Columns

ഇതാണോ കേരള മുസ്‌ലിംകളുടെ പ്രധാന പ്രശ്‌നം ?

കേരള മുസ്‌ലിം സമുദായത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയമെന്താണ്?. സംശയമില്ല ആരാണ് ഗ്രാന്‍ഡ് മുഫ്തി എന്നത് ഉറപ്പു വരുത്തലാണ് എന്ന് വേണം മനസ്സിലാക്കാന്‍. കേരളത്തിലെ ഇരു സമസ്തക്കും ഈ തര്‍ക്കം കൊണ്ട് എന്ത് നേട്ടം എന്ന് കൂടി ഓര്‍ക്കണം. കേരള സമസ്തകള്‍ ശാഫി മദ്ഹബ് സ്വീകരിച്ചവരാണ്. ഗ്രാന്റ് മുഫ്തിയുടെ ആളുകളുടേത് ഹനഫീ സരണിയും. അതായത് ഒരു കേരളക്കാരനും അദ്ദേഹത്തോട് ഫത്വ ചോദിക്കാന്‍ പോകുന്നില്ല.

സംഘടനകള്‍ എന്തിന് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും അതിനുള്ള ഉത്തരം ലഭ്യമാകാതെ പോകും. കേരളത്തില്‍ തന്നെ ഒരേ ആശയക്കാര്‍ വിവിധങ്ങളായ കക്ഷികളായി പിരിയുന്ന വസ്തുതയാണ് നാം കാണുന്നത്. ഓരോ കക്ഷിയുടെയും മുഖ്യ ജോലി മറ്റേ കക്ഷിയെ ഇല്ലാതാക്കുക എന്നതും. ഗ്രാന്റ് മുഫ്തി എന്നത് കേരള മുസ്‌ലിംകളെയോ ഇന്ത്യന്‍ മുസ്‌ലിംകളെയോ ബാധിക്കുന്ന വിഷയമല്ല. അതൊരു അലങ്കാരമായി കൊണ്ട് നടക്കാം എന്നത് മാത്രമാണ് അതിനു പിന്നിലെ കാര്യം.

അതെ സമയം സമുദായത്തിലെ യുവാക്കള്‍ വഴി തെറ്റിപ്പോകുന്നത് ആരും കാണാതെ പോകുന്നു. സംഘടനകള്‍ തമ്മില്‍ പരസ്പരം യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന സമയം അതിനു മാറ്റി വെച്ചാല്‍ എത്ര നന്നാകുമായിരുന്നു. മത പണ്ഡിതര്‍ സമുദായത്തിന്റെ ആശ്രയമാണ്. സമൂഹത്തെ നേര്‍വഴിക്കു നയിക്കുക എന്നതാണ് അവരുടെ ചുമതല. അതെ സമയം അവര്‍ തന്നെ സമുദായത്തില്‍ കുഴപ്പത്തിന് കാരണമാകുന്നു. അവര്‍ക്കു വേണ്ടി ആളുകള്‍ പരസ്പരം കക്ഷി പിരിയുന്ന അവസ്ഥ എന്തു കൊണ്ടും ഒഴിവാക്കണം. പ്രവാചകരുടെ പിന്‍ഗാമികളാണ് പണ്ഡിതര്‍ എന്നാണ് പ്രമാണം. പ്രവാചകര്‍ തങ്ങളുടെ സ്ഥാനം സമൂഹത്തില്‍ അനര്‍ഹമായ ഒന്നും നേടിയെടുക്കാന്‍ ഉപയോഗിച്ചിട്ടില്ല. അവര്‍ ശ്രമിച്ചത് സമൂഹത്തില്‍ വിജ്ഞാനവും സംസ്‌കാരവും പഠിപ്പിക്കാനാണ്. അതെ സമയം ഇന്ന് പലര്‍ക്കും താല്പര്യം സ്ഥാനമാണ്. തങ്ങളുടെ അണികള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്നത് പോലും തനിക്കും കുടുംബത്തിനും ഭരണകൂടങ്ങളില്‍ നിന്നും ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ അനുസരിച്ച് എന്ന് വന്നാല്‍ അവരെ നമുക്ക് ശരിയായ പണ്ഡിതര്‍ എന്ന് പറയാന്‍ കഴിയില്ല.

തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ മറ്റൊരു വഴിക്ക് മുന്നേറുന്നു. ഞാന്‍ നല്ലവനാണ് മറ്റവന്‍ മോശമാണ് എന്ന രീതിയിലാണ് ഈ വിഷയത്തിലെ സംഘടനകളുടെ നിലപാട്. ഒരിക്കല്‍ കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തകരെ ഭീകരരാക്കാന്‍ പല സംഘടനകളും ശ്രമിച്ചിരുന്നു. അന്ന് അവരുടെ ചര്‍ച്ചയുടെ രീതി അതായിരുന്നു. അതെങ്ങനെ അവരെ ഇപ്പോള്‍ പിന്തുടരുന്നു എന്നത് നമ്മുടെ മുന്നിലുള്ള വര്‍ത്തമാന ചര്‍ച്ചയാണ്. പരസ്പരം ഭീകരത ചര്‍ച്ച ചെയ്യുമ്പോഴും നമുക്ക് പറയാന്‍ കഴിയുക അത് തീകൊണ്ടു തല ചൊറിയലാണ്. മുസ്ലിം സംഘടനകള്‍ കുറച്ചു കൂടി ശ്രദ്ധ കാണിക്കണം. തീവ്രവാദം,ഭീകരവാദം എന്നത് ചെറിയ കാര്യമല്ല. കേരള മുസ്ലിം സമൂഹത്തില്‍ ഒരിടത്തും കേള്‍ക്കാന്‍ പാടില്ലാത്തതു കേള്‍ക്കുമ്പോള്‍ ചിലര്‍ മുഫ്തിയെ തീരുമാനിക്കാനുള്ള തിരക്കിലാണ്. നമ്മുടെ യുവതയെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം കുറച്ചു കൂടി സഹിഷ്ണുത നിലപാടിലേക്ക് പണ്ഡിതര്‍ മാറേണ്ടതുണ്ട്.

സംഘടനകള്‍ എന്തിന് എന്ന ചോദ്യത്തിന് ഇസ്‌ലാമിന് വേണ്ടി എന്നാണ് ഉത്തരമെങ്കില്‍ ഇപ്പോഴത്തെ പലതും മാറ്റി പിടിക്കേണ്ടി വരും. അതെ സമയം നേതാവ്,സംഘടന എന്നതാണ് ഉത്തരമെങ്കില്‍ ഒരു കൂട്ടായ നാശത്തിലേക്കാണ് മൊത്തം സമുദായം വന്നു നില്‍ക്കുക. ശത്രു പല രൂപത്തിലും പുറത്തു കാത്തു നില്‍ക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് വിജയം. അതിനു കൂട്ടായ പരിശ്രമം അത്യാവശ്യവും.

Facebook Comments
Show More

Related Articles

Check Also

Close
Close
Close