Sunday, November 16, 2025

Current Date

മിസൈല്‍ വര്‍ഷങ്ങള്‍ക്കിടെ നിലവില്‍ വരുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപനം

IRAN ISRAEL

12 ദിവസത്തെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷം ഇറാനും ഇസ്രായേലും വെടിനിര്‍ത്തലിന് സമ്മതിക്കുമ്പോഴും ഇരു ഭാഗത്തേക്കും മിസൈല്‍ വര്‍ഷം തുടരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി നേരത്തെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ട്രംപ് വെടിനിര്‍ത്തല്‍ ആരംഭിച്ചതായി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രസ്താവന വന്നത്. ‘ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ ഉണ്ട്. ദയവായി അത് ലംഘിക്കരുത്!’ ട്രംപ് പറഞ്ഞു. ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇസ്രായേലിന്റെ നടപടിയില്‍ തനിക്ക് ‘ശരിക്കും അതൃപ്തിയുണ്ടെന്നും’ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ബോംബുകള്‍ വര്‍ഷിക്കുന്നത് നിര്‍ത്താനും നിങ്ങളുടെ സൈന്യത്തെ തിരികെ നാട്ടിലേക്ക് തന്നെ കൊണ്ടുവരാനും’ അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ ഏതെങ്കിലും വിധേന ലംഘിച്ചാല്‍ ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് നെതന്യാഹു ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് ബോംബാക്രണം നടത്തുകയും ഖത്തറിലെ യു.എസ് സൈനിക താവളത്തെ ഇറാന്‍ ആക്രമിക്കുകയും ചെയ്തത്. വരും ദിവസങ്ങളില്‍ രൂക്ഷമായ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതീക്ഷ പുതിയ കരാര്‍ ഉയര്‍ത്തുന്നതിനിടെയാണിത്. ‘സൈനിക ലക്ഷ്യങ്ങള്‍ നേടിയതിന്റെയും ട്രംപുമായുള്ള പൂര്‍ണ്ണ ഏകോപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശത്തിന് ഇസ്രായേല്‍ സമ്മതിച്ചു,’ എന്നാണ് നെതന്യാഹു പറഞ്ഞത്.

ചൊവ്വാഴ്ച പുലര്‍ച്ചെയും ഇറാന്‍ ആറ് തവണ ഇസ്രായേലിലേക്ക് മിസൈല്‍ വിക്ഷേപിച്ചു. പിന്നാലെ ശത്രുത അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ”ഇസ്രായേലിന്റെ ആക്രമണത്തിന് തിരിച്ചടിയായ നമ്മുടെ സായുധ സേനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാന നിമിഷം വരെ തുടര്‍ന്നു,” ചൊവ്വാഴ്ച ഇറാന്‍ സൈനിക പ്രതിനിധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാനിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ നിലച്ചുവെന്നും ‘വെടിനിര്‍ത്തലിന്റെ സാധ്യതയെക്കുറിച്ചുള്ള ഒരു സൂചന’യാണിതെന്നും എന്നാല്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ദുര്‍ബലമാണെന്നും ചൊവ്വാഴ്ച രാവിലെ അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നെന്നും എന്നാല്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും പിന്നാലെ പ്രതികരിച്ചു.

ഗസ്സയിലെ നിലവിലെ സ്ഥിതിഗതികള്‍

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്നതിനിടെയും ഗസ്സയിലും ഇസ്രായേലിന്റെ ബോംബിങ് തുടരുകയാണ്. ഗസ്സയില്‍ ഭക്ഷണത്തിനു കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. പട്ടിണി കിടന്ന് ഭക്ഷ്യ സഹായം സ്വീകരിക്കാനെത്തിയ ഫലസ്തീനികളെ കൊന്നുതള്ളുകയാണ് ഇസ്രായേല്‍ സൈന്യം. ഇറാനുമായി വെടിനിര്‍ത്തലിന് സമ്മതിച്ചതിനാല്‍ ഗസ്സയില്‍ ഹമാസുമായുള്ള 20 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ പൊതുജനവും ബന്ദികളുടെ ബന്ധുക്കളും ഇസ്രായേലിലെ പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.

”ഇനി ഗസ്സയില്‍, അവിടെയും ഇത് അവസാനിപ്പിക്കേണ്ട സമയമായി. ബന്ദികളെ തിരികെ കൊണ്ടുവരിക, യുദ്ധം അവസാനിപ്പിക്കുക,” പ്രതിപക്ഷ നേതാവ് യെയ്ര്‍ ലാപിഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നിരുന്നാലും, ഇറാന്‍ അപകടകാരിയാണെന്നും വെടിനിര്‍ത്തലിലെത്തരുതെന്നും ഒരു കൂട്ടം തീവ്ര വലതുപക്ഷ സയണിസ്റ്റുകളും കരാറിനെ വിമര്‍ശിക്കുന്നുണ്ട്. ”ഇറാനിലെ ഭരണകൂടം കരാറുകള്‍ ഉണ്ടാാനുള്ള രു ഭരണകൂടമല്ല, മറിച്ച് പരാജയപ്പെടുത്തേണ്ട ഒരു ഭരണകൂടമാണ്,” നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി അംഗമായ ഡാന്‍ ഇല്ലൂസ് പ്രതികരിച്ചു. ‘പരാജയപ്പെട്ടില്ലെങ്കില്‍’ ഇറാന്‍ ഇസ്രായേലിനെതിരെ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ച് ജൂണ്‍ 13നാണ് ഇസ്രായേല്‍ ഇറാനെതിരെ ഏകപക്ഷീയ ആക്രമണം ആരംഭിക്കുന്നത്. ശനിയാഴ്ച അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ് മാനമായ വാദം ഉന്നയിച്ചു.

യുറേനിയത്തിന്റെ സമ്പുഷ്ടതയും സ്ഥാനവും നിലവിലെ അവസ്ഥയും സ്ഥിരീകരിക്കാന്‍ വേണ്ടി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ ഐ.എ.ഇ.എ തിങ്കളാഴ്ച ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ട്. ഫോര്‍ഡോവ, ഇസ്ഫഹാന്‍, നതാന്‍സ് എന്നീ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് മുന്നോടിയായി ഇറാന്‍ തങ്ങളുടെ ആണവ വസ്തുക്കള്‍ അവിടെ നിന്നും മാറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ആണവ വ്യവസായത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇറാന് ആണവോര്‍ജ്ജ സംഘടനയുടെ തലവന്‍ മുഹമ്മദ് അല്‍സലാമി പറഞ്ഞു.

ഇരു പക്ഷവും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയും ഇറാന്റെ മിസൈലുകള്‍ ഇസ്രായേലിലേക്ക് യു.എസ് മിസൈലുകള്‍ ഇറാനിലേക്കും പറക്കുന്നുവെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഭീതിയുണ്ടാക്കുന്നുമുണ്ട്.

Related Articles