Current Date

Search
Close this search box.
Search
Close this search box.

ഇതാണോ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകേണ്ടത് ?

tv-remote.jpg

കുറച്ചു ദിവസമായി ശക്തമായ തലവേദന തുടങ്ങിയിട്ട്. അറിയാവുന്ന നാടന്‍ ചികിത്സകള്‍ പലതും ചെയ്തു നോക്കി. വേദനക്ക് കാര്യമായ മാറ്റമില്ല . അവസാനം പരമു പട്ടണത്തിലെ വൈദ്യരെ കാണാന്‍ തീരുമാനിച്ചു. കാലത്തു തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ഇടയ്ക്കു വെച്ച് അടുത്തുള്ള തോട് മുറിച്ചു കടക്കുമ്പോള്‍ ചെളിയില്‍ താഴ്ന്നു ചെരുപ്പ് പൊട്ടിപ്പോയി. പിന്നെ പരമുവിന്റെ വിഷയം തലയ്ക്കു പകരം ചെരുപ്പായി. ആദ്യം കണ്ട കടയില്‍ കയറി ചെരുപ്പും വാങ്ങി പരമു തിരിച്ചു നടന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തലക്കാണ് അസുഖം വന്നിട്ടുള്ളത്. അടുത്ത നാള്‍ വരെ ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെയായിരുന്നു. ആരുടെയോ തലയില്‍ ഉദിച്ച ചില തീരുമാനം നമ്മുടെ ചര്‍ച്ചയുടെ വഴി തന്നെ മാറ്റിയിരിക്കുന്നു. കേരളം ഇപ്പോള്‍ ഇന്ത്യ ചര്‍ച്ച ചെയ്യുന്ന ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. ഫാസിസവും റാഫേലും ജനാധിപത്യ വിരുദ്ധതയും നമ്മുടെ ചര്‍ച്ചകളില്‍ നിന്നും അകന്നു പോയി. നാം പരമുവിന്റെ മറ്റൊരു പതിപ്പായി. തല മറന്നു കാലില്‍ ചെരിപ്പിട്ടു നാം തിരിച്ചു നടന്നു .

രാഹുലിന്റെ വരവോടെ കേരളത്തിന്റെ ചര്‍ച്ചയുടെ ദിശ മാറിയിരിക്കുന്നു. മതേതര കക്ഷികള്‍ക്ക് തന്നെ സ്വബോധം നഷ്ടമായത് പോലെ. വിശാലമായ രാജ്യ താല്‍പര്യങ്ങളില്‍ നിന്നും വഴുതി മാറി കേവലം വ്യകതിപരമായ ചര്‍ച്ചകളിലേക്ക് കേരളം ചുരുങ്ങിയിരിക്കുന്നു. കേരളം പോലെ ഫാസിസത്തിന് ശക്തമായ വേരിലാത്ത ഒരു സംസ്ഥാനത്തു മതേതര കക്ഷികള്‍ പരസ്പരം മത്സരിക്കുക എന്നത് മോശം കാര്യമല്ല. പക്ഷെ നമ്മുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നു നില്‍ക്കേണ്ടത് ദേശീയ രാഷ്ട്രീയമായിരിക്കണം.

ഇന്ത്യയിലെ പ്രശസ്തരായ ഇരുനൂറിലേറെ എഴുത്തുകാര്‍ വുദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാന്‍ ഒരു ആഹ്വാനം നല്‍കിയിട്ടുണ്ട്. ആനന്ദ് ടെല്‍ഡുബ്‌ഡെ, അരുന്ധതി റോയ്, ഗിരീഷ് കര്‍ണാട്, നയന്‍താര സെല്‍ഗല്‍, ടി.എം. കൃഷ്ണ, റോമീള തപര്‍ എന്നീ പ്രശസ്തര്‍ അടങ്ങിയ ഫോറമാണ് അങ്ങിനെ ഒരു ആഹ്വാനം നടത്തിയത്. രാജ്യത്തെ വിഭജിക്കാനും, ജനങ്ങളെ കൂടുതല്‍ ഭയചികരാക്കാനും ആളുകളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താനും മാത്രമേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയം കൊണ്ട് സാധിക്കൂ എന്നവര്‍ ഉറപ്പിച്ചു പറയുന്നു. കുറച്ചു ദിവസം മുമ്പ് കുറെ സിനിമ പ്രവര്‍ത്തകരും അത്തരം ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു .

ഇതൊന്നും നമ്മുടെ പ്രബുദ്ധ കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. ഇന്ത്യയിലെ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട് എന്നത് തന്നെ ദേശീയ ചര്‍ച്ചകള്‍ കടന്നു വരാന്‍ കാരണമാണ്. നമ്മുടെ ചര്‍ച്ചകളെ ആരൊക്കെയോ വഴി തെറ്റിച്ചു വിട്ടിരിക്കുന്നു. ഫാസിസത്തിനെതിരെ ശക്തമായ നിലപാടുള്ള കേരളക്കാരന്റെ വാക്കുകള്‍ അടഞ്ഞു പോയാല്‍ ബാക്കിയുള്ള പ്രതീക്ഷകളും അസ്തമിക്കും. അതിനാല്‍ നാം തിരിച്ചറിയണം അസുഖം നമ്മുടെ തലക്കാണ്. കാലില്‍ ചെരുപ്പിട്ടാല്‍ തീരുന്നതല്ല. ഫാസിസത്തെ താഴെയിറക്കാന്‍ നിലവില്‍ കോണ്‍ഗ്രസ്സാണ് ബദല്‍ എന്ന് അംഗീകരിക്കുമ്പോഴും മറ്റു ചില കാരണങ്ങളാല്‍ അത് നിരസിക്കുന്ന ഇടതുപക്ഷവും, മതേതര കക്ഷികളെ കൂടുതല്‍ അകറ്റാന്‍ കാരണമാകുന്ന കോണ്‍ഗ്രസ്സ് നിലപാടും ഒരുവേള പുനഃപരിശോധിക്കണം. അപ്പോഴും നമ്മുടെ ഉന്നം മറക്കരുത്, അത് ഫാസിസമാണ്.

Related Articles