Current Date

Search
Close this search box.
Search
Close this search box.

തവക്കുല്‍ – അതുള്ള കാലത്തോളം ആ ജനതസുരക്ഷിതരാണ്‌

1967 വരെ കിഴക്കന്‍ ജറുസലേം ജോര്‍ദ്ദാന്‍റെ കയ്യിലായിരുന്നു. 67 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ ആ സ്ഥലം കൂടി ഇസ്രയേല്‍ പിടിച്ചെടുത്തു. കിഴക്കന്‍ ജറുസലേം ജൂത, കൃസ്ത്യന്‍ മുസ്ലിം മത വിഭാഗങ്ങള്‍ പുണ്യ സ്ഥലമായി കണക്കാക്കുന്നു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മസ്ജിദുല്‍ അഖ്സ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ട്രംപിന്റെ അധികാരം ലോകത്താകമാനം മാറ്റം വരുത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം കിഴക്കന്‍ ജറുസലേമിലും കണ്ടു. ഈ ഭാഗത്ത്‌ ഇസ്രയേല്‍ അധിനിവേശം മറ്റു കാലങ്ങളെ അപേക്ഷിച്ച് ട്രംപിന്റെ കാലത്ത് അറുപതു ശതമാനം കൂടുതലാണ്. അതിന്റെ ഭാഗമായി കാലങ്ങളായി അവിടങ്ങളില്‍ താമസിച്ചു വരുന്ന ഫലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായിട്ടുണ്ട്.

1967 ല്‍ ഖുദുസ് ഇസ്രയേല്‍ കയ്യടക്കിയെങ്കിലും അന്താരാഷ്ട്ര ഖുദ്സ് ദിനം ആചരിച്ചു തുടങ്ങിയത് 1979 മുതലാണ്. ഇറാന്‍ ആത്മീയ നേതാവായിരുന്ന ആയത്തുള്ള ഖുമൈനിയാണ് അതിനു ആഹ്വാനം നല്‍കിയത്. എല്ലാ കൊല്ലവും റമദാനിലെ അവസാന വെള്ളിയാഴ്ച അന്താരാഷ്ട്ര തലത്തില്‍ ഖുദ്സ് ദിനമായി ആചരിച്ചു വരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു പ്രകടനങ്ങലും പ്രതിഷേധ റാലികളും നടക്കും. ഇന്നലെ ആ ദിനമായിരുന്നു.

ശൈഖ് ജർറാഹ് പ്രദേശം മസ്ജിദുൽ അഖ്സയുടെ ഒരു കിലോമീറ്റർ പരിധിയിലാണ്. 38 മുസ്ലിം കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. അവിടെ നിന്നും അടിയന്തിരമായി ചില കുടുംബങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള താമസക്കാരുടെ കാര്യത്തില്‍ കോടതിയില്‍ കേസ് നടക്കുന്നു. ഒരിക്കലും തങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകില്ല എന്ന് പാലസ്തീനികള്‍ക്ക് ഉറപ്പാണ്‌. മസ്ജിദുല്‍ അഖ്സയില്‍ ഒത്തു ചേര്‍ന്ന വിശ്വാസികളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുക എന്നതായിരുന്നു ഇന്നലെ ഇസ്രയേല്‍ സൈന്യം ഏറ്റെടുത്ത ദൗത്യം. നമസ്കരിച്ചു കൊണ്ടിരിക്കെയാണു സൈന്യം അക്രമം അഴിച്ചു വിട്ടത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക് പറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയം എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ അറബ് മുസ്ലിം നാടുകളില്‍ നിന്നും കാര്യമായ ഒരു പ്രതികരണവും കണ്ടില്ല. അമേരിക്ക, ഐക്യരാഷ്ട്രസഭ, തുര്‍ക്കി , ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. പക്ഷെ പശ്ചിമേഷ്യയില്‍ നിന്നും കാര്യമായ ഒരു ശബ്ദവും നാം കേട്ടില്ല. കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റം നിയമ വിരുദ്ധം എന്ന് പറയാനും യു എന്‍ മടി കാണിച്ചില്ല. ഇസ്രയേല്‍ ഒരു രാജ്യമല്ല അത് ഭീകരരുടെ താവളം മാത്രം എന്നാണു ഇറാന്‍ പറഞ്ഞു പോന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ അറബ് മുസ്ലിം ഭരണകൂടം ഭാവിയില്‍ എങ്ങിനെ പ്രതികരിക്കും എന്നതിന്റെ ഉത്തമ ഉദാഹരമാണ് നാം കാണുന്നത്. ഇസ്രയേല്‍ അവരുടെ കുടിയേറ്റ കാര്യത്തില്‍ കാര്യമായ മാറ്റം വരുത്തും എന്നതായിരുന്നു അവരുമായി കൈകോര്‍ക്കാന്‍ ചില അറബ് നാടുകള്‍ പറഞ്ഞ ന്യായീകരണം. അന്ന് തന്നെ ഇസ്രയേല്‍ അതിന്റെ തള്ളിപ്പറഞ്ഞിരുന്നു. തങ്ങള്‍ കുടിയേറ്റ വിഷയത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അവര്‍ പ്രതികരിച്ചത്. ഇന്നത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ തിരഞ്ഞു നോക്കിയപ്പോള്‍ അറബ് മാധ്യമങ്ങള്‍ മസ്ജിദുല്‍ അഖസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയത് കണ്ടില്ല എന്ന് കൂടി ചേര്‍ത്തു പറയണം.

ഖുദ്സ് ദിനം എന്ന് പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി നാം ചേര്‍ത്ത് വായിക്കണം. പരിശുദ്ധമെന്നു ഖുര്‍ആന്‍ എടുത്തു പറഞ്ഞ സ്ഥലവും പരിപാവനമായ മസ്ജിദുല്‍ അഖ്സയും ഇന്ന് മുസ്ലിംകളുടെ കയ്യിലല്ല. പുണ്യം ഉദ്ദേശിച്ച യാത്രക്ക് പ്രവാചകന്‍ നിര്‍ദ്ദേശിച്ച മൂന്നാമത്തെ പള്ളിയില്‍ ഭയരഹിതരായി സുജൂദ് ചെയ്യാന്‍ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ കയ്യില്‍ നിന്നും കാര്യമായ എന്തോ നഷ്ടമായിരിക്കുന്നു എന്ന ബോധം പോലും പലപ്പോഴും നമുക്ക് നഷ്ടമായിരിക്കുന്നു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു എന്നതാണു ട്രമ്പ്‌ ചെയ്ത മഹത്തരമായ കാര്യം. ഫലസ്തീന്‍ ജനതയും ആ ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നു. അതെ ട്രമ്പ്‌ തന്നെയാണ് അറബ് നാടുകളെ ഇസ്രയേലിന്റെ ചൂണ്ടയില്‍ കുരുക്കിയതും. ഇസ്രയേല്‍ ഫലസ്തീന്‍ സംഘട്ടനം ഒരു അവസാനിക്കാത്ത സമസ്യയാണ്. ഫലസ്തീനെ പൂര്‍ണമായി വിഴുങ്ങിയാല്‍ മാത്രമേ ഇന്നത്തെ പ്രശ്നം അവസാനിക്കൂ. ഇസ്രയേല്‍ അംഗീകരിച്ച വിശാല മേപ്പ് ഫലസ്തീന്‍ അതിര്‍ത്തിയും കടന്നു പോകുന്നു എന്നത് നാം മറക്കാതിരിക്കുക.

ഒരു പാട് കാലം അറബ് ലോകത്ത് ജീവിച്ച പരിചയമുണ്ട്. ഇസ്രായില്‍ അക്രമം തുടരുമ്പോഴും അതൊന്നും അവിടുത്തെ മീഡിയകളും മിമ്പരുകളും അറിഞ്ഞിരുന്നില്ല. ഇനിയുള്ള കാലത്ത് അത് തീരെ അറിയണമെന്നില്ല. ഇസ്രയേല്‍ അറബ് മുസ്ലിം രാജ്യങ്ങളുടെ മേല്‍ ഒരു മാനസിക ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. തങ്ങള്‍ എന്ത് അക്രമം നടത്തിയാലും അവുടെ ഭാഗത്ത്‌ നിന്നും ഒരു പ്രതികരണവും വരില്ല എന്നവര്‍ ഉറപ്പിക്കുന്നു. ഇസ്ലാമിലെ പുണ്യം കൊണ്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പള്ളിയില്‍ ആരാധന നടത്താന്‍ ശത്രുവിന്റെ സമ്മതം വേണമെന്ന അവസ്ഥയില്‍ നാം എത്തിയിരിക്കുന്നു എന്ന ബോധം ഇടയ്ക്കിടെ വിശ്വാസികളെ ഉണര്‍ത്താന്‍ ഈ അനുഭവങ്ങള്‍ നല്ലതാണ്.

ട്രംപില്‍ നിന്നും ബൈഡനിലേക്ക് മാറിയപ്പോള്‍ ഇസ്രയേല്‍ നിലപാടില്‍ ചെറിയ മാറ്റമെങ്കിലും നാം ദര്‍ശിക്കുന്നു. പക്ഷെ മാറേണ്ടവര്‍ വാതിലടച്ചു സ്വസ്ഥത നടിക്കുന്നു. ചുറ്റും തോക്കേന്തിയ പട്ടാളക്കാര്‍ നില്‍ക്കുമ്പോളാണ് ഫലസ്തീനികള്‍ അല്ലാഹുവിന്റെ മുന്നില്‍ കൈകെട്ടി നിന്നത്. അതിനെ നാം തവക്കുല്‍ എന്ന് വിളിക്കും. അതുള്ള കാലത്തോളം ആ ജനത സുരക്ഷിതരാണ്‌.

Related Articles