Columns

കഅ്ബ ആരെയോ കാണാന്‍ പോയ കഥ

കഅ്ബ ആരെയോ കാണാന്‍ പോയ കഥ കുറച്ചു ദിവസമായി ഇന്റര്‍നെറ്റില്‍ പറന്നു നടക്കുന്നു. അതിന്റെ സത്യാവസ്ഥ ചോദിച്ചു പലരും മെയില്‍ അയച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്നൊന്നില്ല. ആ പറഞ്ഞത് അസംഭവ്യമായ ഒന്നാണ് എന്നത് തന്നെ. സാധ്യമായവന്‍ ഹജ്ജിനും ഉംറക്കും അങ്ങോട്ട് പോകല്‍ ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. പ്രവാചകനും സഹാബികളും ഹജ്ജിനും ഉംറക്കും തവാഫിനും അങ്ങോട്ട് പോയി എന്നല്ലാതെ ഇങ്ങോട്ട് കഅ്ബ വന്ന ചരിത്രം നാം കേട്ടില്ല. ഏതോ ഇമാം പറഞ്ഞിട്ടുണ്ട്. അത് വിശ്വസിക്കല്‍ സുന്നത് ജമാഅത്തിനു നിര്‍ബന്ധമാണ് എന്നാണ് പ്രാസംഗികന്‍ പറയുന്നത്.

സുന്നത്ത് ജമാഅത്ത് എന്നത് കേട്ട് കേള്‍വിയുടെയും തള്ളിന്റെയും പേരല്ല. പ്രവാചകന്റെ ചര്യയും സഹാബത്തിന്റെ ഏകീകരണവും എന്നതാണ് സുന്നത്ത് ജമാഅത്ത്. പ്രവാചകന് ശേഷം ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ഇസ്ലാമിക ലോകത്ത് ഒരുപാട് പുതിയ പ്രവണതകളും രീതികളും ഉടലെടുത്തു. ഖവാരിജ്,ഷിയ,ഖദ്രിയ്യ മുഅ്തസില്‍ തുടങ്ങി പല ചിന്താ ധാരകളും. അപ്പോഴാണ് യഥാര്‍ത്ഥ പ്രവാചക ചര്യയും സംസ്‌കാരവും ലോകത്തെ പഠിപ്പിക്കുക എന്ന പേരില്‍ അഹ്‌ലുസ്സുന്നത് വല്‍ ജമാഅത്ത് എന്ന ചിന്താ ധാരയും രൂപപ്പെടുന്നത്.

പക്ഷെ സുന്നത്ത് ജമാഅത്ത് എന്നത് ഇന്ന് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പുത്തനാശയങ്ങുടെയും പേരാണ്. സുന്നികള്‍ എന്നത് കൊണ്ട് വിവക്ഷ സുന്നത്തിനെ പിന്തുടരുന്നവര്‍ എന്നല്ല. ശിയാക്കള്‍ അല്ലാത്തവര്‍ എന്നെ അതിനു അര്‍ത്ഥമുള്ളൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാല് ഖലീഫമാരെയും അംഗീകരിക്കുന്നവര്‍. അതെ സമയം ശിയാക്കള്‍ അലിയെ മാത്രം അംഗീകരിക്കുന്നു. സുന്നത്ത് ജമാഅത്ത് വിശാലമായ ഒന്നാണ്. അത് കൊണ്ടാണ് അതില്‍ നാല് അംഗീകൃത മദ്ഹബുകളും അതിന്റെ ഭാഗമായത്. അടിസ്ഥാന വിഷയങ്ങളില്‍ അല്ലാതെ മറ്റു വിഷയങ്ങളില്‍ വിശാലമായ ചിന്താ വൈവിധ്യം അവിടെ സാധ്യമാണ്. ഇസ്ലാമിക ചിന്താ രംഗം ശ്യൂനമാക്കി എന്നതാണ് ‘അന്തമായ മദ്ഹബ് രീതി” സമ്മാനിച്ചത്. തങ്ങള്‍ക്കിടയില്‍ പുതുതായി ഉണ്ടാകുന്ന എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമാകണം ഇസ്ലാം. അപ്പോള്‍ മാത്രമാണ് ഇസ്ലാം എല്ലാ കാലത്തേക്കും ബാധകമാകുക. രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ ഇസ്ലാമിക ലോകത്ത് ചിന്തയുടെയും പഠനത്തിന്റെയും കാലമായിരുന്നു. ആ കാലത്തിലാണ് കര്‍മ്മ ശാസ്ത്രവും ഹദീസ് പഠനവും ക്രോഡീകരണവും നടന്നത്. ഇസ്ലാമിക ലോകത്തില്‍ ഉണ്ടായ വഴിവിട്ട ചിന്തകളെയും ചര്‍ച്ചകളേയും എതിര്‍ത്ത് തോല്‍പ്പിച്ചു എന്നതാണു കര്‍മ്മ ശാസ്ത്ര ഇമാമീങ്ങളും ഹദീസ് ക്രോഡീകരണ ഇമാമീങ്ങളും സാധിച്ചത്. കേട്ട് കേള്‍വിയുടെ മതമായി ഒരിക്കലും ഇസ്ലാം മാറിയിട്ടില്ല. മാറുകയുമില്ല.

അതെ സമയം ഇന്ന് സുന്നത്ത് ജമാഅത്ത് കുറെ ബാലരമ ചിത്രകഥകളുടെ സമുച്ചയമാണ്. പ്രവാചകനോ അതിനു ശേഷം സഹാബത്തിനോ സാധ്യമാകാത്ത അല്ലെങ്കില്‍ സാധ്യമാകല്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഇന്ന് പൊടിപ്പും തൊങ്ങലും വെച്ച് കേള്‍വിക്കാരെ ഹരം കൊള്ളിക്കുന്നു. വലിയ്യുകള്‍ ഇസ്ലാമിന്റെ അടിസ്ഥാനമല്ല എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദീനില്‍ നിയമമുണ്ടാക്കാന്‍ അധികാരമില്ല. കാരണം വലിയ്യുകളുടെ നേതാക്കളായ ഖലീഫമാര്‍ അങ്ങിനെ ഒരു നിയമവും ഉണ്ടാക്കിയില്ല. പിന്നെ ഉണ്ടാക്കിയത് രാഷ്ട്രീയ തീരുമാനങ്ങളാണ്. ഭരണാധികാരികള്‍ എന്ന നിലയില്‍ അത് അത്യന്താപേക്ഷികവുമാണ്.

അല്ലാഹുവാണ് ഇബ്രാഹിം നബിക്ക് കഅ്ബയുടെ സ്ഥലം കാണിച്ചു കൊടുത്തത്. ആര്‍ എപ്പോള്‍ പോയാലും അതവിടെ കാണണം. കഅ്ബയാണു വിശ്വാസികള്‍ നമസ്‌കാരത്തിന് ദിശയാക്കുന്നത്. അതവിടെ നിന്നും മാറിയാല്‍ മൊത്തം മനുഷ്യരുടെ നമസ്‌കാരം ഇല്ലാതായിപോകും. ഇമാം ഷാഫി അവര്‍കള്‍ ഈജിപ്തില്‍ ചെന്നപ്പോള്‍ കണ്ട ഒരു സംഗതി ആളുകള്‍ തന്റെ ഗുരുനാഥന്‍ കൂടിയായ ഇമാം മാലിക്കിനോട് അതിര് കടന്ന ആദരവ് കാണിക്കുന്നു എന്നതാണ്. അതിനെതിരെ ഇമാം ഷാഫി അവര്‍കള്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു എന്നാണു ചരിത്രം. അവരൊക്കെ ജീവിച്ചത് പച്ച മനുഷ്യരായി. സഹാബതും അങ്ങിനെ തന്നെ. പക്ഷെ അവര്‍ക്കൊന്നും സാധ്യമാകാത്ത പലതുമാണ് പിന്‍തലമുറയ്ക്ക് വക വെച്ച് കൊടുക്കുന്നത്.

ഇന്നും പല മഹാന്മാരും ജീവിച്ചിരിപ്പുണ്ട്. മുസ്ലിം സമുദായം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും അവരുടെ കറാമാത്തുകള്‍ ഉപകരിക്കണമല്ലോ. അവര്‍ ഉണ്ടായിട്ടും സമുദായത്തിന്റെ ദുരിതം മാറുന്നില്ല. പലപ്പോഴും അവര്‍ തന്നെയാണ് ദുരിതം. ഇനി അവരുടെ ഇടപെടല്‍ സാധ്യമാകുക അവരുടെ മരണ ശേഷമാകും. നമുക്ക് കാത്തിരുന്നു കാണാം. ദീനില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒന്ന് സംഭവിച്ചു എന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ തെളിവ് നോക്കാതെ തന്നെ തള്ളിപ്പറയാന്‍ കഴിയണം. സുന്നത്ത് ജമാഅത്ത് ഉറച്ച വിശ്വാസത്തിന്റെയും അടിസ്ഥാനമുള്ള ആചാരങ്ങളുടെയും പേരാണ്. അതൊരിക്കലും ചിത്ര കഥകളെ വെല്ലുന്ന കഥകളായി മാറാന്‍ പാടില്ല.

Facebook Comments
Related Articles
Show More
Close
Close