Columns

നീതിക്കായി നാം ഇറങ്ങിയേ തീരൂ

കള്ളനും പോലീസും തമ്മിലുള്ള ബന്ധം പോലീസും കള്ളനും ഉണ്ടായ കാലത്തു മുതലേ ചർച്ചയാണ് . ആ ചർച്ച ഇന്നും നില നിന്ന് പോരുന്നു. അതിന്റെ അവസാന കഥയാണ് വാളയാറിൽ നിന്നും കേൾക്കുന്നതും. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളാണ് അവിടെ പീഡിപ്പിക്കപ്പെടുകയും പോലീസ് ഭാഷയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തത്. സമാന സ്വഭാവമുള്ള രണ്ടു മരണങ്ങൾ തന്നെ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ടു പേരും പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും പറയുന്നു. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തു നിന്നും കേൾക്കാൻ പാടില്ലാത്ത കഥയാണ് നാം കേട്ടത്.

അവസാനം കോടതി പ്രതികൾ എന്ന പേരിൽ അറസ്റ്റു ചെയ്തിരുന്നവരെ തെളിവില്ല എന്ന പേരിൽ വെറുതെ വിട്ടിരിക്കുന്നു. കോടതിക്ക് അത് മാത്രമേ കഴിയൂ. തെളിവ് നൽകുക എന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലിയാണ്. പ്രോസിക്യൂട്ടറെ സഹായിക്കുക എന്നത് പോലീസിന്റെ ജോലിയും. പക്ഷെ രണ്ടു പേരും ചെയ്യേണ്ട ജോലി ചെയ്യേണ്ട സമയത്തു ചെയ്തില്ല എന്നാണു ആരോപണം. പ്രതികൾക്ക് ഭരണ കക്ഷിയുടെ സഹായമുണ്ട് എന്നും ആരോപണമുണ്ട്. മറ്റൊന്ന് പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചിരുന്ന വക്കീൽ അതിനിടയിൽ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തലപ്പത്തെത്തി എന്നതും വിചാരണയുടെയും വിധിയുടെയും പകിട്ട് കുറക്കുന്നു. വക്കീൽ ഒരു തൊഴിൽ മേഖലയാണ് . തങ്ങളുടെ കക്ഷിയെ ആരോപിത കുറ്റങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് അവർ ചെയ്യുന്നത്. കോടതിക്ക് ആവശ്യം തെളിവുകളാണ്. കോടതിയെ ബോധിപ്പിക്കാൻ കഴിയുന്ന തെളിവുകൾ കോടതിയിൽ എത്താതിരിക്കുക എന്നതാണ് പ്രതിഭാഗത്തിനു ചെയ്യാനുള്ളത്. ധർമവും അധർമവും ജോലി കച്ചവടം എന്നിവിടങ്ങളിൽ ബാധകമല്ല എന്ന് സമൂഹം സ്വയം തീരുമാനിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ കൊടും കുറ്റവാളികളുടെ വക്കാലത്തു ഏറ്റെടുക്കുന്നതിൽ പലർക്കും ഒരു കുറ്റബോധവും തോന്നാറില്ല.

കുറച്ചു മുമ്പ് രാജസ്ഥാനിൽ ഒരാളെ പച്ചക്കു കൊന്നു കളഞ്ഞ പ്രതികളെയും കോടതി തെളിവില്ല എന്ന പേരിൽ വെറുതെ വിട്ടിരുന്നു. അവിടെയും വിഷയം ഒന്ന് തന്നെ. കോടതിക്ക് വേണ്ട വിധം തെളിവുകൾ മുന്നിലെത്തിയില്ല. കേസ് നടക്കുമ്പോൾ അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് സംഘ പരിവാറായിരുന്നു. എന്ത് കൊണ്ട് കേസ് തോറ്റു എന്ന ചോദ്യത്തിന് കൂടുതൽ ചോദ്യം ആവശ്യമായി വന്നില്ല. ഒരു കാര്യം ഉറപ്പാണ്. രണ്ടു ജീവനുകൾ വാളയാറിൽ പൊളിഞ്ഞിട്ടുണ്ട്. അവർ സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരായിരുന്നു എന്നതുതന്നെ കേസിന്റെ മെറിറ്റ് നിശ്ചയിക്കും.

കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നും പലതു കൊണ്ട് വ്യത്യസ്തമാണ് എന്ന് നാം അഹങ്കരിക്കുന്ന. വിദ്യാഭ്യാസം, ആരോഗ്യം , സാമൂഹിക മുന്നേറ്റം എന്നീ നിലകളിൽ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിൽ നാമെത്തിയിട്ടുണ്ട് എന്നാണു നമ്മുടെ പൊതു ധാരണ. കുറ്റവാളികൾ തീരെ ഇല്ലാത്ത ഒരു സമൂഹം എന്നത് തീർത്തും സാങ്കൽപ്പിക ലോകമാണ്. അതെ സമയം കുറ്റവാളികൾ മാന്യമായി ശിക്ഷിക്കപ്പെടുക എന്നത് സാധ്യമായ കാര്യമാണ്. വാളയാർ സംഭവത്തിൽ പോലീസ് പല തെളിവുകളും അവഗണിച്ചു എന്നാണു കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്. പോലീസ് അങ്ങിനെ ചെയ്യാൻ കാരണം രാഷ്ട്രീയ പ്രേരിതമാകാനാണ് സാധ്യത. പ്രതികളെ നിയമത്തിനു മുന്നിൽ രക്ഷിക്കാനുള്ള കരുക്കൾ നിയമ പാലകർ തന്നെ നീക്കുന്നു എന്നത് നിസ്സാര കാര്യമല്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടുക എന്നത് മരിച്ചു പോയവർക്ക് നീതി എന്നതിനേക്കാൾ ജീവിക്കുന്ന സമൂഹത്തിനോട് ചെയ്യുന്ന നീതിയാണ്. കുറ്റവാളികൾ തങ്ങൾക്കു ലഭിക്കാൻ ഇടയുള്ള ശിക്ഷിയുടെ പേരിൽ പലപ്പോഴും പിറകോട്ടു പോകും.

അപ്പോഴും മറ്റൊരു ചോദ്യം ഉയർന്നു വരുന്നു. പിന്നെ ആരാണ് ഈ ക്രൂരത ചെയ്തത്. ഇപ്പോഴുള്ള കുറ്റവാളികൾ നിരപരാധികളാണ് എന്ന് വന്നാൽ പോലും ഒരു അപരാധി ഉണ്ടായേ തീരൂ. പണ്ട് നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് സൗമ്യ കൊലചെയ്യപ്പെട്ടപ്പോഴും നാം ഈ ചോദ്യം ചോദിച്ചു. പിന്നെ ആരാണ് ആ കൊല നടത്തിയത്. വാസ്തവത്തിൽ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ തന്നെയാണ്. ഭരണ കൂടങ്ങളും അവക്കു നേതൃത്വം നൽകുന്ന പാർട്ടികളും ഇത്തരം ക്രൂരതകളെ അനുകൂലിക്കുന്നു എന്ന് പറയപ്പെടുന്നതും നിസാര കാര്യമല്ല. അപ്പോൾ വാളയാറിൽ ഒരു പാട് ചോദ്യങ്ങൾ ഉയർന്നുവരും. അതിനൊന്നും മറുപടി പറയാൻ നമുക്ക് കഴിയണമെന്നില്ല. ഈ ബഹളം കഴിഞ്ഞാൽ ഇതെല്ലം ജനം മറക്കും. നാം മറ്റൊരു ഭാഷത്തിൽ വടക്കേ ഇന്ത്യക്കു പടിക്കുകയാണോ?. വെളിക്കിരിക്കാൻ പോയ പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന കഥയാണ് അവിടെ നിന്നും കേൾക്കുന്നത്. ഒരേ സമയം നാം ലോകത്തിന്റെ നെറുകയിൽ എന്ന് പറയുമ്പോഴും മറ്റൊരു രീതിയിൽ പാതാളത്തിലേക്കു നാം പോകുന്നില്ല എന്ന് കൂടി ഉറപ്പുവ വരുത്തണം. മണ്ണിന്റെ മക്കളുടെ പേരിലാണ് മറ്റെല്ലാ സ്ഥലത്തും എന്നത് പോലെ കേരളത്തിലും കമ്യുണിസം നിലവിൽ വന്നത്‌ . മണ്ണിന്റെ മക്കളെ പീഡിപ്പിച്ചു കൊല്ലുന്നവരെ പിന്തുണക്കുന്ന പാർട്ടിയായി അവർ മാറില്ല എന്ന് വിശ്വസിക്കാനാണ് നമുക്ക് താല്പര്യവും.

നാം നീതിക്കായി ഇറങ്ങിയേ പറ്റൂ. ആ രണ്ടു സഹോദരികൾ ഉയർത്തുന്ന ചോദ്യം കോടതിയോട് മാത്രമല്ല. മൊത്തം മാനുഷിക സമൂഹത്തോടാണ്.

Author
as
Facebook Comments
Related Articles
Show More

Check Also

Close
Close
Close