Current Date

Search
Close this search box.
Search
Close this search box.

മാധ്യമപ്രവർത്തകരോടാണ്,കരുതിയിരിക്കുക, ഇത് ദുർഘടപാതയാണ്

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്. ഇതിലൊരു രാജ്യവും വ്യത്യസ്തരല്ല.

ഇവിടെ ബ്രിട്ടനിൽ, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ജൂലിയൻ അസാഞ്ചെക്കെതിരെ ചാരവൃത്തി നിയമപ്രകാരം കുറ്റം ചുമത്താൻ അമേരിക്കയ്ക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ സാഹചര്യത്തിൽ, സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും കള്ളത്തരങ്ങളും തുറന്നുകാട്ടുന്ന ധീരരായ മാധ്യമപ്രവർത്തകരെ വധിക്കുകയോ ബലം പ്രയോഗിച്ച് നിഷ്ക്രിയരാക്കുകയോ ചെയ്യുന്നത് ലോകമെമ്പാടുമുള്ള തെമ്മാടി രാഷ്ട്രങ്ങൾക്ക് കൂടുതൽ എളുപ്പമായിട്ടുണ്ട്. സുബൈറിന്റെ “കുറ്റം” പോലെ തന്നെ അസാൻഞ്ചെക്കെതിരെയുള്ള ആരോപണം, ഭയമോ പക്ഷപാതമോ കൂടാതെ സത്യം പറഞ്ഞുവെന്നതായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് ഇത്രയധികം മൂല്യം കൽപ്പിക്കുന്നുവെന്ന് നമ്മൾ അവകാശപ്പെടുന്ന ബ്രിട്ടനിൽ തന്നെ ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിൽ അല്പം പോലും പ്രതീക്ഷിക്കാൻ സാധ്യമല്ല.

ഞെട്ടിക്കുന്ന ഭരണകൂട രഹസ്യങ്ങൾ നമ്മളിലെത്തുമ്പോൾ, അത് പൊതു ജനങ്ങളിലേക്ക് കൈമാറാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവർത്തകർ എന്ന നിലയിൽ നമുക്കുണ്ട്. വിക്കിലീക്‌സ് സ്ഥാപകൻ അസാൻജെ 2010-ൽ യുഎസിന്റെ രഹസ്യ സൈനിക രേഖകളും നയതന്ത്ര സന്ദേശങ്ങളും ഉൾപ്പെടുന്ന ചില ഗൗരവമേറിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അപരാധങ്ങൾക്കും കൊലപാതകൾക്കുമുള്ള ഭരണകൂട ഒത്താശകളുടെ സാക്ഷ്യങ്ങളായിരുന്നു പുറത്തു വന്ന രേഖകൾ. ഇത്തരം അത്യധികം വിനാശകരമായ വാർത്തകൾ കയ്യിലെത്തിയാൽ ആത്മാഭിമാനമുള്ള ഏതൊരു പത്രപ്രവർത്തകനും അസാൻജെ നിർവഹിച്ച അതേ ദൗത്യം തന്നെയാകും നിർവഹിക്കുക വിക്കിലീക്‌സിൽ പ്രകോപനപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചില ജേർണലിസ്റ്റുകൾ അവരുടെ പേര് വെളിപ്പെടുത്താറില്ലെന്ന് തുറന്നു പറയുന്നത് അൽപം ക്രൂരമായേക്കാം. അവരിപ്പോഴും അസാൻജിനെ പിന്തുണ നൽകാനോ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാനോ മുന്നോട്ട് വരുന്നില്ല.

ഇങ്ങനെ ചില പത്രപ്രവർത്തകർ ഭരണകൂട ഭീഷണി ഭയന്ന് അസാൻജെക്ക് വേണ്ടി പ്രവർത്തിക്കാൻ ഭയപ്പെടുന്നുവെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ പാട്രിക് കോബേൺ വെളിപ്പെടുത്തിയിരുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് വിളിക്കപ്പെടുന്ന അമേരിക്കയും ബ്രിട്ടനും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്താൻ തുനിയുകയാണെങ്കിൽ, ക്രൂരമായ ഭരണകൂടങ്ങൾക്കും സ്വേച്ഛാധിപത്യങ്ങൾക്കും ജനവിരുദ്ധ രാഷ്ട്രങ്ങൾക്കും കീഴിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന റിപ്പോർട്ടർമാരുടെ അവസ്ഥയെന്താകും?

വിമതർ, പത്രപ്രവർത്തകർ, നയതന്ത്രജ്ഞർ, വൈദികൻ എന്നിവർക്കെതിരെ പ്രയോഗിക്കാൻ വിദേശ രാജ്യങ്ങൾക്ക് പെഗാസസ് സ്പൈവെയർ കൈമാറാനുള്ള കരാറിന് പിന്നാലെ ഇസ്റാഈൽ സ്പൈവെയർ നിർമാതാക്കളായ എൻ എസ് ഒ യെ ബൈഡൻ ഭരണകൂടം ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ പ്രതീക്ഷയുടെ കിരണൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിരുന്നാലും, അസാഞ്ചെയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസ് ഇപ്പോഴും പഴയ നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഇരട്ടത്താപ്പ് വാഷിങ്ടനിൽ ഇപ്പോഴും അനായാസം വിലപ്പോവുന്നുവെന്ന് ചുരുക്കം.

മാധ്യമപ്രവർത്തകർ പലപ്പോഴും രാഷ്ട്രീയക്കാർക്കും സർക്കാറുകൾക്കും തലവേദനയാകാറുണ്ട്. അത് തന്നെയാണ് നമ്മുടെ ധർമം.. ജനങ്ങളുടെ അധികാരം പാലിക്കപ്പെടാനും പൊതുജനങ്ങൾക്ക് അവരുടെ പേരിൽ നടക്കുന്ന കാര്യങ്ങളുടെ വിവരങ്ങൾ പങ്കു വെക്കാനും അവരെ ബോധവത്കരിക്കാനുമാണ് മാധ്യമപ്രവർത്തകരിവിടെ നിലകൊള്ളുന്നത്. സൗദി അറേബ്യയും യുഎഇയും ഹംഗറിയും ഇന്ത്യയും ഉൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളം ഇസ്രായേലി എൻഎസ്ഒ ഗ്രൂപ്പിന് ആവശ്യക്കാരും ഇടനിലക്കാരുമുണ്ട്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നതിനും വിമർശിക്കുന്നതിനും മുമ്പ് സൗദിയിലെ മാധ്യമപ്രവർത്തകർ രണ്ടുതവണ ചിന്തിക്കണം. ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയെ വധിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവ് നൽകിയിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പറയുന്നു. ഇപ്പോൾ ലോക രാഷ്ട്രീയത്തിലെ നയതന്ത്ര സഖ്യങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. റഷ്യ- ഉക്രൈൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണ കയറ്റുമതിയിൽ റഷ്യക്ക് ലഭിച്ച മേൽക്കോയ്മ തകർക്കുക എന്ന ലക്ഷ്യത്തോടെ, യു എസിലേക്കുള്ള ക്രൂഡ് ഓയിലിൻ്റെ ഒഴുക്ക് ശക്തമാക്കാനും എണ്ണ വില കുറക്കാനും കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്താൻ വേണ്ടി സൗദിയിലേക്ക് പോകാനിരിക്കുകയാണ് ബൈഡൻ. ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കാൻ വിസമ്മതിച്ചുകൊണ്ട് ബൈഡൻ തന്നെയാണ് ചർച്ചക്ക് മുൻകൈയ്യെടുത്തത്. അതേസമയം തുർക്കിയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആണ് സൗദിയുടെ പുതിയ സുഹൃത്ത്. അങ്ങനെ വരുമ്പോൾ ഖഷോഗി വധക്കേസിൽ ആരോപണ വിധേയരായ 26 പേരുടെ വിചാരണ അങ്കാറയിൽ നിന്ന് റിയാദിലേക്ക് മാറ്റുന്നത് എന്ത് നീതിയാണ്.

ഭരണകൂടങ്ങൾക്കെതിരിൽ സധൈര്യം സംസാരിച്ചാൽ അവഹേളിക്കപ്പെടുന്ന, അയോഗ്യരാക്കപ്പെടുന്ന, പരിഹാസ്യരായിത്തീരുന്ന ഒരു ലോകത്താണ് മാധ്യമ പ്രവർത്തകരുള്ളത്. 20 വർഷം മുമ്പ് യുഎസിന്റെ വഞ്ചന തുറന്നുകാട്ടുന്ന GCHQ രേഖകൾ കൈമാറിയത് മുതൽ എൻ്റെ ഉദ്യമങ്ങളെ പരിഹസിക്കാനും മാറ്റിനിർത്താനും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്റെ പത്രപ്രവർത്തനങ്ങളുടെ നിലവാരവും വിശ്വാസ്യതയും പലവുരു ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾക്കെതിരെയുള്ള നിയമവിരുദ്ധ ചാരവൃത്തി ആരോപണത്തിൽ യൂ എസിനും ബ്രിട്ടനും ഒരു പങ്കുണ്ടായിരുന്നെങ്കിലെന്ന് ഒരു മാത്ര ആഗ്രഹിച്ചിരുന്നു. എന്നാൽ 2019 ലെ ടോണി ബ്ലെയറിന്റെ ഒഫീഷ്യൽ സീക്രട്ട്സ് എന്ന സിനിമ ഞങ്ങൾക്കുള്ള സമയോചിതമായ ഒരു മുന്നറിയിപ്പായിരുന്നു.

പലസ്തീൻ ജനത പീഡനങ്ങൾക്കിര യായപ്പോഴും ഇസ്റാഈൽ അവരുടെ ദേശത്ത് മൃഗീയമായി അധിനിവേശം നടത്തിയപ്പോഴും അവരുടെ വാർത്തകൾ കവർ ചെയ്തിരുന്ന ജേർലിസ്റ്റുകൾ ധീരമായ പ്രവർത്തനമാണ് നിർവഹിച്ചത്. അവിടെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങൾ ഇസ്റാഈൽ സൈന്യത്തിൻ്റെ ടാർഗറ്റായി മാറും. സൈനികർ വാർത്താ മാധ്യമ പ്രവർത്തകർക്കെതിരെ നിസ്സങ്കോജം വെടിയുതിർക്കുന്നു. അൽജസീറയുടെ വിശ്വസ്തയായ റിപ്പോർട്ടർ ഷെറിൻ അബൂ അഖ്ലയാണ് ഏറ്റവും പുതിയ ഇര. ഒരു അഭയാർത്ഥി ക്യാമ്പിൽ സൈന്യം നടത്തിയ റെയ്ഡ് കവർ ചെയ്തതിനാണ് അവർക്ക് ദാരുണാന്ത്യം വരിക്കേണ്ടി വന്നത്.

അതേ സമയം, സി പി ജെയുടെ (Committee to Protect Journalists) റിപ്പോർട്ട് പ്രകാരം ലോകത്താകമാനം അറസ്റ്റ് ചെയ്യപ്പെട്ട റിപ്പോർട്ടർമാരുടെ സംഖ്യ ഏറെ ഭയാനകമാണ്. 2021ൽ അത് പുതിയ റെക്കോഡ് പിന്നിട്ടിരിക്കുന്നു. സി.പി.ജേ. എഡിറ്റോറിയൽ ഡയറക്ടർ ആലെൻ ഗെഡ്സ് (arlene getz) എഴുതുന്നു: പത്രസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ച് കടുത്ത വർഷമാണ്. ജോലിയുടെ പേരിൽ തടവിലാക്കപ്പെട്ട റിപ്പോർട്ടർമാരുടെ എണ്ണം 293ലെത്തിയെന്ന് CPJ-യുടെ 2021-ലെ ജയിൽ സെൻസസ് വ്യക്തമാക്കുന്നു. 2020-ൽ 280 ആയിരുന്നു അവരുടെ എണ്ണം. 24 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വേറെ പതിനെട്ട് പേരുടെ മരണത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടോ എന്ന് നിർണ്ണയിക്കാൻ കഴിയാത്ത സംശയാസ്പദമായ സാഹചര്യത്തിലാണ്.

ആൾട്ട്ന്യൂസ് ന്യൂസ് പോർട്ടലിന്റെ സഹസ്ഥാപകൻ കൂടിയായ സുബൈർ 2018-ൽ ഒരു ട്വീറ്റിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്തപ്പോൾ അത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയാവുകയും അന്താരാഷ്ട്ര പിന്തുണ ലഭിക്കുകയും ട്വിറ്ററിൽ #IStandWithZubair എന്ന ഹാഷ്‌ടാഗ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് വരികയും ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടും അവരുടെ അരിശം തീർന്നിട്ടില്ല. അസാഞ്ചെക്കോ ഖഷോഗിയുടെയും അബു അഖ്ലേയുടെയും കൊലപാതകത്തിനോ നീതി ലഭ്യമായിട്ടില്ല എന്നിരിക്കെ മുഹമ്മദ് സുബൈനു വേണ്ടി ഉയരുന്ന ശബ്ദം ഇന്ത്യ ഗൗനിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസം തന്നെയാണ്.

യഥാർത്ഥ ജേണലിസ്റ്റുകൾ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാവൽ ഭടന്മാരാണ്. നിങ്ങൾക്ക് ഞങ്ങളെ പോലെയാകാൻ സാധിക്കുന്നില്ലെങ്കിൽ, ഏറ്റവും ചുരുങ്ങിയത് തൊഴിലിടങ്ങളിൽ വെച്ച് ഞങ്ങളെ കാണാനിട വരികയാണെങ്കിൽ ഞങ്ങളെപ്പോലൊരു വിഭാഗം സത്യസന്ധമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്ന മേഖലയിലാണ് നിങ്ങളെന്ന് ഉൾക്കൊള്ളാനെങ്കിലും തയ്യാറാകണം. ജേർണലിസം ഒരു പാതകമായി മാറുന്നത് പലതും മറച്ചുവെക്കാനുള്ള, സത്യത്തെ ഭയക്കുന്ന ഒരു അധികാര വർഗത്തിന്റെ പിടിയിലകപ്പെട്ട ഒരു രോഗാതുരമായ സാഹചര്യം സംജാദമായതിന്റെ ലക്ഷണമാണ്.

ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മെയ് മാസത്തിൽ Reporters Without Borders വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡെക്സിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 180 രാജ്യങ്ങളിൽ നിന്ന് നാല്പത്തി രണ്ടാം സ്ഥാനത്താണ് അമേരിക്ക; ബ്രിട്ടൻ ഇരുപത്തി നാലാമതും. അതേസമയം ഇന്ത്യ നൂറ്റി അമ്പതാമതാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഏറ്റവും മികവുറ്റ ജനാധിപത്യ സംവിധാനങ്ങളുണ്ടെന്ന് മേനി നടിക്കാറുളള ബ്രിട്ടനും അമേരിക്കയും ഇന്ത്യയും മാധ്യമങ്ങളെ നിരന്തരം വേട്ടയാടി അവരെ നിശബ്ദരാക്കാനും ടാർഗറ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ടെന്ന് ഈ ലിസ്റ്റിലെ അവരുടെ നില നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

സത്യം നിങ്ങളെ സ്വതന്ത്രനാക്കുമെന്ന് യേശു പറഞ്ഞത്, സത്യം പറഞ്ഞാൽ ജീവനു തന്നെ ഭീഷണിയുയരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല. മാധ്യമ പ്രവർത്തകരോടാണ്; സത്യം പറയുമ്പോൾ കരുതിയിരിക്കണം. ആയുസും ആരോഗ്യവും അമൂല്യമാണ്!.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

Related Articles