Current Date

Search
Close this search box.
Search
Close this search box.

ഇത് ജനതയുടെ പോരാട്ട വിജയം

കരിപ്പൂരിന് മുകളില്‍ വിമാനം ചിറകു വിരിച്ചപ്പോള്‍ മലബാര്‍ പ്രതീക്ഷയുടെ ഉത്തുംഗതയിലായിരുന്നു. പൊതു മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു വിമാന ത്താവളം എന്ന പേര് പെട്ടെന്ന് തന്നെ കരിപ്പൂര്‍ സ്വന്തമാക്കി. പിന്നെയാണ് കരിപ്പൂരിന് വടക്കും തെക്കും കേരളത്തിന് ചിറകുകള്‍ മുളച്ചത്. അത് രണ്ടും സ്വകാര്യ മേഖലയിലും. അത് കൊണ്ട് തന്നെ കരിപ്പൂരിന്റെ പ്രഭ മങ്ങി പോകുക എന്നത് സ്വാഭാവികം. അവസാന സമയത്തു കരിപ്പൂര്‍ വഴി വന്നപ്പോള്‍ ഒരു മരണ വീടിന്റെ പ്രതീതിയായിരുന്നു അനുഭവപ്പെട്ടത്.

റണ്‍വേ നന്നാക്കുക എന്നതു വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ കാര്യമാണ്. ഒരു സമയത്തു വിമാനത്താവളം കൈവിട്ടു പോകുമെന്ന പ്രചാരണം വരെ വന്നു. കേരളത്തിനകത്തും പുറത്തും വലിയ പ്രതിഷേധം രൂപം കൊണ്ടു. പ്രവാസി ലോകത്തും അതിന്റെ പ്രതിഫലനം കണ്ടു. ഒരു നിലക്കും മലബാറിന്റെ ചിറകരിയരുത് എന്ന് ബന്ധപ്പെട്ടവരോട് ജനം ആവശ്യപ്പെട്ടു. 34 മാസം കൊണ്ടാണ് വിഷയത്തിന് പരിഹാരം വന്നത്. അവസാനം വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചു വന്നു. അതിന്റെ ക്രഡിറ്റ് ആര്‍ക്കെന്ന ചോദ്യം അപ്രസക്തമാണ്. ഇത് ജനത്തിന്റെ വിജയം എന്നെ പറയാന്‍ കഴിയൂ. സമരം നടത്തിയ എല്ലാവര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഒരാളുടെ വിജയം എന്ന് മാത്രം പറയരുത് എന്ന് മാത്രം.

മലബാറിന്റെ വികസന മേഖലയില്‍ വലിയ സ്ഥാനമുള്ള ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളം. വടക്കിനും തെക്കിനും വേണ്ടി ആരൊക്കെയോ ചരട് വലിച്ചു എന്നത് ഇപ്പോഴും സംശയിക്കണം. അടുത്ത ദിവസം കേരളത്തില്‍ മറ്റൊരു വിമാനത്താവളം കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഒരു കൊച്ചു സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം. കരിപ്പൂരിനെ അതെങ്ങിനെ ബാധിക്കും എന്നറിയില്ല. മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകള്‍ക്ക് അപ്പോഴും ഈ വിമാനത്താവളം ഉപകാരപ്പെടും. വികസനത്തിന്റെ മാനദണ്ഡം വിമാനത്താവളങ്ങള്‍ എന്ന് വന്നാല്‍ നാം പുരോഗതിയുടെ അറ്റത്താണ്. ഇത്ര ചെറിയ സ്ഥലത്തു നാല് വിമാനത്താവളങ്ങള്‍ എന്നത് ഒരു പക്ഷെ അമേരിക്കയില്‍ പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഒരു ജനതയുടെ സമരത്തിന്റെ ഫലം നേരിട്ട് അനുഭവിക്കുന്ന നാളുകള്‍. ഒന്നിച്ചു നിന്നാല്‍ നമുക്കു ഇനിയും പലതും നേടിയെടുക്കാം. പ്രളയ കാലത്തു നല്‍കിയ അരിക്കും പഞ്ചസാരക്കും സഹായത്തിനു വന്ന വിമാനത്തിനും പണം ഈടാക്കുന്നവരാണ് കേന്ദ്രത്തില്‍ എന്നത് മറക്കരുത്. മലപ്പുറം അവരുടെ നിഘണ്ടുവില്‍ എന്നും പുറത്താണ്. ഒരുപാട് ഇനിയും പോകാനുണ്ട് . നമ്മുടെ സമര വീര്യം ഭാവിയിലേക്ക് വേണ്ടി ഇനിയും ശക്തി കൂട്ടുക.

Related Articles