അടുത്തയാഴ്ച വിവാഹിതയാകേണ്ട ഒരു പെൺകുട്ടി, അവളുടെ സഹോദരി, റഷ്യൻ പൗരത്വമുള്ള ദന്തഡോക്ടർ ജമാൽ ഹസ്വാൻ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ ഉൾപ്പെടെ 15 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഗസ്സയിൽ ജനവാസ മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടും. ചെറുത്തുനിൽപ്പ് സംഘടനയായ ഇസ്ലാമിക് ജിഹാദിനെ ലക്ഷ്യമിട്ട് നടത്തിയ അക്രമം ആണിതെന്ന് ഇസ്രായേൽ തന്നെ സമ്മതിക്കുന്നു. ഇസ്ലാമിക് ജിഹാദിന്റെ മൂന്ന് പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ ഒത്താശയോടെയാണ് ഈ ഭീകരാക്രമണം നടന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഗസ്സയെ ആക്രമിക്കാൻ പോവുകയാണെന്ന വിവരം കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ച ഉയർന്ന യുഎസ് നയതന്ത്ര പ്രതിനിധിയോട് പ്രധാനമന്ത്രി നൈതന്യാഹു പറഞ്ഞിരുന്നതായി ഇസ്രായേലി ബ്രോഡ്കാസ്റ്റർ കാൻ റിപ്പോർട്ട് ചെയ്യുന്നു.
ഒരു പ്രകോപനവും ഇല്ലാതെ നടത്തിയ ഈ ഭീകരാക്രമണത്തെപറ്റി പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും മിഡിൽ ഈസ്റ്റ് -ഉത്തരാഫ്രിക്കൻ കാര്യങ്ങൾക്കുള്ള ദേശീയ സുരക്ഷാ കൗൺസിൽ കോർഡിനേറ്ററുമായ ബ്രെറ്റ് മെക് ഗർക്കിനെയാണ് നെതന്യാഹു ഔദ്യോഗികമായി അറിയിച്ചത്. മിഡിൽ ഈസ്റ്റിൽ സമാധാന ദൂതുമായി പ്രത്യക്ഷപ്പെടുന്ന ഉയർന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധിയാണ് ബ്രെറ്റ് എന്നോർക്കണം! നെതന്യാഹുവിന്റെ ആക്രമണ വിവരം ഇദ്ദേഹം പ്രസിഡണ്ട് ജോ ബൈഡനെ അറിയിച്ചിരിക്കുമെന്ന് ഉറപ്പ്. അപ്പോൾ അമേരിക്കയുടെ അനുമതിയോടെയാണ് ഗസ്സയെ ഇസ്രായേൽ ആക്രമിച്ചതെന്ന് അനുമാനിക്കേണ്ടി വരും. അതാണല്ലോ മുൻകാലങ്ങളിലെ അനുഭവം.
ആഭ്യന്തര പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എക്കാലവും ഇസ്രായേലി നേതൃത്വം കണ്ടെത്തുന്ന ഒരു മാർഗ്ഗമാണ് ഇങ്ങനെ ആക്രമണം നടത്തുക എന്നത്. ഒരു പ്രകോപനവും ഇല്ലാതെ നടത്തിയ ഈ ഭീകരാക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്ലാമിക് ജിഹാദും ഗസ്സയുടെ നിയന്ത്രണം കയ്യാളുന്ന ഹമാസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുത്തുനിൽപ്പ് പോരാളികൾ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം അഴിച്ചു വിടുന്നതോടെ ലോകം ഇനി സടകുടഞ്ഞ് എഴുന്നേൽക്കും. ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തിനു വേണ്ടി വീറോടെ വാദിക്കും. അതിനായി കാത്തിരിക്കാം!!
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL