Current Date

Search
Close this search box.
Search
Close this search box.

കനീസ് ഫാത്തിമയുടെ വിജയവും നാഗേഷിന്റെ പരാജയവും

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍ വരെ വളരെ ചൂടുപിടിച്ച ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹിജാബ് നിരോധനം. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബും മഫ്തയും ധരിക്കുന്നതിനായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. യൂണിഫോമിന്റെ ഭാഗമായി ഹിജാബ് അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ചില പ്രൈവറ്റ് കോളേജുകളും സമാനമായ നിലപാട് സ്വീകരിച്ചതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്‌കൂളുകളിലും പി.യു കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. ക്യാമ്പസിനകത്തും ക്ലാസിനകത്തും ഹിജാബ് അനുവദിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇതു മൂലം നിരവധി പേര്‍ കോളേജുകളില്‍ നിന്നും ടി.സി വാങ്ങി പോയി. ചിലര്‍ മറ്റു നിര്‍വാഹമില്ലാതെ നിര്‍ബന്ധിതാവസ്ഥയില്‍ ക്ലാസ് റൂമിന് പുറത്ത് ഹിജാബ് അഴിച്ച് ക്ലാസില്‍ പ്രവേശിച്ചു. പല വിദ്യാര്‍ത്ഥികളുടെയും ഭാവിയും പഠനവും ഇതോടെ അനിശ്ചിതത്വിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നീത തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന്റെയും പാഠപുസ്തകം കാവിവത്കരിക്കുകയും ചെയ്തതിന്റെ മാസ്റ്റര്‍ ബ്രയിന്‍ ആയിരുന്നു കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.സി നാഗേഷ്. ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തിപ്തുര്‍ മണ്ഡലത്തില്‍ നിന്നും ബി.സി നാഗേഷിന്റെ പരാജയവും ഗുല്‍ബര്‍ഗ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥിയായ കനീസ് ഫാത്തിമയുടെ വിജയവും രാജ്യത്തെ ജനാധിപത്യ-മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷയും സന്ദേശവും നല്‍കുന്നതാണ്.

ഹിജാബ് നിരോധനത്തിന് ഉത്തരവിടുകയും നിരോധനത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്നു കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.സി നാഗേഷ്. 17,652 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിപ്തുര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കെ ഷദാക്ഷരിയാണ് നിഗേഷിനെ തൂത്തെറിഞ്ഞത്. മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും അവരുടെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും പരസ്യമായി ആഹ്വാനം ചെയ്തിരുന്നു ബി.സി നാഗേഷ്. വിദ്വേഷ പ്രസംഗങ്ങളും വംശഹത്യ ആഹ്വാനവും ഉള്‍പ്പെടെ കുപ്രസിദ്ധിയാര്‍ജിച്ചയാളായിരുന്നു നാഗേഷ്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹിന്ദുത്വ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ നാഗേഷും ഉള്‍പ്പെടുന്നു. 2008ലും 2018ലും ബി.ജെ.പി സ്ഥാനാര്‍ഥിയായി നാഗേഷ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ഷദാക്ഷരി 2013ല്‍ ഇവിടെ നിന്നും വിജയിച്ച് എംഎല്‍എയായിരുന്നു. ആ സീറ്റാണ് ഇപ്പോള്‍ അവരിലൂടെ തന്നെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമായിരുന്നു നാഗേഷിന്റെ മന്ത്രിയായുള്ള സ്ഥാനാരോഹണം. ‘ഹിജാബ് നിരോധനത്തിന് പിന്നിലെ മനുഷ്യന്‍’ എന്നായിരുന്നു സംസ്ഥാനത്തെ ഹിന്ദുത്വ ക്യാംപുകള്‍ നാഗേഷിനെ വിശേഷിപ്പിച്ചിരുന്നത്.

ഹിജാബ് വിവാദത്തിന് പിന്നാലെ കടന്നുവന്ന കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി അധികാരം നിലനിര്‍ത്താന്‍ തുടക്കം മുതല്‍ തന്നെ വര്‍ഗ്ഗീയതവും വിദ്വേഷവുമായിരുന്നു പ്രധാന അജണ്ടയായി മുന്നില്‍വെച്ചത്. ഇതില്‍പെട്ട ഒന്നായിരുന്നു ഹിജാബ് നിരോധനവും ബീഫ് നിരോധനവും ക്ഷേത്ര ഉത്സവങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ക്കുള്ള വിലക്കും കടയടപ്പും വരെ. ഇതിനായി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ കര്‍ണാടകത്തിലുടനീളം കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിയത്. കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോയുമായി മോദിയും രംഗത്തെത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കര്‍ണാടകയിലെ ജനാധിപത്യ-മതേതര മനസ്സിന് ഇളക്കം തട്ടിയിട്ടില്ലെന്നും സംഘ്പരിവാറിന്റെ വിദ്വേഷ-വിഭജന തന്ത്രത്തിന്റെ ഭാഗമാവാന്‍ തങ്ങളെ കിട്ടില്ലെന്നുമാണ് കന്നഡ ജനത ഇന്ത്യന്‍ ജനതയോട് പറയുന്ന സന്ദേശം.

കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോഴും കത്തിനില്‍ക്കുന്ന ഒന്നാണ് ഹിജാബ് വിവാദം. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഹിജാബും പര്‍ദയും ധരിച്ചുകൊണ്ട് മത്സരിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും മികച്ച വിജയം നേടുകയും ചെയ്ത കനീസ് ഫാത്തിമയുടെ മുന്നേറ്റം.

ഗുല്‍ബര്‍ഗ നോര്‍ത്തില്‍ നിന്നും രണ്ടാം തവണയും വിജയിച്ച സിറ്റിങ് എം.എല്‍.എ കൂടിയായ കനീസ് ഫാത്തിമയാണ് പര്‍ദയും ഹിജാബും ധരിച്ച് പ്രചാരണം നടത്തുകയും മധുരവിജയത്തിലൂടെ സംഘ്പരിവാര്‍ ശക്തികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തത്. അന്തരിച്ച മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഖമറുല്‍ ഇസ്ലാമിന്റെ ഭാര്യയാണ് കനീസ്. ബി.ജെ.പിയുടെ ചന്ദ്രകാന്ത് പാട്ടീലിനും ജെ.ഡി.എസിന്റെ നാസിര്‍ ഹുസൈന്‍ ഉസ്താദിനുമെതിരെയായിരുന്നു കനീസിന്റെ തകര്‍പ്പന്‍ വിജയം. മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ വിജയം. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഹിജാബ് വിഷയം കത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഹിജാബ് നിയമസഭക്കുള്ളില്‍ ധരിക്കുന്നത് തടയൂ എന്ന് ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു കനീസ് ഫാത്തിമ. അതിനാല്‍ തന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇരട്ടി മധുരം നല്‍കുന്നതാണ് കനീസിന്റെ വിജയവും നാഗേഷിന്റെ പരാജയവും.

Related Articles