Current Date

Search
Close this search box.
Search
Close this search box.

ജാലിയന്‍ വാലാബാഗ്: ഖേദപ്രകടനത്തിലൊതുക്കിയ ബ്രിട്ടന്‍

ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വര്‍ഷം വരെ തടവിലിടാന്‍ റൗലറ്റ് ആക്ട് സര്‍ക്കാരിന് അധികാരം നല്‍കി. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സര്‍ സിഡ്‌നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികള്‍ക്ക് ഈ നിയമം. 1919 മാര്‍ച്ച് 12-നായിരുന്നു കിരാതമുറയായ റൗലറ്റ് ആക്ട് നടപ്പില്‍ വന്നത്. യുദ്ധാനന്തരമുണ്ടണ്ടായ ക്ഷാമം, വിലവര്‍ധന, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയാല്‍ പൊറുതിമുട്ടിയ ജനത കരിനിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി രംഗത്തു വന്നു. നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ആളുകള്‍ ജാലിയന്‍ വാലാബാഗില്‍ ഒരുമിച്ച് കൂടി. ബുള്ളറ്റ് തീരുന്നതു വരെ വെടിവെക്കാനായിരുന്നു ജനറല്‍ ഡയര്‍ പട്ടാളക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ആയിരത്തി അഞ്ഞൂറോളം പേര് കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം.

കൂട്ടക്കൊലയുട പേരില്‍ ഡയറിനു ജോലി ഉപേക്ഷിക്കേണ്ടി വന്നു. അന്ന് തന്നെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ശക്തമായ വിമര്‍ശനം അദ്ദേഹം കേള്‍ക്കേണ്ടി വന്നു. അതെ സമയം അദ്ദേഹത്തെ പിന്തുണയ്ക്കാനും ആളുകള്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ തന്നെയാണ് ഡയര്‍ ജനിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് സ്‌കൂളുകളില്‍ തന്നെയാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയതും. അവസാനം അദ്ദേഹത്തെ ബ്രിട്ടനിലേക്ക് നാട് കടത്തി. ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്നല്ലാതെ മറ്റൊരു നടപടിയും അദ്ദേഹത്തിനെതിരെ ഭരണകൂടം മറ്റൊരു നടപടികളും സ്വീകരിച്ചില്ല. നിരന്തരമായ സ്‌ട്രോക്ക് അവസാനകാലത്തു ഡയറിനെ പിടികൂടി. അവസാനം അദ്ദേഹം സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മരണമടഞ്ഞത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത ഏടാണ് ജാലിയന്‍ വാലാബാഗ്. ബ്രിട്ടീഷ് അധികാരത്തിനു ഇന്ത്യയില്‍ അവസാനം കുറിക്കാന്‍ ഈ നടപടി കാരണമായി എന്ന് പറയുന്നവരുമുണ്ട്. അതെ സമയം അദ്ദേഹത്തിന്റെ ഈ ക്രൂരകൃത്യത്തെ പിന്തുണച്ചു അദ്ദേഹത്തിന് പാരിതോഷികം നല്‍കിയവരും ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അവര്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയും രക്തസാക്ഷി സ്മാരകത്തിനു മുന്നില്‍ നിശ്ശബ്ദമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ട്,നമുക്ക് ചരിത്രത്തെ തിരുത്തിയെഴുതാന്‍ സാധിക്കില്ല. ചരിത്രത്തില്‍ നിന്നും നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍ ശ്രമിക്കാം എന്നാണ് എലിസബത്ത് രാജ്ഞി ജാലിയന്‍വാലാബാഗ് സ്മാരക സന്ദര്‍ശനത്തിനു മുമ്പായി പറഞ്ഞത്.

2013 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് ഡേവിഡ് കാമറൂണ്‍ തയ്യാറായില്ലായിരുന്നു.

സംഭവത്തിന്റെ നൂറാം വാര്‍ഷികം അടുത്ത ദിവസമാണ്. എണ്‍പതോളം ബ്രിട്ടീഷ് എം പി മാര്‍ ഈ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രധാനമന്ത്രി മാപ്പ് എന്ന വാക്കു ഉഛരിച്ചില്ല. പകരം ഖേദിക്കുന്നു എന്നാണു പറഞത്. ‘അത് ചരിത്രത്തില്‍ ഉണ്ടായ കറുത്ത പാട് ‘ എന്നായിരുന്നു അവരുടെ പ്രസ്താവന. അതെ സമയം സമ്പൂര്‍ണമായ ഒരു മാപ്പു തന്നെ ഈ വിഷയത്തില്‍ വേണം എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

മനുഷ്യര്‍ മനുഷ്യരോട് ചെയ്ത ക്രൂരതകള്‍ നൂറ്റാണ്ടു കഴിഞ്ഞാലും ചരിത്രത്തില്‍ മുഴച്ചു നില്‍ക്കും. അടുത്ത തലമുറ വേണം അതിനു മാപ്പു പറയാന്‍. ഒരു പാട് മനുഷ്യര്‍ രക്തവും ജീവനും നല്‍കിയാണ് നമ്മുടെ നാടിനെ രക്ഷിച്ചത്. കരിനിയമങ്ങള്‍ എക്കാലത്തും ഭരണകൂടങ്ങളുടെ ഉപകരണമായിരുന്നു. അതിനെതിരെ ജനം എന്നും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. നൂറു കൊല്ലത്തിനു ശേഷവും കരിനിയമങ്ങള്‍ക്കു ഒരു പഞ്ഞവും നാം കണ്ടില്ല. പണ്ട് വിദേശി സര്‍ക്കാരായിരുന്നെങ്കില്‍ ഇന്ന് സ്വദേശി സര്‍ക്കാരുകള്‍ എന്ന വ്യത്യാസം മാത്രം.

Related Articles