Current Date

Search
Close this search box.
Search
Close this search box.

പൗരാവകാശ സംഘടനകൾക്കെതിരെ സയണിസ്റ്റ് പടയൊരുക്കം

അധിനിവേശ ഫലസ്ത്വീനിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ആറ് പൗരാവകാശ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ഇസ്രായിൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് വിവാദമായെങ്കിലും അതിനെതിരെ ഒരു കോണിൽനിന്നും ശബ്ദം ഉയർന്നിട്ടില്ല. അൽ ഹഖ്, അദാമീർ, ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ പാലസ്തീൻ, ബിസാൻ സെന്റർ ഫോർ റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ്, ദി യൂനിയൻ ഓഫ് പാലസ്തീൻ വിമൻസ് കമ്മിറ്റി, യൂനിയൻ ഓഫ് അഗ്രികൾച്ചറൽ വർക്ക് കമ്മിറ്റി എന്നിവയാണ് ഒരു പ്രഭാതത്തിൽ ഭീകരപട്ടം കിട്ടിയ ആറു ഫലസ്ത്വീനി സംഘനടകൾ!

ഈ സംഘടനകൾ സഹായിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പുകളുടെ കൂട്ടത്തിൽ ഫലസ്ത്വീനിലെ ഇസ്‌ലാമിസ്റ്റ് ചെറുത്തു നിൽപ് പ്രസ്ഥാനങ്ങളായ ഹമാസോ ഇസ്‌ലാമിക് ജിഹാദോ ഉൾപ്പെടുന്നില്ല എന്നതാണ് ഏറെ കൗതുകകരം. പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പാലസ്തീൻ (പി.എഫ്.എൽ.പി) എന്ന ശുദ്ധ മതേതര, മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് സംഘടനയെയാണ് മേൽപറഞ്ഞ പൗരാവകാശ/എൻ.ജി..ഒ ഗ്രൂപ്പുകളുമായി ചേർത്തു പറഞ്ഞിരിക്കുന്നത്. സയണിസ്റ്റ് അധിനിവേശ ശക്തി ഇസ്‌ലാമിസ്റ്റുകളെ മാത്രമല്ല, ഫലസ്ത്വീനു വേണ്ടി ശബ്ദിക്കുന്ന മുഴുവൻ വ്യക്തികളെയും സംഘടനകളെയും എൻ.ജി.ഒകളെയുമൊക്കെ ടാർഗറ്റ് ചെയ്തിരിക്കുന്നുവെന്നർഥം.

മേൽ പറഞ്ഞ സംഘടനകൾ വർഷങ്ങളായി അധിനിവേശ ഭൂമിയിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നവയാണ്. ഇസ്രായിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ 1979 മുതൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് അൽ ഹഖ്. അധിനിവേശ പ്രദേശങ്ങളിൽ, വിശിഷ്യാ ഗസ്സയിൽ ഇസ്രായിൽ നടത്തിയ ഭീകര പ്രവർത്തനങ്ങൾ യുദ്ധക്കുറ്റങ്ങളായി കണക്കാക്കി അവ അന്വേഷിക്കാൻ അന്താരാഷ് ട്ര ക്രിമിനൽ കോടതി (ഐ.സി.സി) നടപടികൾ തുടങ്ങിയതാണ് പുതിയ പ്രകോപനത്തനു കാരണം.

ഇസ്രായിൽ പ്രതിരോധ മന്ത്രി ഒപ്പിട്ട സൈനിക ഉത്തരവാണിതെന്ന ഗൗരവം കൂടിയുണ്ട് പ്രഖ്യാപനത്തിന്. എന്നാൽ, ആരോപണത്തിന് ഉപോൽബലകമായ തെളിവുകൾ സയണിസ്റ്റ് ഭരണകൂടം പുറത്തുവിട്ടിട്ടുമില്ല. ഇക്കഴിഞ്ഞ മാർച്ച് മുതൽ മേയ് വരെ തങ്ങളുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മാത്രം പറഞ്ഞ് കയ്യൊഴിയുകയാണ്.

സംഗതി വിവാദമാവുകയും മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൺ റൈറ്റ്‌സ് വാച്ച് എന്നിവ രംഗത്തുവരികയും ചെയ്തതോടെയാണ് അമേരിക്ക മയത്തിലുള്ള പ്രസ്താവന പുറത്തിറക്കിയത്. തീരുമാനത്തിനു പിന്നിൽ എന്തായിരിക്കുമെന്ന് വ്യക്തമല്ലെന്നും ഇസ്രായിൽ ഇക്കാര്യം അമേരിക്കയെ അറിയിച്ചില്ലെന്നുമായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ആദ്യ പ്രതികരണം.

നാൽപത്തെട്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പുറത്തുവന്നത് എവിടെയും തൊടാത്ത ഉപദേശ പ്രസ്താവന. അത് ഇങ്ങനെ വായിക്കാം: പൗരാവകാശങ്ങളെ മാനിക്കുകയും സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമുള്ള ഒരു സർക്കാറിനെ സംബന്ധിച്ചേടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. പ്ര്ഖ്യാപനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ഇസ്രായിലിന്റെ അയേൺ ഡോം പദ്ധതി പരിഷ്‌കരിക്കാൻ നൽകാമെന്നേറ്റ ഒരു ബില്യൻ ഡോളർ ഗ്രാന്റ് തടഞ്ഞുവെക്കുമെന്ന ഒരു മുന്നറിയിപ്പ് ബൈഡൻ ഭരണകൂടം നൽകിയിരുന്നെങ്കിൽ നമുക്ക് കയ്യടിക്കാമായിരുന്നു.

എന്നാൽ അമേരിക്കൻ വാദത്തെ ഇസ്രായിൽ ഖണ്ഡിക്കുന്നു. പ്രഖ്യാപനത്തിനു മുമ്പ് അമേരിക്കയെ വിവരം അറിയിക്കുക മാത്രമല്ല, എൻ.ജി.ഒകൾ എങ്ങനെയാണ് പി.എഫ്,എൽ,പിക്ക്് സാമ്പത്തിക സഹായങ്ങൾ നൽകുന്നതെന്ന് വിവരിക്കുന്ന രേഖകൾ നൽകിയിരുന്നുവെന്നും ഇസ്രായിൽ സുരക്ഷാ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഷിൻ ബെറ്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തെളിവുകളുമായി വാഷിംഗ്ടണിലേക്ക് പറന്നിട്ടുമുണ്ട്. ഇതൊക്കെ ലോകത്തെ പറ്റിക്കാനുള്ള ഇവരുടെ ഒത്തുകളിയാണെന്ന് മുൻ അനുഭവങ്ങൾവെച്ച് പറഞ്ഞാലും തെറ്റില്ല.

ബൈഡന്റെ പാർട്ടിക്കാരായ ചില ഡെമോക്രാറ്റ് ജനപ്രതിനിധി സഭാംഗങ്ങൾ ഇസ്രായിൽ നടപടിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അതിലൊരാളായ ബെറ്റ് മെകല്ലം ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ പാലസ്തീൻ എന്ന സംഘടനയുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധങ്ങൾ വിവരിക്കുകയുണ്ടായി. ഇസ്രായിൽ സൈന്യത്താൽ കൊല്ലപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്ന ഫലസ്ത്വീൻ കുട്ടികളുടെ കാര്യത്തിൽ സജീവമായി ഇ്്രപെടുന്ന സംഘടനയാണ് അതെന്ന് അവർ ഓർമിപ്പിച്ചു. ഫലസ്ത്വീനികൾക്കുവേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്നും അവർ പറഞ്ഞു. മെകല്ലവും ഇൽഹാൻ ഉമറും റഷീദ തലൈബും ഉൾപ്പെടെ ആറു ഡെമോക്രാറ്റ് പ്രതിനിധികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി.

ജെ സ്ട്രീറ്റ്, അമേരിക്കൻസ് ഫോർ പീസ് നൗ തുടങ്ങിയ അമേരിക്കയിലെ അറിയപ്പെടുന്ന ജൂത സംഘടനകൾ ഇസ്രായിൽ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അടിച്ചമർത്തൽ നടപടികൾ സ്വീകാര്യമല്ലെന്നും അവ ജനാധിപത് വിരുദ്ധമാണെന്നും ഇസ്രായിലിനെ അറിയിക്കണമെന്ന് പ്രസിഡന്റ് ബൈഡനോട് ജെ സ്ട്രീറ്റ് ആവശ്യപ്പെട്ടു.

ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശത്ത് ജൂത കുടിയേറ്റക്കാർക്കായി 1355 ഭവനങ്ങൾ പണിയുമെന്ന് സയണിസ്റ്റ് ഭരണകൂടം പ്രസ്താവിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 2,000 വീടുകൾക്ക് പുറമെയാണിത്. കിഴക്കൻ ജറൂസലമിനു പുറമെ വെസ്റ്റ്ബാങ്കും വിഴുങ്ങാൻ ഇസ്രായിൽ തീരുമാനിച്ചിരിക്കെ സ്വതന്ത്ര ഫലസ്ത്വീൻ രാഷ് ട്രത്തിലേക്കുള്ള നീക്കങ്ങൾ ഒന്നൊന്നായി കൊട്ടിയടക്കപ്പെടുകയാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles