Current Date

Search
Close this search box.
Search
Close this search box.

വായിക്കുന്ന നകുലന്‍ മാഷും വായിക്കാത്ത സംഘ പരിവാറും

നകുലന്‍ മാഷിന് ഒരു കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയാണ്. അതായത് ഒരു ദിവസം ക്ലാസ്സില്‍ ഒരു പേജു മാത്രമേ പഠിപ്പിക്കൂ. അന്നും മാഷ് ക്ലാസ് തുടങ്ങി. ഉപമയും അലങ്കാരവുമാണ് വിഷയം. പേജ് അവസാനിക്കുന്നത് ഇങ്ങിനെ ‘ഇനി മറ്റൊരു ഉദാഹരണം നോക്കാം. അരണ കടിച്ചാല്‍ ഉടനെ മരണം’ നകുലന്‍ മാഷ് വാചാലനായി. അരണയെ കുറിച്ചും അതിന്റെ വിഷത്തെ കുറിച്ചും കടിച്ചാല്‍ ഉണ്ടാകുന്ന വിപത്തിനെ കുറിച്ചും അന്നത്തെ ക്ലാസ് പൊടിപൊടിച്ചു. പിറ്റേന്ന് അടുത്ത പേജ് മറിച്ചപ്പോഴാണ് മാഷിന് അമളി മനസ്സിലായത്. പേജ് തുടങ്ങുന്നത് ഇങ്ങിനെ ‘എന്നതു ശരിയല്ല’. ഇന്നലെ പറഞ്ഞത് മാറ്റി പറയലാണ് ഇന്നത്തെ ക്ലാസ്.

പക്ഷെ സംഘ പരിവാറിന് അത് വേണ്ടി വരില്ല. കാരണം അവര്‍ വായിക്കാറില്ല എന്നത് തന്നെ. തലക്കെട്ടിലപ്പുറം മറ്റൊന്നും അവര്‍ വായിക്കില്ല. അല്ലെങ്കില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞത് പോലെ അവര്‍ ഇങ്ങിനെ പ്രതികരിക്കില്ലായിരുന്നു. ഇസ്‌ലാമിലേക്ക് മതം മാറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു എന്നാതാണ് സംഘ് പരിവാര്‍ പ്രചരിപ്പിച്ചു വരുന്നത്. അതൊരു ലേഖനമായിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘമായ സംഭാഷണത്തിന്റെ ചുരുക്കമാണ് പത്രത്തില്‍ വന്നത്. വാര്‍ത്തയുടെ സെന്‍സേഷന് വേണ്ടി ലേഖകന്‍ സ്വയം ഒരു തലക്കെട്ട് സ്വീകരിച്ചു എന്നതുമാണ് സത്യം. തലക്കെട്ടും ലേഖനത്തിലെ ഉള്ളടക്കവും തീര്‍ത്തും ഭിന്നമാണ്. വായിച്ചാല്‍ ആര്‍ക്കും മനസ്സിലാവും.

ഇസ്‌ലാം മതമാണ് നല്ലത് എന്നൊരു അഭിപ്രായം ഒരിടത്തും കെ ഇ എന്‍ പറയുന്നില്ല. പകരം മതപരിവര്‍ത്തനം എങ്ങിനെ നവോത്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. നവോത്ഥാന കാലത്തിനു മുമ്പ് മതം മാറ്റം ഒരു സാധാരണ സംഭവമായിരുന്നു. അതെ സമയം നവോത്ഥാന കാലത്തിനു ശേഷം അതൊരു വലിയ സംഭവമായി മാറുകയും ചെയ്തു. ചുരുക്കത്തില്‍ നവോത്ഥാന കാലത്തിനു ശേഷം ജനാധിപത്യ മൂല്യങ്ങള്‍ ഇല്ലാതായി പോയി എന്നതാണ് ലേഖനത്തിലെ ഒരു സൂചിക. കേരള നവോത്ഥാനത്തിനു ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ എടുത്തു പറയുമ്പോള്‍ തന്നെ സമാനമായ സംഭാവനകള്‍ ശ്രീനാരായണ ഗുരുവും ഇരുപതാം നൂറ്റാണ്ടില്‍ നമ്പൂതിരി യുവജന വിഭാഗവും നല്‍കിയിരുന്നു എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. ഏകദൈവ വിശ്വാസത്തില്‍ നിന്നും രൂപം കൊണ്ടതും ശ്രീ നാരായണ ചിന്തയില്‍ നിന്നും പുറത്തു വന്നതും എല്ലാം പ്രായോഗിക തലത്തില്‍ ഒന്ന് തന്നെ എന്നാണു ലേഖനത്തില്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍.

ഇസ്‌ലാം വിമോചനമാണ് എന്ന് കെ ഇ എന്‍ പറഞ്ഞിട്ട് വേണ്ട മനസ്സിലാക്കാന്‍. പ്രവാചകനെ കുറിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച പ്രയോഗങ്ങള്‍ വായിച്ചാല് അത് മനസ്സിലാവും. കേവല ആത്മീയത എന്നായിരുന്നില്ല പ്രവാചകന്‍ പഠിപ്പിച്ചതും പ്രായോഗിക തലത്തില്‍ മനസ്സിലാക്കി തന്നതും. അതിനു സാമൂഹിക വിമോചനത്തിന്റെ കൂടി സ്വഭാവമുണ്ടായിരുന്നു. മക്കയിലെ സവര്‍ണരും മദീനയിലെ പൗരോഹിത്യവും മനുഷ്യരെ എങ്ങിനെയൊക്കെ വിരഞ്ഞു മുറുക്കിയിരുന്നു എന്ന് ആ കാലത്തെ ചരിത്ര പഠനം കൊണ്ട് മനസ്സിലാവും. അവിടെയാണ് അറബിയും അനറബിയും കറുത്തവനും വെളുത്തവനും തുല്യ പരിഗണനയാണ് എന്ന് പ്രവാചകന്‍ പറഞ്ഞു വെച്ചത്.

ഇന്നും ഇന്ത്യയിലെ മതം മാറ്റങ്ങള്‍ക്കു കാരണം പലപ്പോഴും ആദര്‍ശമല്ല. ജാതീയമായി തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ഒരു അറുതി എന്നതാണ്. മത പരിവര്‍ത്തനം പലപ്പോഴും ഒരു വിലപേശലിന്റെ കൂടി കാരണാണ് എന്നും ലേഖനത്തില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ഒരാള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥയെയാണ് കെ ഇ എന്‍ ജാനാധിപത്യമായി കരുതുന്നത്. പാര്‍ട്ടി മാറുന്നത് പോലെ ഒന്ന് മടുത്താല്‍ അല്ലെങ്കില്‍ വേണ്ടത്ര സംതൃപ്തി തരുന്നില്ലെങ്കില്‍ അടുത്തതിലേക്ക് അല്ലെങ്കില്‍ മത നിരാസത്തിലേക്കു എന്ന ശ്രേണി സുഖമമായി നടക്കുക എന്നതാണ് ജനാധിപത്യത്തിന്റെ പൊരുളായി അദ്ദേഹം പറഞ്ഞു വരുന്നതും. ഇസ്‌ലാമിന്റെ പ്രത്യേകതയായി അദ്ദേഹം എടുത്തു പറഞ്ഞത് സാര്‍വദേശീയ സാഹോദര്യമാണ്. നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ജാതീയത എന്നതിന് തീര്‍ത്തും വിരുദ്ധമാണ് ആ സങ്കല്പം. ജനനം കൊണ്ടല്ലാതെ വിശ്വാസം കൊണ്ട് ആര്‍ക്കും അതിലേക്കു കടന്നു വരാം. പക്ഷെ ഇസ്‌ലാമിലെ തന്നെ അക്ഷര പൂജകരായ പലരും അതിനെ ചുരുക്കാന്‍ ശ്രമിച്ചു എന്നത് ഇസ്ലാം നേരിടുന്ന മറ്റൊരു ദുരന്തമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ചുരുക്കത്തില്‍ മതം മാറ്റം മതങ്ങളെ സ്വയം ശക്തിപ്പെടുത്തും എന്ന് കൂടി അദ്ദേഹം പറഞ്ഞു വെക്കുന്നു. മതങ്ങള്‍ക്ക് ആത്മ വിമര്‍ശനം നടത്താന്‍ കഴിയുന്ന ഒന്നായി മതം മാറ്റത്തെ കെ ഇ എന്‍ കാണുന്നു എന്നതാണ് വായനയില്‍ നിന്നും മനസ്സിലായത്. അതെ സമയം എല്ലാവരോടും ഇസ്‌ലാമിലേക്ക് മാറണം എന്ന ആഹ്വാനമാണ് കെ ഇ എന്‍ നടത്തിയത് എന്നാണു സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്ന ആരോപണം. അങ്ങിനെ ഒരു സൂചനയും നല്ല മനസ്സോടെ വായിക്കുന്ന ആര്‍ക്കും ലഭിക്കുക സാധ്യമല്ല. തലക്കെട്ട് മാത്രം വായിച്ചാണ് പലരും യുദ്ധത്തിന് വന്നിരിക്കുന്നത്. സംഘ പരിവാര്‍ എന്നും അങ്ങിനെയാണ് എന്ന ബോധമുള്ളവര്‍ക്കു ഇതൊരു വിഷയമായി തോന്നില്ല. സൂര്യ ഗായത്രിയില്‍ രഹ്ന ഫാത്തിമയെ കണ്ട മനസ്സുകള്‍ക്ക് ഇതും അങ്ങിനെയേ കാണാന്‍ കഴിയൂ.

തലക്കെട്ടുകള്‍ മാത്രം വായിക്കുക എന്നത് ഒരു നിലപാടിന്റെ കൂടി ഭാഗമാണ്. അങ്ങിനെയാണ് അവര്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതും. ഒരിക്കല്‍ പോലും പ്രമാണം വായിച്ചു കൊണ്ടാകില്ല ആ വിമര്‍ശനം. വായിക്കാതിരിക്കുക എന്നതാണ് സംഘ പരിവാര്‍ ചിന്തയുടെ പൊരുള്‍. ലേഖനത്തിനെതിരെ പോസ്റ്റിട്ട നേതാവിന് ഈ വിഷയത്തില്‍ കിട്ടിയത് പതിനായിരത്തോളം ലൈക്കുകള്‍. അപ്പോള്‍ മനസ്സിലാക്കണം അണികളുടെ അവസ്ഥയും. വായിക്കില്ല എന്നൊരാള്‍ നിര്‍ബന്ധം പിടിച്ചാല്‍ നാം തോറ്റുപോകും. തീര്‍ച്ച.

കേരളീയ നവോത്ഥാനത്തിനു മതങ്ങളും ദര്‍ശനങ്ങളും ചിന്തകരും നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ സഹായത്തോടെ വിശകലന ചെയ്യുക എന്ന പണിയാണ് കെ ഇ എന്‍ ചെയ്തത് എന്നാണു എനിക്ക് മനസ്സിലായത്. അടുത്ത പേജ് അടുത്ത ദിവസമെങ്കിലും വായിച്ചു എന്നതാണ് അരണയുടെ കാര്യത്തില്‍ നകുലന്‍ മാഷിന് തെറ്റിദ്ധാരണ മാറാന്‍ കാരണം. പക്ഷെ അടുത്ത നൂറ്റാണ്ടില്‍ പോലും കെ ഇ എന്നിന്റെ ലേഖനം സംഘ് പരിവാര്‍ സുഹൃത്തുക്കള്‍ വായിക്കും എന്ന പ്രതീക്ഷ നമുക്കില്ല തന്നെ.

Related Articles