Current Date

Search
Close this search box.
Search
Close this search box.

തറ പ്രസംഗം ജിഫിരി തങ്ങൾ പറഞ്ഞതാണ് കാര്യം

ആഴ്ചതോറും മുസ്ലിംകൾ പളളിയിൽ ഒരുമിച്ച് കൂടി ദീൻ കേൾക്കാനും ഗ്രഹിക്കാനുമൊക്കെയുള്ള സുവർണാവസരമാണ് ജുമുഅ ഖുത്വുബ. ദീനീ ഉൽബോധനമാണ് ജുമുഅ ഖുത്വുബയുടെ മുഖ്യ ലക്ഷ്യം. അത് ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ തന്നെ ആവേണ്ടതുണ്ട്. ഖുത്വുബ നിർബന്ധമായും അറബി ഭാഷയിൽ തന്നെയായിരിക്കണമെന്ന് ഹിജ്റ, അഞ്ചാം നൂറ്റാണ്ട് വരെ ജീവിച്ച ശാഫിഈ മദ്ഹബിന്റെ ഇമാമുകൾക്ക് പോലും അഭിപ്രായമില്ല. അറബിയിൽ തന്നെ വേണമെന്ന് പറഞ്ഞത് പോലും ഖുത്വുബയുടെ റുക്നുകളെ പറ്റിയാണ്, അല്ലാതെ ഖുത്വുബയുടെ മൊത്തം അറബിയിൽ തന്നെ ആകണം എന്നല്ല എന്നാണ് ശാഫിഈ മദ്ഹബിന്റെ അധികാരിക വീക്ഷണം.

എന്നാൽ കേരളത്തിലെ ചില മുസ്ല്യാക്കന്മാർ, അറബിയല്ലാത്ത ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചാൽ ജുമുഅ പോലും നഷ്ടപ്പെട്ടു പോകുമെന്ന മട്ടിൽ ശക്തമായി വാദിച്ചു കുടുങ്ങി. എന്തെങ്കിലും കേൾക്കണം മനസ്സിലാക്കണം എന്ന് അൽപമെങ്കിലും ആഗ്രഹമുള്ളവരൊക്കെ, മലയാളത്തിൽ ഖുത്വുബ നടക്കുന്ന പള്ളികൾ നോക്കി പോയി, പോവുക മാത്രമല്ല പയ്യെ പയ്യെ അവർ സുന്നിത്വം വിട്ട് ജമാഅത്തോ മുജാഹിദോ ആയിത്തീരുകയും ചെയ്തു. അങ്ങനെ അറബിയല്ലാത്ത ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചാൽ ശരിയാവില്ല എന്ന് പറഞ്ഞ് കുടുങ്ങിയവർ ഇതിനെ മറികടക്കാൻ കണ്ടെത്തിയ ഉപായമായിരുന്നു, തറ പ്രസംഗമെന്ന പുത്തനാചാരം.

മലയാളത്തിൽ ഖുത്വുബ നടത്താമെന്നതിന് ശാഫിഈ മദ്ഹബിൽ തന്നെ വകപ്പുണ്ടായിരിക്കേ, ഈ പുത്തനാചാരം ഏച്ചുകൂട്ടലിന്റെ പിന്നിൽ കേവലം വാശി മാത്രമാണ്. പക്ഷെ ആ വാശി കൊണ്ട് ഉണ്ടാകുന്നത് പ്രവാചക സുന്നത്തിനും ഖുലഫാഉർറാശിദുകളുടെ ഉത്തമ മാതൃകക്കുമെല്ലാം തികച്ചും കടക വിരുദ്ധമായ ഒരു പുത്തനാചാരം ദീനിൽ ആവിഷ്ക്കരിക്കുക എന്നതാണ്. അത് അത്ര നിസ്സാരമായ സംഗതിയാണോ?

വെള്ളിയാഴ്ച ഖുത്വുബ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പള്ളിയിലെത്തുകയും, നേരെ മിമ്പറിലേക്ക് കയറുകയും ചെയ്യുക എന്നതാണ് സുന്നത്ത്. എത്രത്തോളമെന്ന് ചോദിച്ചാൽ തഹിയ്യത്ത് പോലും നമസ്ക്കരിക്കാൻ മെനക്കടരുത് എന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. ഉദാഹരണമായി ഇമാം നവവി പറഞ്ഞത് കാണുക:

മുതവല്ലി പറഞ്ഞു: മിമ്പറിലെത്തിയ ഉടനെ ഖുത്വുബ നിർവ്വഹിക്കാൻ പാകത്തിൽ, സമയമായതിന് ശേഷമല്ലാതെ ജുമുഅക്ക് ഹാജരാവാതിരിക്കുക എന്നതാണ് ഖത്വീബിന് അഭികാമ്യം. കാരണം അതാണ് അല്ലാഹുവിന്റെ റസൂലിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുള്ളത്. മിമ്പറിനടുത്ത് എത്തിക്കഴിഞ്ഞാൽ തഹിയ്യത്ത് നമസ്ക്കരിക്കാൻ പോലും നിൽക്കാതെ അതിന്മേൽ കയറുകയാണ് വേണ്ടത്, ഖുത്വുബയിൽ വ്യാപൃതനാവുന്നതിനാൽ ഇവിടെ തഹിയ്യത്ത് ഒഴിവാകുന്നതാണ്. ഹജജ് ചെയ്യാനായി മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവർക്ക് ത്വവാഫ് ഒഴിവാകുന്നത് പോലെ….(ഖത്വീബിന് തഹിയ്യത്ത് നമസ്ക്കാരം അഭികാമ്യമാകും എന്ന ചില ശാഫിഈ പണ്ഡിതന്മാരുടെ വീക്ഷണം സൂചിപ്പിച്ച ശേഷം, തുടരുന്നു): എന്നാൽ ശാഫിഈ മദ്ഹബിന്റെ ആധികാരിക വീക്ഷണം നമസ്ക്കരിക്കേണ്ടതില്ലാ എന്നാണ്, കാരണം നബി (സ) അത് നമസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല, അതിന്റെ യുക്തി നേരത്തേ പറയുകയുണ്ടായി. ഇമാം ശാഫിഈയോ, ശാഫിഈ മദ്ഹബിലെ ഫുഖഹാക്കളിൽ ഭൂരിഭാഗമോ അതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. ശറഹുൽ മുഹദ്ദബ്: -(ജുമുഅയുടെ അധ്യായം).
തറ പ്രസംഗം സുന്നത്തിനെതിര് ശാഫിഈ മദ്ഹബിനും

قَالَ الْإِمَامُ النَّوَوِيُّ:
قَالَ الْمُتَوَلِّي يُسْتَحَبُّ لِلْخَطِيبِ أَنْ لَا يَحْضُرَ لِلْجُمُعَةِ إلَّا بَعْدَ دُخُولِ الْوَقْتِ بِحَيْثُ يَشْرَعُ فِيهَا أَوَّلَ وُصُولِهِ الْمِنْبَر لِأَنَّ هَذَا هُوَ الْمَنْقُولُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. وَإِذَا وَصَلَ الْمِنْبَر صَعِدَهُ وَلَا يُصَلِّي تَحِيَّةَ الْمَسْجِدِ وَتَسْقُطُ هُنَا التَّحِيَّة بِسَبَبِ الِاشْتِغَالِ بِالْخُطْبَة كَمَا تَسْقُطُ فِي حَقِّ الْحَاجِّ إذَا دَخَلَ الْمَسْجِدَ الْحَرَامِ بِسَبَبِ الطَّوَافِ. وَقَالَ جَمَاعَةٌ مِنْ أَصْحَابِنَا تُسْتَحَبُّ لَهُ تَحِيَّةٌ الْمَسْجِدِ رَكْعَتَانِ عِنْدَ الْمِنْبَرِ، مِمَّنْ ذَكَرَ هَذَا الْبَنْدَنِيجِيُّ وَالْجُرْجَانِيُّ فِي التَّحْرِيرِ، وَصَاحِبَا الْعُدَّةِ وَالْبَيَانِ. وَالْمَذْهَبُ أَنَّهُ لَا يُصَلِّيَهَا لِأَنَّ النَّبِيَّ صَلَّي اللهُ عَلَيْهِ وَسَلَّمَ لَمْ يُنْقَلْ أَنَّهُ صَلَّاهَا، وَحِكْمَتُهُ مَا ذَكَرْتُهُ. وَلَمْ يَذْكُرْ الشَّافِعِيُّ وَجَمَاهِيرُ الْأَصْحَابِ التَّحِيَّةَ، وَظَاهِرُ كَلَامِهِمْ أَنَّهُ لَا يُصَلِّيَهَا وَاللَّهُ أَعْلَمُ. – شَرْحِ الْمُهَذَّبِ: بَابُ صَلَاةِ الْجُمُعَةِ.

ഖത്വീബിന് തഹിയ്യത്ത് നമസ്ക്കാരം അഭികാമ്യമാകും എന്ന ചില ശാഫിഈ പണ്ഡിതന്മാരുടെ വീക്ഷണത്തെപ്പറ്റി ഇമാം നവവി തന്നെ പറയുന്നു: ഈ വീക്ഷണം ഒറ്റപ്പെട്ടതും, വിചിത്രമായതും, തള്ളിക്കളയേണ്ടതുമാണ്, കാരണം അത് അല്ലാഹുവിന്റെ റസൂലും, ഖുലഫാഉർറാശിദുകളും 1 അവർക്ക് ശേഷം വന്നവരും ചെയ്തു കാണിച്ചുതന്നതിന് വിരുദ്ധവുമാണ്.- (റൗളതുത്ത്വാലിബീൻ: ഖുത്വുബയുടെ സുന്നത്തുകൾ).

وَقَالَ فِي الرَّوْضَةَ: وَهَذَا الَّذِي قَالَاهُ غَرِيبٌ وَشَاذٌّ وَمَرْدُودٌ، فَإِنَّهُ خِلَافُ ظَاهِرِ الْمَنْقُولِ عَنْ فِعْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْخُلَفَاءِ الرَّاشِدِينَ وَمَنْ بَعْدَهُمْ.- رَوْضَةُ الطَّالِبِينَ: فَرْعٌ فِي سُنَنِ الْخُطْبَةِ.

 

Related Articles