വളരെ രഹസ്യ സ്വഭാവത്തോടെ മാത്രമാണ് സൈനിക നീക്കങ്ങള്‍ നടക്കുക. ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്കു ഒരു സംഘത്തിനോ വ്യക്തിക്കോ കടന്നു കയറാന്‍ കഴിയുന്നു എന്നത് അതി ഭീകരമാണ് ഒപ്പം ദുരന്തവും. നമ്മുടെ നാടിനെതിരെ നടക്കാന്‍ പോകുന്ന അത്തരം പ്രവര്‍ത്തനങ്ങളെ മുന്‍കൂട്ടി കണ്ടു നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ് നാം പല രഹസ്യാന്വേഷണ സംഘങ്ങളെയും നിയമിക്കുന്നത്. അവര്‍ ഒരു പരാജയമായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ നമ്മുടെ സൈനികര്‍ ഇങ്ങിനെ ദാരുണമായി വധിക്കപ്പെടില്ലായിരുന്നു.
നീണ്ട നാളത്തെ കരുതല്‍ കൊണ്ടാകും അക്രമി സൈന്യത്തിന്റെ അടുത്ത് എത്തിയിരിക്കുക. അന്നൊന്നും അതറിയാതെ പോയ നമ്മുടെ ഏജന്‍സികള്‍ പെട്ടെന്ന് തന്നെ ഭീകര പ്രവര്‍ത്തനത്തിന് പിന്നിലുള്ള ശക്തികളെ കണ്ടെത്തി കൊന്നു കളഞ്ഞു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പാകിസ്ഥാന്‍ തീര്‍ച്ചയായും അതിര്‍ത്തി കടന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടാവണം. അതില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പങ്ക് എത്രമാത്രം എന്നതാണ് ചോദ്യം. അത് തെളിയിക്കല്‍ നമ്മുടെ ബാധ്യതയാണ്. ലോക രാജ്യങ്ങളില്‍ തന്നെ പട്ടാളക്കാരുടെ കൊല ഒരു വൈകാരിക ഭാവം ഉണ്ടാക്കിയിട്ടുണ്ട് . അത് കൊണ്ട് തന്നെ ഈ ഭീകര പ്രവര്‍ത്തനത്തിന്റെ പിന്നില്‍ പാകിസ്ഥാന്‍ ഔദ്യോഗിക ഘടകങ്ങള്‍ക്ക് സ്വാധീനമുണ്ട് എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ വിജയമാകും.
പഞ്ചാബില്‍ ചെയ്തത് പോലെ കശ്മീരിലും ചെയ്താല്‍ വിഷയം അവസാനിക്കും എന്നതാണ് പലരും പറയുന്നത്. പഞ്ചാബും കശ്മീരും വ്യത്യസ്ത വിഷയങ്ങളാണ്. രണ്ടിടത്തും ഭീകരവാദം ഉടലെടുത്തു എന്നത് ശരിയാണ്. പഞ്ചാബിലെ വിഷയം ആരംഭിക്കുന്നത് പഞ്ചാബിന് കൂടുതല്‍ അധികാരം വേണം എന്ന 1972ലെ ആനന്ദ്പൂര്‍ സാഹിബ് പ്രമേയം മുതലാണ്. അത് കേന്ദ്രം തള്ളിക്കളഞ്ഞു. അവിടെ നിന്നാണ് ബിന്ദ്രന്‍ വാല രംഗ പ്രവേശനം ചെയ്യുന്നത്. കാശ്മീര്‍ അങ്ങിനെയല്ല. അതിനു ഇന്ത്യയുടെ സ്വാതന്ത്ര്യം മുതലേ ചരിത്രമുണ്ട്. കഴിഞ്ഞ കൊല്ലം മാത്രം അറുനൂറില്‍ അധികം തവണ അവിടെ അക്രമമുണ്ടായി എന്ന് വന്നാല്‍ കശ്മീര്‍ എത്തി നില്‍ക്കുന്ന അവസ്ഥ നമുക്ക് മനസ്സിലാവും. മറ്റൊരു കാര്യം കശ്മീര്‍ ഇപ്പോള്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണ്. അത് കൊണ്ട് തന്നെ ഉണ്ടായ വീഴ്ചക്ക് കേന്ദ്രത്തിനു ആരെയും പഴി പറഞ്ഞു ഒഴിവാക്കാന്‍ കഴിയില്ല എന്നുറപ്പാണ്.
ഇത്തരം കൊടും ഭീകര പ്രവര്‍ത്തനം നടക്കുന്നു എന്ന വിവരം ഒരു ഏജന്‍സിയും പറഞ്ഞില്ല എന്നതും അതി ഗൗരവപരമാണ്. സംഗതിയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടു എന്നതിനാല്‍ ഇനി കൂടുതല്‍ വിവരം പുറത്തു വരാന്‍ സാധ്യത കുറവാണ്. കാശ്മീര്‍ യുവതയെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു എന്നത് ശരിയാണോ എന്നറിയില്ല. അങ്ങിനെ ഒരു വിഷയം പല കാശ്മീരികളും പറയുന്നുണ്ട്. ഒരുപാട് കശ്മീരികളെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇന്നുവരെ പാകിസ്ഥാനെ അനുകൂലിക്കുന്ന വിഘടനവാദത്തെ അനുകൂലിക്കുന്ന ഒരു കശ്മീരിയെയും കണ്ടിട്ടില്ല. കശ്മീരികളില്‍ അധികവും ഇന്ത്യന്‍ മണ്ണിനെ സ്‌നേഹിക്കുന്നു. ആ സ്‌നേഹം നാം എത്ര മാത്രം തിരിച്ചു കൊടുക്കുന്നു എന്നതും കൂടി പരിശോധിക്കണം.
ഒരു കാര്യം ഉറപ്പാണ്, കശ്മീര്‍ ഭീകരവാദ പ്രവര്‍ത്തനം ആദ്യമായി ഉറക്കം കെടുത്തുക അവിടുത്തുകാരെ തന്നെയാണ്. അത് കൊണ്ട് തന്നെ ഇതിനു ഒരു അവസാനം ഉണ്ടാകണമെന്ന് ആദ്യമായി ആഗ്രഹിക്കുന്നവരും അവര്‍ തന്നെയാകും. അപ്പോള്‍ കാശ്മീര്‍ സമാധാനത്തിന് നമുക്ക് ആദ്യമായും അവസാനമായും പരിഗണിക്കേണ്ടി വരിക കാശ്മീരികളെ തന്നെ. ആരാണ് ഈ ജെയ്‌ഷെ മുഹമ്മദ്, എവിടെയാണ് ഇവരുടെ ആസ്ഥാനം, ഇതൊക്കെ അറിഞ്ഞാല്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന കാര്യമാണ്.
ഈ സംഘടനയെ ലോകത്തിലെ വന്‍ശക്തികളില്‍ അധികവും ഭീകര സംഘമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാജ്യം ഈ ഭീകര സംഘടനയെ സഹായിച്ചാല്‍ ആ രാജ്യത്തെ ഒറ്റപ്പെടുത്താന്‍ നിയമവുമുണ്ട്. സ്വന്തം നാട്ടില്‍ നാം ജനതയുടെ വിശ്വാസം നേടണം. അന്താരാഷ്ട്ര തലത്തില്‍ ഭീകരരെ സഹായിക്കുന്നവരെ തുറന്നു കാട്ടുകയും വേണം. അപ്പോള്‍ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകും എന്നുറപ്പാണ്. ഉണ്ടയില്ലാ വെടികള്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്ന് കൂടി ചേര്‍ത്തു വായിക്കണം.