Current Date

Search
Close this search box.
Search
Close this search box.

ബഹറയുടെ വംശീയക്കണ്ണട

സംഘടിത കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ കുറവില്ല. അത് പോലെ തന്നെ കുറ്റകൃത്യം തടയാനുള്ള നിയമങ്ങളും കുറവില്ല. കാലാകാലങ്ങളിൽ കുറ്റകൃത്യം തടയാൻ പുതിയ നിയമങ്ങൾ നാം കൊണ്ട് വരുന്നു. പക്ഷെ അത് കൊണ്ടൊന്നും നമ്മുടെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി നമുക്ക് അനുഭവപ്പെടുന്നില്ല.

നമ്മുടെ നാട് ഭരിക്കുന്നത്‌ വംശീയതയിൽ വിശ്വസിക്കുന്നവരാണ്. ചില ശത്രുക്കളെ സ്വയം ഉണ്ടാക്കി വെച്ചാണ് അവർ കാര്യങ്ങൾ നടപ്പാക്കുന്നത്. നാട്ടിലെ പല ഭീകര വിരുദ്ധ, തീവ്രവാദ വിരുദ്ധ നിയമങ്ങളും ചില സമുദായങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത കാലത്താണ് നാം ജീവിക്കുന്നത്. അത് കൊണ്ടാണ് ചിലർ സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ചാൽ അത് തീവ്രവാദവും ദേശ വിരുദ്ധവുമാകുന്നത്. അതെ സമയം മറ്റു ചിലരുടെ കാര്യത്തിൽ എന്ത് നിയമ ലംഘനം നടത്തിയാലും പലപ്പോഴും അത് ദേശ സ്നേഹത്തിന്റെ കണക്കിൽ വരവ് വെക്കുന്നതും.

കേരളത്തിന്റെ പിരിയാൻ പോകുന്ന പോലീസ് മേധാവി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് ഒരു അഭിമുഖം നൽകി. ദീർഘ കാലമായി പോലീസ് മേധാവി സ്ഥാനം വഹിക്കുന്നയാൾ എന്നതു കൊണ്ട് കേരളത്തിലെ പോലീസിനെ കുറിച്ചും സമൂഹത്തിന്റെ കുറ്റകൃത്യത്തോടുള്ള നിലപാടിനെ കുറിച്ചും പറയാൻ അദ്ധേഹത്തെക്കാൾ ഉത്തമനായ മറ്റൊരാളെ കണ്ടെത്താൻ കഴിയില്ല. കേരളം തീവ്രവാദികളുടെ പറുദീസ എന്നാണു അദ്ദേഹത്തിന്റെ വാക്കിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്. കേരളത്തെ കുറിച്ച് ഈ രീതിയിൽ നിരന്തരം പ്രചരണം നടത്തുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അത് മറ്റാരുമല്ല , സംഘ പരിവാർ മാത്രം. കേരളം തങ്ങളുടെ കൈപിടിയിൽ ഒതുങ്ങില്ല എന്നത് അവർക്ക് നല്ല ബോധ്യമാണ്. ജാതി മത ഭേദമന്യേ കേരള മണ്ണിൽ നിന്നും സംഘ പരിവാരത്തെ നാം അകറ്റി നിർത്തിയിരിക്കുന്നു.

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ഒരു ചൊല്ല് മാത്രമല്ല അതൊരു തീരുമാനം കൂടിയാണ്. കേരളത്തിൽ അടുത്തിടെ ഉന്നത സ്ഥാനത്തു നിന്നും വിരമിച്ച പലരും ചെന്ന് ചേർന്നിട്ടുള്ളത് സംഘ പരിവാർ ആലയത്തിലാണ്. സംഘ പരിവാരിനു തങ്ങളുടെ ഭരണ കാലത്ത് അവർ എന്തൊക്കെ സഹായം ചെയ്തു എന്നത് ഒരു പഠന വിഷയമാണ്‌. അതിൽ പഴയ സംസ്ഥാന പോലീസ് മേധാവികളുമുണ്ട്. വിദ്യാഭ്യാസമുള്ളവരാണ് എന്നതാണ് കേരള മണ്ണിൽ വർഗീയത വളരാതിരിക്കാൻ കാരണമായി സംഘ പരിവാർ പോലും പറയുന്നത്. സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ബഹറയുടെ വാക്കുകൾ അത്ര നിസാരമായി തള്ളിക്കളയാൻ കഴിയില്ല. അതേറ്റു പിടിക്കാൻ പലരും പുറത്തു കാത്തു നിൽക്കുന്നുണ്ട്.

നിലവിലുള്ള നിയമങ്ങളുടെ മാനുഷിക വിരുദ്ധത നാം കാലങ്ങളായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഭരണ കൂടങ്ങൾക്ക് പ്രജകളുടെ പ്രതികരണം പലപ്പോഴും ഭയം ജനിപ്പിക്കുന്നു. അതിനെ നേരിടാൻ നിയമത്തെ കൂട്ട് പിടിച്ചു അവർ പല നിയമങ്ങളും ചുട്ടെടുക്കുന്നു. അതിന്റെ അവസാന പതിപ്പായി യു എ പി എ കണക്കാക്കപ്പെടുന്നു. അതെ സമയം കേന്ദ്ര നിയമത്തിനു പുറമേ “ മക്കോക (MCOCA) പോലെ സംസ്ഥാനവും പുതിയ നിയമം ഉണ്ടാക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെടുന്നു. മഹാരാഷ്ട്ര സർക്കാർ സംഘടിത കുറ്റകൃത്യങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ 1999 ൽ നിർമ്മിച്ച നിയമമാണ് MCOCA. നിയമം ഉണ്ടാക്കുക എന്നതിനേക്കാൾ പ്രസക്തം അതെങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്നിടത്താണ്. പലപ്പോഴും ഈ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നത് പ്രജകളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുക എന്നിടത്താണ്.

മാവോ വേട്ട കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഇടതു പക്ഷം ഭരിക്കുന്ന കാലത്ത് നടക്കുന്നു എന്ന കാരണത്താൽ തന്നെ കേരളത്തിലെ മാവോ വേട്ടകൾ ഭരണ കക്ഷിയിൽ നിന്ന് തന്നെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. അവസാനമായി അതിന്റെ പേരിൽ രണ്ടു ഇടതു പ്രവർത്തകരെ യു എ പി എ ചുമത്തിയതും നാം കണ്ടു. അതിലൊന്നും ഒരു തെറ്റും പോലീസ് മേധാവി കണ്ടില്ല എന്നത് നമ്മെ ഭയപ്പെടുത്തണം. അത് കൊണ്ട് തന്നെ ഇതെല്ലാം വരും നാളുകളിലും ആവർത്തിച്ചു പോയാൽ നാം ആരും അത്ഭുതപ്പെടെണ്ടി വരില്ല.

കേരളം സംഘടിത കുറ്റകൃത്യങ്ങളുടെ പറുദീസ എന്നത് മറൊരു അർത്ഥത്തിൽ ശരിയാണ്. അടുത്തിടെ കേരളത്തിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അത്ര സുഖകരമല്ല. കള്ളപ്പണവും സ്വർണക്കടത്തും മയക്കു മരുന്ന് വ്യാപാരവും നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഇതിന്റെയെല്ലാം വേരുകൾ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചെന്ന് നിൽക്കുന്നതാണ് നാം കാണുന്നത്. പക്ഷെ അതെല്ലാം കുറച്ചു ദിവസത്തെ മാധ്യമ ബഹളത്തിനു ശേഷം കെട്ടടങ്ങുന്നു. കേരളം കരുതലോടെ കാണേണ്ട കാര്യം ഇതൊക്കെയാണ്. സംസ്ഥാനത്ത് കള്ളപ്പണം വിതരണം ചെയ്യപ്പെട്ട കേസിൽ ഒരാളെയും അറസ്റ്റു ചെയ്യപ്പെട്ടില്ല. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സ്വർണ കടത്തും അനുബന്ധ കാര്യത്തിലും കാര്യങ്ങൾ പോകുന്നത് ശരിയായ വഴിയിലാണ് എന്ന് പറയാൻ കഴിയില്ല.

 

Related Articles