Current Date

Search
Close this search box.
Search
Close this search box.

മാറ്റം ജീവിത ശൈലിയില്‍

പ്രളയം നല്‍കിയ ഗുണപാഠങ്ങളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്ന നിരവധി അഭിപ്രായ പ്രകടനങ്ങളില്‍ ഒന്നിങ്ങനെ വായിക്കാം. ഞാന്‍ സംഭവിച്ച ദുരിതങ്ങളൊക്കെയും രചനാത്മകമായി ഉള്‍ക്കൊള്ളുന്നു. ഞാന്‍ വിശപ്പറിഞ്ഞു. കിടപ്പാടത്തിന്റെ വിലയറിഞ്ഞു. കുടിക്കുന്ന വെള്ളത്തിന്റെ വിലയറിഞ്ഞു. വസ്ത്രത്തിന്റെ വിലയറിഞ്ഞു. ഈ ലോകത്ത് എന്തൊക്കെയുണ്ടോ അതിന്റെയൊക്കെ വിലയറിഞ്ഞു. എന്റെ കുടുംബം അറിഞ്ഞു. നമുക്ക് കൂടുതല്‍ വസ്ത്രത്തിന്റെ ആവശ്യമില്ല. ആഭരണത്തിന്റെ ആവശ്യമില്ല. ഞാന്‍ കാലില്‍ ചെരിപ്പ് പോലുമില്ലാതെ ഒരു ചെറിയ പാന്റ്‌സും ബനിയനുമിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ക്യു നിന്നത്. എന്നെ കണ്ടാല്‍ പിച്ചക്കാരിയെക്കാളും വലിയ പിച്ചക്കാരിയായേ തോന്നുമായിരുന്നുള്ളു. നമ്മള്‍ ഒരു ദിവസം എത്ര പ്രാവശ്യമാണ് കണ്ണാടിയുടെ മുന്നില്‍ നോക്കി ഏന്തിനില്‍ക്കുക! ഏതു സാരി ധരിച്ചാലാണ് ഏത് ആഭരണം അണിഞ്ഞാലാണ് മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുക എന്നൊക്കെയല്ലേ നാം ആലോചിച്ചിരുന്നത്. എല്ലാം പ്രകൃതി ഒരു നിമിഷ നേരം കൊണ്ട് തട്ടിയെടുത്തിരിക്കുന്നു. പ്രകൃതി നമ്മെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഞാനിനി നന്നാകാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ സങ്കടപ്പെടുന്നില്ല. ഞാന്‍ പൊസിറ്റീവായെടുക്കുകയാണ്. അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. ഇനിയും നമുക്ക് അവസരമുണ്ട് നന്നാകാന്‍. സഹായിച്ച് കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഞാനും ഇനി മുതല്‍ നിങ്ങളോടൊപ്പമുണ്ടാകും. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍.

പതിറ്റാണ്ടുകളായി കേരളം കമ്പോള സംസ്‌കാരത്തിന്റെ പിടിയിലായിരുന്നു. ശരീര കാമനകളുടെ കേളികൊട്ടുകള്‍ക്ക് കീഴ്‌പെടാത്തവരിവിടെ വളരെ വിരളം. പലരും ഭോഗാസക്തിക്കടിപ്പെട്ട് ആര്‍ത്തി മൂര്‍ത്തികളായി മാറുകയായിരുന്നു. കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിച്ചു. ചിലരെങ്കിലും എങ്ങനെയെങ്കിലും എല്ലാം തട്ടിയെടുത്തു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെച്ചു. അതിനാല്‍ ആര്‍ഭാടവും ആഢംബരവും പലയിടത്തും നിറഞ്ഞാടുകയായിരുന്നു. ധൂര്‍ത്തും ദുര്‍വ്യയവും നമ്മുടെ ജീവിതത്തിന്റെ മുഖമുദ്രയാവുകയായിരുന്നു.

ചരിത്രത്തില്‍ പലപ്പോഴും പലയിടത്തും സംഭവിച്ചതു പോലെ പ്രകൃതി വിപത്ത് വന്‍ പ്രളയമായി കേരള ജനതയെ അഗാധമായി ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഏതു ശിലാ ഹൃദയന്റ പോലും കരളലിയിക്കുന്ന കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. ജീവനുവേണ്ടി കരഞ്ഞട്ടഹസിച്ചവര്‍; മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകളോളം പേടിച്ച് വിറച്ചവര്‍; ജീവിതകാലം മുഴുവന്‍ കഠിനമായി അദ്ധ്വാനിച്ച് നേടിയതൊക്കെ നിമിഷ നേരം കൊണ്ട് നിശ്ശേഷം നഷ്ടപ്പെട്ടവര്‍, വലിയ പ്രതീക്ഷയോടെ പാടുപെട്ടുണ്ടാക്കിയ വീട് പാടേ തകര്‍ന്നടിഞ്ഞവര്‍; വീട് നിന്നിടം അടയാളം പോലും അവശേഷിപ്പിക്കാതെ ഒലിച്ചുപോയത് നിസ്സഹായരായി നോക്കി നില്‍ക്കുന്നവര്‍, സമ്പന്ന കുടുംബത്തില്‍ ജനിച്ച് സുഖലോലുപതയില്‍ വളര്‍ന്ന് ദിവസങ്ങളോളം വിശന്നും ദാഹിച്ചും ഉടുതുണിയല്ലാതൊന്നുമില്ലാതെ തണുത്ത് വിറച്ചും കഴിഞ്ഞവര്‍; ഒരു നേരത്തെ ആഹാരത്തിനും ഒരു ഗ്ലാസ് വെള്ളത്തിനും ഒരു കീറ് പായക്കും ഒരു കഷ്ണം തുണിക്കും വേണ്ടി ക്യൂ നില്‍ക്കേണ്ടി വന്നവര്‍; സ്വകാര്യ ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രങ്ങള്‍ക്ക് വേണ്ടി കേണു കരഞ്ഞ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരുടെ ഉറക്കം കെടുത്തുന്ന അസംഖ്യം അനുഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്.

ഇത് കേരള ജനതയുടെ സദ് വികാരത്തെയും അത്യുദാരതയെയും സഹാനുഭൂതിയെയും സാഹോദര്യബോധത്തെയും സേവന സന്നദ്ധതയെയും ത്യാഗമനസ്സിനെയും സഹായ സഹകരണ ശീലത്തെയും ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ മികച്ച നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അത്ര തന്നെയോ അതിനെക്കാളോ പ്രധാനമാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ജീവിത ശൈലീ മാറ്റം. ധൂര്‍ത്തിനോടും ദുര്‍വ്യയത്തോടും ആര്‍ഭാടത്തോടും അമിത വ്യയത്തോടും വിട പറയുമെന്ന് പ്രതിഞ്ജയെടുക്കാന്‍ ഓരോ വറ്റും ഓരോ കഷ്ണം തുണിയും വളരെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ ഈ ദുരിതകാലത്ത് നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് നമുക്ക് ഇത്തരമൊരു തിരിഞ്ഞു നടത്തത്തിനു സാധിക്കുക?

Related Articles