Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ ആര്‍ജിച്ച വെട്ടം കെടാതെ കാക്കുക

‘നിങ്ങളുടെ അവസ്ഥ, സ്വന്തം ശ്രമത്താല്‍ ബലമുള്ള നൂല്‍ നൂല്‍ക്കുകയും എന്നിട്ട് സ്വയം അതിനെ കഷണങ്ങളായി പൊട്ടിച്ചെറിയുകയും ചെയ്ത സ്ത്രീയുടേതു പോലെയാകരുത്.’ എന്നൊരു വചനം അല്‍ നഹല്‍ അധ്യായത്തില്‍ നമുക്ക് കാണാം. കാലത്ത് മുതല്‍ തുന്നിയതിനു ശേഷം വൈകീട്ട് അതെല്ലാം കീറി കളഞ്ഞിരുന്ന ഒരു സ്ത്രീ മക്കയില്‍ ജീവിച്ചിരുന്നു എന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. അവരുടെ പേരും ചിലര്‍ എടുത്തു പറയുന്നുണ്ട്. അല്ലാഹുമായി കരാറുകള്‍ ഉറപ്പിച്ച ശേഷം അതിനെ ലംഘിക്കുന്നവരെ കുറിച്ചു പറയാനാണ് ഖുര്‍ആന്‍ ഈ ഉദാഹരണം സ്വീകരിച്ചത്.

റമദാന്‍ മുപ്പതും പട്ടിണി കിടന്നു ശവ്വാല്‍ അമ്പിളിയുടെ വരവോടെ പലരും നേരത്തെ പറഞ്ഞ സ്ത്രീയുടെ അവസ്ഥയിലേക്ക് മാറിപോകാന്‍ സാധ്യത വളരെ കൂടുതലാണ്. ഒരു മാസം കൊണ്ട് നടന്ന തര്‍ബിയ്യത്ത് റമദാനിനു ശേഷം കൊണ്ട് നടക്കാന്‍ പലര്‍ക്കും കഴിയാറില്ല. റമദാന്‍ മാസം വിശ്വാസികള്‍ക്ക് നല്‍കേണ്ടത് ജീവിത വിശുദ്ധിയും ദൈവ സാമീപ്യവുമാണ് . റമദാനിനു ശേഷം ഇവ രണ്ടും അതിന്റെ പാരമ്യത്തില്‍ എത്തണം. പക്ഷെ റമദാന്‍ വിടപറയുന്നതോടെ തന്നെ പലരില്‍ നിന്നും ഇവ രണ്ടും ചോര്‍ന്നു പോകുന്നത് എന്ത് കൊണ്ട്?. റമദാന്‍ കേവല ആരാധന മാത്രമായി ചുരുങ്ങുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. റമദാന്‍ കൊണ്ട് നിങ്ങള്ക്ക് ജീവിത വിശുദ്ധി നേടാന്‍ കഴിഞ്ഞേക്കാം എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം നാം കാണാതെ പോകുകയും ചെയ്യുന്നു.

മറ്റുള്ള മാസങ്ങളേക്കാള്‍ ഖുറാനുമായും നമ്മുടെ ബന്ധം വളരെ കൂടുതലായിരുന്നു. ഖുര്‍ആനിന്റെ മാസമെന്ന നിലയില്‍ കൂടിയാണ് റമദാന്‍ ആചരിക്കപ്പെടുന്നത്. ആ ബന്ധവും പലരിലും റമദാനോട് കൂടി അവസാനിക്കുന്നു. അതാണോ നാം റമദാനിലൂടെ നേടിയെടുക്കേണ്ടത്?. റമദാനില്‍ കരുത്താര്‍ജ്ജിച്ച ബന്ധം തുടര്‍ മാസങ്ങളില്‍ കൂടി ശക്തമായി നിലനില്‍ക്കണം. ഖുര്‍ആനിക കല്പനകള്‍ക്കു റമദാനില്‍ നല്‍കുന്ന പ്രാധാന്യം മറ്റു മാസങ്ങളില്‍ കൂടി നല്‍കുമ്പോള്‍ മാത്രമാണ് നാം റമദാനോടും ഖുറാനോടും നീതി കാണിക്കുന്നു എന്ന് പറയാന്‍ കഴിയൂ.

റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണമേ എന്നത് റമദാനില്‍ വിശ്വാസികളുടെ നിരന്തര പ്രാര്‍ത്ഥനയാണ്. അത് പോലെ റമദാന്‍ അനുകൂലമായ തെളിവാക്കണമേ എന്നതും മറ്റൊരു പ്രാര്‍ത്ഥനയാണ്. റമദാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുക എന്നത് റമദാനില്‍ മാത്രം നടക്കുന്ന കാര്യമായി തോന്നുന്നില്ല. റമദാനെ അതിന്റെ ഗൗരവത്തില്‍ സമീപിച്ചവര്‍ക്കു മാത്രമേ റമദാന്‍ അനുകൂലമാകുന്ന അവസ്ഥ സംജാതമാകൂ. അത് കൊണ്ട് തന്നെ റമദാനില്‍ എന്നതിനേക്കള്‍ പ്രാധാന്യമാണ് റമദാനിനു ശേഷം എന്നത്. നോമ്പും അനുബന്ധ കര്‍മങ്ങളും വിശ്വാസികളുടെ ജീവിതത്തില്‍ എത്രമാത്രം ഫലം ചെയ്തു എന്നറിയുന്നത് റമദാനിനു ശേഷം അയാളുടെ ജീവിതം നോക്കിയാണ്. ഭാഗ്യവാന്മാര്‍ റമദാനില്‍ നിന്നും കിട്ടിയ ഊര്‍ജം അടുത്ത പതിനൊന്നു മാസത്തേക്കും കൊണ്ട് നടക്കുന്നു. നിര്ഭാഗ്യവാന്മാര്‍ നേരത്തെ പറഞ്ഞ സ്ത്രീയുടെ ഉപമ പോലെ വൈകുന്നേരം തന്നെ മുഴുവന്‍ കര്‍മങ്ങളും സ്വയം നശിപ്പിച്ചു മുന്നേറുന്നു.

ഒരു സംഗതി ഒരു മാസം നിരന്തരമായി ചെയ്താല്‍ അത് ജീവിതത്തിന്റെ ഭാഗമാക്കണം. ഒരു മാസം നമ്മില്‍ പലരും പരിശീലിച്ചിരുന്ന പലതും ശവ്വാല്‍ അമ്പിളി കണ്ടാല്‍ നിന്ന് പോകുന്നതിന്റെ പിന്നിലെ മാനസിക അവസ്ഥയും നാം കാണാതെ പോകരുത്. പലര്‍ക്കും റമ്ദാന്‍ ഒരു ഭാരമായി അനുഭവപ്പെടുന്നു. അവര്‍ സ്ഥലമെത്തിയാല്‍ ഭാരം ഇറക്കി വെച്ച് ആശ്വാസം കൈക്കൊള്ളുന്നു. അവര്‍ക്കു റമദാന്‍ ഒരു സംസ്‌കരണ കാലമാകില്ല. അതെ സമയം അല്ലാഹുവിന്റെ അതിഥി എന്ന നിലയില്‍ റമദാനിനെ കൊണ്ട് നടന്നവര്‍ അഥിതി തിരിച്ചു പോയാലും അതിഥി നല്‍കിയ മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്നു. റമദാന്‍ നമുക്ക് ഏതു രീതിയില്‍ ഗുണം ചെയ്തു എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. റമദാനിനു ശേഷം നമ്മുടെ മൊത്തം ജീവിതം റമദാനിനു മുമ്പത്തേക്കാള്‍ എത്രമാത്രം വിഭിന്നമാകുന്നു എന്ന അന്വേഷണം വിശ്വാസികള്‍ക്ക് സ്വയം നടത്താന്‍ കഴിയും. തന്റെ ഏതെല്ലാം ന്യൂനതകള്‍ റമദാനോട് കൂടി ഇല്ലാതായി എന്നതും സ്വയം പരിശോധിക്കാന്‍ കഴിയും. അത് പോലെ തന്ന എന്തെല്ലാം നന്മകള്‍ ജീവിതത്തിന്റെ ഭാഗമായി എന്നതും കൂട്ടി വായിച്ചാല്‍ കിട്ടുന്ന ഉത്തരമാണ് നമ്മുടെ റമദാന്‍.

Related Articles