോധത്തില്‍ അകപ്പെട്ടു പോയി എന്നുവേണം മനസ്സിലാക്കാന്‍. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പൊതുബോധത്തിന്റെ ഇരകളാണ് ഒരു കണക്കില്‍ കുട്ടിക്കടത്തു വിവാദം. അത്തരം പൊതു ബോധങ്ങളെ മറികടക്കാന്‍ സമുദായം ഇനിയും ബഹുദൂരം മുന്നോട്ടു പോകണം എന്നതാണ് ഈ സംഭവം നല്‍കുന്ന പാഠവും.

Facebook Comments
Related Articles
Close
Close