Columns

കര്‍ണാടകയിലെ ‘റിസോര്‍ട്ട്’ ജനാധിപത്യം

‘ജനാധിപത്യം എന്നത് ഭരണസംവിധാനമാണ്, ജനകീയ വോട്ട് ആരെയാണ് ഭരിക്കാനും തീരുമാനമെടുക്കാനും തിരഞ്ഞെടുക്കുന്നത്’. ജനാധിപത്യത്തെ കുറിച്ച് ഒറ്റവാക്കില്‍ നമ്മുടെ ഭരണഘടന നല്‍കുന്ന വിശദീകരണം ഇങ്ങിനെയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികളുടെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ അധികം സ്ഥലത്തും ജനം പാര്‍ട്ടിയെയാണ് തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും നല്ല വ്യക്തികള്‍ തോല്‍ക്കുകയും പാര്‍ട്ടികള്‍ വിജയിക്കുകയും ചെയ്യുന്നു. കൂടുതല്‍ അംഗീകാരം കിട്ടിയ പാര്‍ട്ടികള്‍ ഒന്നിച്ചു സര്‍ക്കാരുണ്ടാക്കുക എന്നും ഭരണഘടന പറയുന്നു.

കര്‍ണാടകത്തില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ജനം അനുമതി നല്‍കിയില്ല. അതിനാല്‍ തന്നെ രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരണം ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ പരസ്പരം പോരാടിയ സംഘടനകള്‍ പൊതു ശത്രുവായ ഫാസിസത്തെ നേരിടാന്‍ മതേതര ശക്തികള്‍ ഒന്നിക്കുക എന്ന പൊതു തത്വമാണ് അവിടെ സ്വീകരിച്ചത്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണ് നിലവിലുള്ളത്. ഒന്ന് മതേതര വിഭാഗം മറ്റൊന്ന് ഫാസിസം. ഭരണം കൈയാളാന്‍ ഫാസിസം കളിച്ച മുഴുവന്‍ നാടകങ്ങളും വെള്ളത്തിലായ കഥയാണ് അന്ന് നാം കണ്ടത്. എന്നാല്‍, ജനാധിപത്യത്തിന്റെ നാറിയ വശമാണ് ഇന്ന് അവിടെ നിന്നും കേള്‍ക്കുന്നത്. അത് വിജയിച്ചാല്‍ മറ്റു സംസ്ഥാനങ്ങളെയും അത് പിടികൂടും. കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്ന നിലയിലാണ് ഇപ്പോള്‍ വിമതര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ജനപ്രതിനിധികള്‍ ജയിച്ചു വന്നത്. ആര്‍ക്കെതിരെയാണോ ജനം വോട്ടു ചെയ്തത് അവരുമായി കൂട്ടുചേരാനാണ് വിമതര്‍ ശ്രമിക്കുന്നതും. വാസ്തവത്തില്‍ ഇവിടെ ജനാധിപത്യം മാത്രമല്ല ജനം തന്നെ പരിഹസിക്കപ്പെടുന്നു.

തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കൂടുതല്‍ സമയം ഉണ്ടാവേണ്ടത് നിയമസഭകളിലാണ്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സമയം പല എം.എല്‍.എമാരും താമസിച്ചത് റിസോര്‍ട്ടുകളിലാണ് എന്നതാണ് മറ്റൊരു തമാശ. നമ്മുടെ നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെക്കാള്‍ ലാഭകരമായി ഇന്ന് എം എല്‍ എ വ്യവസായം മാറിയിരിക്കുന്നു. വോട്ടു ചെയ്ത ജനതയ്ക്ക് അവസരം വന്നാല്‍ തിരിച്ചു വിളിക്കാനുള്ള അവകാശം കൂടി നല്‍കുമ്പോള്‍ മാത്രമാണ് ഇത്തരം തോന്നിവാസങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുക. രണ്ടാംവട്ടം അധികാരത്തില്‍ വന്നു എന്നതു അത് കൊണ്ട് തന്നെ ഇന്ത്യയുടെ മുഖച്ഛായ മാറാന്‍ കാരണമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുമാറ്റം ആദ്യ സംഭവമല്ല. നോട്ടുകെട്ടുകള്‍ പെട്ടിയിലാക്കി നല്‍കിയ കഥകള്‍ പണ്ടും പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് അതിന്റ പ്രായോജകര്‍ മറ്റൊരു വിഭാഗമായിരുന്നു എന്നുമാത്രം. പൊതു തിരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ തന്നെ പല സംസ്ഥാന സര്‍ക്കാരുകളുടെയും ഭാവി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനുള്ളില്‍ ഒളിപ്പിക്കുന്നതു പോലെ ജനപ്രതിനിധികളെ പലരും അവരുടെ ചിറകിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയാണ്. പുറം ലോകത്ത് ഇന്ത്യന്‍ ജനാധിപത്യം തമാശയായി ചര്‍ച്ച ചെയ്യപ്പെടാന്‍ കൂടി ഇത് കാരണമാണ്. സുതാര്യത എന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്ത് കൊണ്ടോ നമ്മുടെ ജനാധിപത്യത്തില്‍ അത് തീരെ കുറവാണ്. ഇക്കഴിഞ്ഞ പൊതു തിരഞ്ഞടുപ്പ് പോലും സംശയതിന്റെ നിഴലിലാണ് നടന്നത് എന്നത് കൂടി നാം ചേര്‍ത്ത് വായിക്കണം. അധികാരം എന്തിന് എന്ന ചോദ്യമാണ് ആദ്യം പ്രസക്തമാകുന്നത്. അധികാരം ജനസേവനത്തിനു എന്ന ശരിയായ തീരുമാനം കൈകൊണ്ടാല്‍ ഇന്ന് നടക്കുന്ന ചാക്കിട്ടുപിടുത്തം അനാവശ്യമാണ്. അതെ സമയം അധികാരം മറ്റു പലതിനുമാണ് എന്ന നിലപാടിലേക്ക് മാറിയാല്‍ ഈ റിസോര്‍ട്ട് ജനാധിപത്യം ഒരു അലങ്കാരമായി തീരും. എന്ത് വില കൊടുത്തും ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കുന്ന ഈ ദുരവസ്ഥ മാറിയേ തീരൂ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ജനത്തിന് തന്നെയാണ്.

Facebook Comments
Show More

Related Articles

Close
Close