Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ഗള്‍ഫ് സ്വാധീനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

വിമാനത്തില്‍ അടുത്തിരുന്ന കോഴിക്കോട്ടുക്കാരനോട് വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ വിവാഹത്തെ കുറിച്ചും ചോദിച്ചു. മുപ്പതു വയസ്സിനു മുകളില്‍ പ്രായമുണ്ട് അദ്ദേഹത്തിന്. ദുബായില്‍ ഒരു ഹോട്ടലില്‍ കുക്കായി ജോലി ചെയ്യുന്നു. എന്ത് കൊണ്ട് വിവാഹം കഴിക്കാന്‍ താമസിച്ചു എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ‘വീട്ടുകാര്‍ ഓര്‍മ്മിപ്പിച്ചില്ല’ എന്നായിരുന്നു. പിന്നെ പണ്ടത്തെ പോലെ ഗള്‍ഫുകാരന് അത്ര മാര്‍ക്കറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറു ചിരിയോടെ ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷെ കേരളത്തില്‍ ഗള്‍ഫുകാര്‍ക്ക് വിവാഹ കമ്പോളത്തില്‍ മാര്‍ക്കറ്റില്ല എന്ന കാര്യം ഇപ്പോള്‍ വിദേശ മാധ്യമങ്ങളും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഗള്‍ഫു രാജ്യങ്ങളിലെ പ്രതിസന്ധി ഒരു പ്രദേശത്തെ ഒന്നാകെ ബാധിക്കുന്നു എന്ന് വരികില്‍ അത് കേരളത്തെയാകും എന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയുടെ വിലയിരുത്തല്‍. രണ്ടു മില്യണ്‍ കേരളീയര്‍ മാത്രം ഗള്‍ഫ് നാടുകളില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് സഊദിയില്‍ നിന്ന് മാത്രം തിരിച്ചു പോയത് ഒരു മില്യണ്‍ വിദേശികളാണ്. അതില്‍ 30 ശതമാനവും കേരളീയരായിരുന്നു എന്നാണ് പഠനം പറയുന്നത്. മലബാര്‍ മേഖല അധികവും ഗള്‍ഫിനെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന സാമ്പത്തിക മേഖലയാണ് എന്നത് കൊണ്ട് തന്നെ ഈ തിരിച്ചു വരവ് ഒരു പഠന വിഷയമായി വിദേശ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു.

ഒരു കാലത്ത് ഗള്‍ഫിന്റെ എല്ലാ മേഖലകളിലും മലയാളി സ്പര്‍ശം കാണാമായിരുന്നു. സഊദി പോലുള്ള പല നാടുകളിലും അത് ഇപ്പോള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 60 വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായ വലിയ വിപ്ലവം സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായിരുന്നു. 36 ശതമാനം എന്നിടത്തു നിന്നും 95 ശതമാനം എന്നതിലേക്കാണ് അത് കുതിച്ചുയര്‍ന്നത്. അതിന് ഗള്‍ഫ് ഒരു കാരണമാണ്. വിവാഹ മാര്‍ക്കറ്റില്‍ പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരുഷനെ പിന്തള്ളി സ്ത്രീ മുന്നില്‍ വരുന്നു. പഴയ കാലത്ത് ഉണ്ടായ രീതിപോലെ പ്രവാസിയുടെ ഭാര്യ എന്നതിനോട് കേരളത്തിലെ പെണ്‍കുട്ടികള്‍ യോജിക്കുന്നില്ല. വിവാഹ മാര്‍ക്കറ്റില്‍ അത് കൊണ്ട് തന്നെ നാട്ടില്‍ ജോലിയുള്ളവരെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നു എന്നും അല്‍ജസീറ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഗള്‍ഫ് തൊഴില്‍ മേഖകളിലെ താളക്രമങ്ങള്‍ ആയിരക്കണക്കിന് മൈല്‍ ദൂരെയുള്ള ഒരു ജനതയെ എങ്ങിനെ ബാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. എണ്ണയുടെ കണ്ടെത്തല്‍ ഗള്‍ഫ് മേഖലകളിലേക്ക് വിദേശികളെ കുടിയേറാന്‍ പ്രേരിപ്പിച്ചു. പല നാടുകളിലും എണ്ണയുടെ പ്രതിഫലനം കണ്ടു. പക്ഷെ കേരളത്തില്‍ കാണുന്നത് പോലെ മറ്റൊരിടത്തും കണ്ടില്ല എന്നാണ് അല്‍ ജസീറ എടുത്തു പറയുന്നതും. കേരളം പല വിഷയത്തിലും ലോകത്തിന്റെ ചര്‍ച്ചയുടെ ഭാഗമാണ് എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.

Related Articles