Current Date

Search
Close this search box.
Search
Close this search box.

കൊല്ലുക, എന്നിട്ട് കൈയബദ്ധം എന്ന് പറയുക

വെറും പതിനാറു വയസ്സാണ് അവളുടെ പ്രായം. വീടിനു പുറത്ത് കോലാഹലങ്ങൾ കേട്ടപ്പോൾ തന്റെ പ്രിയപ്പെട്ട പൂച്ചക്ക് വല്ലതും സംഭവിച്ചോ എന്നറിയാൻ ടെറസിലേക്ക് പോയതായിരുന്നു. പെങ്ങൾ മടങ്ങിവരാതിരുന്നപ്പോൾ അവളെ അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച. വെടിയേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പുന്നാര പെങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ഞെട്ടിത്തരിച്ചു പോയി അവൻ. അൽപം മുമ്പ് വരെ ഉപ്പക്കും ഉമ്മക്കും സഹോദരങ്ങൾക്കുമൊപ്പം വീട്ടിന്റെ അകത്തുണ്ടായിരുന്ന പെങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് അവന് ചിന്തിക്കാൻ പോലുമാകുന്നില്ല.

രണ്ടു വെടിയുണ്ടകൾ അവളുടെ നെഞ്ച് പിളർത്തിയിരിക്കുന്നു. മറ്റു രണ്ടു വെടിയുണ്ടകൾ മുഖത്തും കയ്യിലും തുളച്ചു കയറിയിട്ടുണ്ട്. ഒന്നുമറിയാതെ ഭീതിയോടെ അടുത്തുണ്ട് അവളുടെ പൂച്ച.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ കഴിഞ്ഞ ദിവസം ഇസ്രായിലി സൈനിക ഭീകരർ ഇല്ലാതാക്കിയ ജാന സകർനയെ കുറിച്ചാണ് പറഞ്ഞു വന്നത്. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞു സയണിസ്റ്റ് ഭീകര ഭരണകൂടം പതിവ് പോലെ കൈ കഴുകി. നെഞ്ചിലും തലയിലും മുഖത്തും നാലു വെടിയുണ്ടകൾ അബദ്ധത്തിൽ പായിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു പട്ടാളമാണല്ലോ സയണിസ്റ്റുകളുടേത്!

കൊല്ലുക, എന്നിട്ട് കൈയബദ്ധം എന്ന് പറയുക. ഏറെക്കാലമായി അധിനിവേശ ഫലസ്തീനിൽ ഇസ്രായിലി പട്ടാളം തുടർന്നു വരുന്ന നര നായാട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് ജാന സകർന. എത്ര കുഞ്ഞുങ്ങളെ ഇങ്ങനെ നിഷ്ടൂരമായി ഐ ഡി എഫ് എന്ന ഭീകര സേന കൊന്നു തള്ളി എന്നതിന്റെ കണക്ക് പറയാൻ ഞാൻ അശക്തനാണ്. 2002ൽ രണ്ടാം ഇൻതിഫാദകാലത്ത് ലോക മന:സാക്ഷിയെ ഞെട്ടിച്ച മുഹമ്മദ്‌ ദുർറ എന്ന പിഞ്ചു ബാലന്റെ രോദനം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ നിന്ന് മകനെ രക്ഷിക്കാൻ റോഡരുകിലെ വീപ്പക്കിടയിൽ അവനെ ഒളിപ്പിച്ചിട്ടും വെടിവെക്കല്ലേയെന്ന് കേണപേക്ഷിച്ചിട്ടും ആ പിതാവിന്റെ മുന്നിൽവെച്ച് കുരുന്നിന്റെ നെഞ്ചിലേക്ക് ഷൂട്ട് ചെയ്തവരെ നിങ്ങൾ എന്തു വിളിക്കും?

പിന്നീടങ്ങോട്ട് എത്ര ദുർറമാരെ നമുക്ക് കാണേണ്ടി വന്നു! ദോഹ ആസ്ഥാനമായ അൽ ജസീറ അറബിക് നെറ്റ് വർക്കിന്റെ റിപ്പോർട്ടർ ഷിറീൻ അബു ആഖിലയെ ജോലിക്കിടയിൽ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നത് ആറു മാസം മുൻപാണ്.

വെസ്റ്റ്‌ ബാങ്കിലെ തെരുവുകളിൽ ദിനേന ഫലസ്തീനികളെ കൊന്നു കൊണ്ടിരിക്കുന്നു. ജനം നോക്കി നിൽക്കെ പോയന്റ് ബ്ലാങ്കിലാണ് വെടിവെക്കുന്നത്.

അധിനിവേശ മണ്ണ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അത് ഏത് സമയത്തും സംഭവിക്കാം. ബൈഡനും ജസ്റ്റിൻ ട്രൂഡോയും ഋഷി സുനക്കുമൊക്കെ ‘ഫലസ്തീൻ ഭീകരത’ക്കെതിരെ പുറപ്പെടുവിക്കാൻ പോകുന്ന പ്രസ്താവനകൾക്കായി നമുക്ക് കാത്തിരിക്കാം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles