സമീപകാല ഇറാന്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന യഥാര്‍ഥ നഷ്ടങ്ങളുടെ വ്യാപ്തി ഇസ്രയേല്‍ മറച്ചുവെക്കുകയാണെന്നാണ് അറബ്, പാശ്ചാത്യ, ഇറാനിയന്‍, ചില ഇസ്രായേല്‍ സ്രോതസ്സുകള്‍ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കും ഇറാന്‍ പ്രത്യാക്രമണങ്ങള്‍ക്കുമിടയില്‍, ഇസ്രായേലികളുടെ ആത്മവീര്യം നിലനിര്‍ത്താനും എതിരാളികള്‍ക്കു മുന്നില്‍ ബലഹീനതകളൊട്ടും വെളിവാക്കാതിരിക്കാനും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമുള്ള മനുഷ്യ-ഭൗതിക നഷ്ടങ്ങളുടെ യഥാര്‍ഥ്യം മറച്ചുവെക്കാൻ തെല്‍അവീവ് നിര്‍ബന്ധിതരായിട്ടുണ്ടെന്നാണ് പുതിയ നിരീക്ഷണം.
മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിയന്ത്രിക്കുന്നു
മാധ്യമങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും അറബ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇസ്രായേല്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍ക്കുള്ള തെളിവാണ് ഈ മൗന നയം. നിരവധി അറബ് പത്രപ്രവര്‍ത്തകരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തതായും മാധ്യമ ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായും, ഹൈഫ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞതായും ജൂണ്‍ 17 തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. “ഇസ്രയേലില്‍” ജോലി ചെയ്യുന്ന ഫലസ്ഥീന്‍ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും അവരുടെ ജോലി തടസ്സപ്പെടുത്തുകയും ശത്രുക്കളുമായി സഹകരിക്കുന്നുവെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും (ആര്‍.എസ്.എഫ്) കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റും(സി.പി.ജെ) മിഡില്‍ ഈസ്റ്റ് മോണിറ്ററും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഫ കേന്ദ്രീകരിച്ചുള്ള അല്‍ഗദ്, ടി.ആര്‍.ടി അറബിക് പോലെയുള്ള ചാനലുകളുമായി ബന്ധമുള്ളവരുടെയെല്ലാം വസതികള്‍ അപ്രതീക്ഷിതമായി റൈഡ് ചെയ്തതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വതന്ത്ര മാധ്യമ കവറേജിന് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ അപകടകരമായ വ്യാപ്തിയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
അധിനിവിഷ്ട ഫലസ്ഥീനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ ഇസ്രയേല്‍ സൈനിക സെന്‍സര്‍ഷിപ്പ് പ്രസ്തുത പ്രവിശ്യയില്‍ പ്രഖ്യാപിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് മിസൈല്‍ ആക്രമണങ്ങളോ നാശനഷ്ടങ്ങളുടെ ബാഹുല്യമോ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും വിതരണം ചെയ്യുന്നതും അവര്‍ ശിക്ഷാര്‍ഹമായ പ്രവര്‍ത്തനമാക്കി. അതുകൂടാതെ അനുമതി ലഭിക്കാതെയുള്ള അഭിമുഖങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ സമ്പൂര്‍ണ ആധിപത്യം നേടലും ശത്രുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ ആരോപിക്കുന്ന വാര്‍ത്താ വിതരണത്തെ ഇല്ലാതാക്കലും ലക്ഷ്യംവെച്ചുള്ള രഹസ്യാത്മക നയത്തിന് ഇസ്രായേല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഇവയെല്ലാം തെളിയിക്കുന്നുണ്ട്. 2024ലേതിനെക്കാള്‍ പൂര്‍ണമായോ ഭാഗികമായോ ആയിരക്കണക്കിന് ലേഖനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ അഭൂതപൂര്‍വമായ സൈനിക സെന്‍സര്‍ഷിപ്പ് കേസുകള്‍ +972 മാഗസിന്‍ പോലെ ഇസ്രായേല്‍ അനുകൂല പ്രസിദ്ധീകരണങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിശ്വാസയോഗ്യമല്ലാത്ത നഷ്ടക്കണക്കുകളും നഷ്ടപരിഹാര ആവശ്യങ്ങളും
നാശനഷ്ടങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചിട്ടും അവയെല്ലാം ഒന്നൊന്നായി പുറത്തുവരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ ഇസ്രായേലിന് അനുഭവിക്കേണ്ടി വരുന്ന നഷ്ടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വ്യാപ്തി പുറത്തുവരുന്ന ഓരോ ദൃശ്യങ്ങളും വ്യക്തമാക്കുന്നു. കേവലം നാല് ദിവസത്തിനുള്ളില്‍ ഇസ്രായേലിന് നേരിടേണ്ടി വന്ന ഇറാനിയന്‍ ആക്രമണത്തെ മുന്‍നിര്‍ത്തി 19000ല്‍ അധികം നഷ്ടപരിഹാര കേസുകള്‍ ഇസ്രയേല്‍ ഗവണ്‍മെന്റിന് പരിഗണിക്കേണ്ടി വന്നുവെന്ന ഔദ്യോഗിക കണക്ക് യമന്‍ എക്കോ പോലെയുള്ള അറബ് മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അത്ഭുതപ്പെടുത്തുന്നതാണ്. മൂവായിരത്തോളം പൗരന്മാര്‍ക്ക് വീട് ഉപേക്ഷിക്കേണ്ടി വന്നു. പലരുടെയും ഗൃഹങ്ങള്‍ തകര്‍ന്ന് താമസയോഗ്യമല്ലാതാവുകയും ചെയ്തു.
പ്രാഥമിക കണക്കുകളാണെങ്കിലും, ഇസ്രയേലിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വസ്തുതവഹകള്‍ക്കും ഉണ്ടായ അപരിഹാര്യമായ നഷ്ടങ്ങളാണ് ഇവയെല്ലാം അറിയിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങളെ മൂടിവെച്ചാണ് ഇസ്രയേല്‍ മറ്റുചില നിസാര കണക്കുകള്‍ ഔദ്യോഗികതയുടെ ലേബല്‍വെച്ച് പുറത്തുവിടുന്നത്.
ഇറാന്‍ മിസൈലാക്രമണത്തില്‍ ഇരുപത്തിനാല് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും അറുന്നൂറോളം പേര്‍ക്ക് പരിക്കു പറ്റിയെന്നുമാണ് ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വാര്‍ത്താ കാര്യാലയം റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം, അല്‍ജസീറ പോലെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതുപ്രകാരം ഇറാന്‍ ലക്ഷ്യംവെച്ചത് ഇസ്രായേല്‍ പൗരന്മാര്‍ താമസിക്കുന്ന ഇടങ്ങളാണ്. അവയില്‍ ഡസന്‍ കണക്കിന് ഇസ്രായേലികള്‍ താമസിക്കുന്ന നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ വാര്‍ത്താ സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമ രഹസ്യ നയത്തിന്റെ ഭാഗമായി യഥാര്‍ഥ കണക്കുകള്‍ ആരുമറിയാതെ സൂക്ഷിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമായി ഇതിനെ മനസ്സിലാക്കാം.
യാഥാര്‍ഥ്യം മറച്ചുവെക്കാനുള്ള ഉത്തരവുകള്‍
ആക്രമണവുമായി ബന്ധപ്പെട്ട ഒരു കാര്യവും പുറത്തുവിടരുതെന്ന നിര്‍ദേശം ഇസ്രായേല്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ ഹോം ഫ്രന്റ് കമാന്‍ഡിന്റെ ഭാഗത്തുനിന്ന് നിരന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. യഥാര്‍ഥ നഷ്ടക്കണക്കുകള്‍ പുറത്തുപോകുമോ എന്ന ഭയവും അതില്ലാതാക്കാനുള്ള ഇസ്രയേലിന്റെ ജാഗ്രതയുമാണ് ഇടക്കിടയെുള്ള ഈ ഓര്‍മപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള ഇസ്രായേല്‍ സമൂഹത്തിനുപോലും അവര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.
മാധ്യമ വിലക്ക്, മാധ്യമ സുതാര്യതക്കുമേലുള്ള നിയന്ത്രണം, സെന്‍സര്‍ഷിപ്പ് തുടങ്ങി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യകളിലെയും നാശനഷ്ട കണക്കുകളിലെയും പൊരുത്തക്കേടുകള്‍ വരെയുള്ള കാര്യങ്ങളെല്ലാം രഹസ്യ നയങ്ങള്‍ ശക്തിപ്പെടുത്താനും യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാനുള്ള ഇസ്രയേലിന്റെ വ്യഗ്രഥയാണ് സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തിന്റെ ഭീകരതയും പരിക്കും രഹസ്യമാക്കിവെക്കാന്‍ എത്രമാത്രം സൂക്ഷ്മതയും കാര്‍ക്കശ്യവുമാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ഇസ്രയേലിതര മാധ്യമങ്ങളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മെ ബോധ്യപ്പെടുത്തും. തങ്ങളുടെ ശക്തിയും യൂറോപ്പിലും പശ്ചിേഷ്യയിലും തങ്ങള്‍ക്കുള്ള പ്രതിച്ഛായയും നിലനിര്‍ത്താനും ആഭ്യന്തര മുന്നണിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നയം കര്‍ശനമായ സെന്‍സര്‍ഷിപ്പിനെ അവലംബിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ, ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലില്‍ ഇസ്രായേലിന് അനുഭവിക്കേണ്ടി വരുന്ന ആഘാതങ്ങളുടെ വ്യാപ്തിയും ആഴവും പൂര്‍ണമായി മനസ്സിലാക്കുകയെന്നത് അല്പം പ്രയാസകരം തന്നെയാണ്.