Current Date

Search
Close this search box.
Search
Close this search box.

കമല്‍ സി ചവറ കണ്ട ഇസ്ലാം

അടുത്ത കാലത്തായി ഇസ്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് നെഗറ്റീവ് രൂപത്തിലായിരുന്നു. ഇസ്ലാമിന്റെ പേരില്‍ ആരെങ്കിലും വിളിച്ചു പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രവര്‍ത്തികള്‍ എന്നതായിരുന്നു ചര്‍ച്ചയുടെ കാരണങ്ങള്‍. ഇസ്ലാം ഒരു കേവല മതമല്ല എന്നത് മുസ്ലിംകള്‍ക്ക് തന്നെ മനസ്സിലായിട്ടില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ ആകെത്തുക. ചില മരണങ്ങള്‍ അങ്ങിനെയാണ്. അവര്‍ ജീവിച്ചിരുന്ന കാലത്തു ഇസ്ലാമിന് കാര്യമായ ഉപയോഗം ഉണ്ടായി എന്ന് വരില്ല. അവര്‍ക്കും ഇസ്ലാം ഉപകാരപ്പെട്ടു എന്ന് വരില്ല. പക്ഷെ അവരുടെ മരണം ചിലപ്പോള്‍ ഇസ്ലാമിന് ഗുണം ചെയ്യും.

ഒരാള്‍ ഇസ്ലാമിനെ എങ്ങിനെ കാണുന്നു എന്നത് അയാളുടെ വിഷയമാണ്. ഇസ്ലാം സ്വന്തമായി അടിത്തറയുള്ള ദര്‍ശനമാണ്. വിശ്വാസവും കര്‍മവും ചേര്‍ന്നതാണ് ഇസ്ലാം. ഒരാള്‍ക്ക് കടന്നു വരാനുള്ള അനുമതിയാണ് വിശ്വാസം. കടന്നു വന്നാല്‍ പിന്നെ അയാളുടെ മേല്‍ ചില കര്‍മങ്ങള്‍ നിര്‍ബന്ധമാകും. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തെ തള്ളിപ്പറയാത്ത കാലത്തോളം ഒരാളെ ഇസ്ലാമില്‍ നിന്നും പുറത്താക്കാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. മുസ്ലിം സമുദായം എന്നത് കൊണ്ട് വിവക്ഷ അടിസ്ഥാന കര്‍മങ്ങള്‍ കൃത്യമായി ചെയ്യുന്നവര്‍ എന്നായിരുന്നെങ്കില്‍ സമുദായത്തിന്റെ അവസ്ഥ എന്നുള്ളതിന്റെ അഞ്ചു ശതമാനത്തില്‍ വന്നു നില്‍ക്കും എന്നുറപ്പാണ്. ഇസ്ലാം എന്നത് കര്‍മം കൊണ്ടാണ് തെളിയിക്കേണ്ടത്. അതെ സമയം മുസ്ലിം എന്നത് ജനനം കൊണ്ടും വിശ്വാസം വെളിപ്പെടുത്തുന്നത് കൊണ്ടും ലഭിക്കുന്ന സമുദായികതയും.

മുസ്ലിം സമുദായത്തെ കണ്ടും മനസ്സിലാക്കിയും ഇസ്ലാമിലേക്ക് ഒരാള്‍ കടന്നു വരിക എന്നത് ഈ കാലത്തു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിട്ടും ഇസ്ലാമിലേക്ക് ജനം കടന്നു വരുന്നു. അതിനുള്ള കാരണം വ്യത്യസ്തമാണ്. കമല്‍സി ചവറയുടെ ഇസ്ലാമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒരാള്‍ ഇങ്ങോട്ട് വരേണ്ട എന്ന് പറയാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു വസ്തുവിന്റെ വ്യത്യസ്ത ഗുണം നോക്കി ആളുകള്‍ വാങ്ങിക്കും. അതിന്റെ കൂടെ യഥാര്‍ത്ഥ ഉദ്ദേശവും കൂടെ പറഞ്ഞു കൊടുക്കുക എന്നതാണ് നാം സ്വീകരിക്കേണ്ട രീതി. ഇസ്ലാം ഒരു ആചാര മതമായി മാത്രം മുസ്ലിംകള്‍ക്ക് അനുഭവപ്പെടുന്നത് അവരുടെ മനസ്സിലാക്കലിന്റെ കുഴപ്പം കൊണ്ടാണ്. വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഇസ്ലാമിന്റെ പങ്കെന്ത് എന്നത് പുറത്തു നില്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്നു. വിശ്വാസികളില്‍ പലര്‍ക്കും മരണ ശേഷം മാത്രമാണ് മതം ഉപകാരപ്പെടേണ്ടത് എന്ന് തോന്നും.

ഇസ്ലാം സ്വീകരിക്കണം എന്ന ഉദ്ദേശത്തോടെയല്ല ഉമര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടത്. മുഹമ്മദിനെ കൊല്ലുക എന്നതില്‍ കുറഞ്ഞ ഒന്നും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. വിശ്വാസത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറായിട്ടും ഒരു വാക്കും പ്രവാചകന്‍ എതിര്‍ത്ത് പറഞ്ഞില്ല. നാമിന്നു പറയുന്ന ഒരു തടസ്സവും പ്രവാചകന്‍ ഉന്നയിച്ചില്ല. തന്റെ ഇസ്ലാം ആശ്ലേഷണത്തെ കുറിച്ച് കമല്‍ ചവറയും വിശദമാക്കിയിട്ടുണ്ട്. അതൊരു തീരുമാനമാണ്. ആ തീരുമാനത്തെ നാം സ്വാഗതം ചെയ്യുന്നു.

യുദ്ധ സമയത്തു രക്ഷപെടാന്‍ വേണ്ടി ഇസ്ലാം സ്വീകരിച്ചവന്റെ വിശ്വാസത്തെ പോലും ഇസ്ലാം ആദരിക്കുന്നു. ഒരാളുടെ സന്മാര്‍ഗത്തെ തടഞ്ഞു വെക്കാന്‍ മുസ്ലിം സമുദായത്തിന് ആരും അനുമതി നല്‍കിയിട്ടില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം.
കൈകെട്ടും ഖുനൂത്തും കൂട്ടപ്രാര്‍ത്ഥനയും തറാവീഹ് നമസ്‌കാരത്തിന്റെ എണ്ണവും മുഖ്യ പ്രമേയമാക്കി കൊണ്ട് നടക്കുന്നവരുടെ ഇസ്ലാമില്‍ ചവറ കണ്ട ഇസ്ലാമിന് സ്ഥാനമില്ലെന്ന് വരും. അത് ചവറയുടെ കുറ്റമല്ല നമ്മുടെ തന്നെ കുറ്റമാണ്.

Related Articles