Current Date

Search
Close this search box.
Search
Close this search box.

കട്ജു ഉയര്‍ത്തിയ ആശങ്ക സത്യമായി നിലകൊള്ളുന്നില്ലേ..

മാർക്കണ്ഡേയ കട്ജു ഒരിക്കലും മതങ്ങളെയും ദൈവത്തെയും അംഗീകരിക്കുന്ന വ്യക്തിയല്ല. മതവും ദൈവവും അദ്ദേഹത്തിന്റെ ഭാഷയില്‍ തികഞ്ഞ അന്ധവിശ്വാസം മാത്രം. അദ്ദേഹത്തിന്റെ നോട്ടത്തില്‍ ശാസ്ത്രം മാത്രമാണ് ശരി. തന്റെ അഭിപ്രായത്തിനു അനുഗുണമായ കാര്യങ്ങള്‍ അദ്ദേഹം സമര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഇന്ത്യയിലെ ഹിന്ദുക്കളോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. “രാജ്യത്തെ വര്‍ഗീയ ശക്തികൾക്ക് ശക്തമായ സന്ദേശം അയയ്ക്കാൻ വിശുദ്ധ റമസാൻ മാസത്തിൽ ഒരു ദിവസത്തെ വൃതം ആചരിക്കണം. പുണ്യമാസത്തിലെ ഒരു ഉപവാസം ഒരു ഹിന്ദുവിനെ മുസ്ലീമാക്കി മാറ്റില്ല, മറിച്ച് രണ്ട് സമുദായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണെന്ന് ചെയ്യുക.” അതുപോലെ നവരാത്രി സമയത്ത് ഒരു വ്രതം ആചരിച്ചുകൊണ്ട് മുസ്ലിംകള്‍ തിരിച്ചും മാതൃക കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മതങ്ങള്‍ പരസ്പരം സഹകരിക്കേണ്ടത് ആരാധനകള്‍ പങ്കുവെച്ചല്ല. ആരാധനകള്‍ മതങ്ങളുടെ അടിസ്ഥാനമാണ്. ഒരു നിരീശ്വരവാദിയായ ഒരാളെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരേ പോലെയാണ്. എങ്കിലും മാർക്കണ്ഡേയ കട്ജു തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ കൂടി നാം പരിഗണിക്കണം. “ഇന്ത്യയില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര സമരത്തില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഒരു പാഠം പഠിച്ചു. മറ്റൊന്നുമല്ല ഇന്ത്യക്കാരെ ഇങ്ങിനെ ഒന്നിച്ചു വിട്ടാല്‍ തങ്ങള്‍ക്കു കൂടുതല്‍ ഇവിടെ വാഴാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ അവര്‍ അടുത്ത വഴിയെ കുറിച്ച് ആലോചിച്ചു. അങ്ങിനെയാണ് “ ഭിന്നിപ്പിച്ചു ഭരിക്കല്‍” എന്ന നിലപാടിലേക്ക് അവര്‍ മാറിയത്”. ബ്രിട്ടീഷ് സൈന്യത്തിലെ ശിപായിമാരായിരുന്നു കലാപത്തിനു തുടക്കം കുറിച്ചത്. മുഗള്‍ ഭരണ കൂടം അതേറ്റെടുത്തു. അധികം കാലം അത് നീണ്ടു നിന്നില്ല. 1857 മേയ് പത്തിന് ആരംഭിച്ച ബ്രിട്ടീഷ് വിരുദ്ധ സമരം 1858 ജൂണ്‍ ഇരുപതിന് അവസാനിച്ചു.

ഒരിക്കല്‍ എല്ലാ മതക്കാരും ഒന്നിച്ചാണ് മുഖ്യ ശത്രുവായിരുന്ന ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒന്നിച്ചു പടപൊരുതിയത്. തങ്ങളുടെ നാട് എന്ന ഏക വികാരമായിരുന്നു അതിനു പിന്നില്‍. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കാര്യത്തില്‍ ബ്രിട്ടീഷുകാരെ പിന്തുടരുന്ന വിഭാഗമാണ് നാട് ഭരിക്കുന്നത്‌. അവര്‍ എന്തിലും മതവും ജാതിയും മാത്രം കാണുന്നു. ആളുകളെ അവരുടെ വസ്ത്രം നോക്കി മനസ്സിലാക്കാം എന്ന് തുറന്നു പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രി തന്നെ. ആരൊക്കെ ഇന്ത്യക്കാരനാകണം എന്ന് തീരുമാനിക്കാനുള്ള അടിസ്ഥാനവും മതം തന്നെ. അവര്‍ക്ക് സൈന്യത്തില്‍ ഉന്നത സ്ഥാനത്തു വരാന്‍ പാടില്ല എന്ന് തീരുമാനിക്കുന്ന ഭരണകൂടം. ആ സമയത്താണ് കട്ജു അങ്ങിനെ ഒരു അഭിപ്രായം പറയുന്നത്. ഭരണ കൂടം തന്നെ വിഭാഗീയതക്ക് വളം വെക്കുമ്പോള്‍ ആളുകളെ അങ്ങിനെ ചിന്തിക്കുക എന്നത് സ്വാഭാവികം.

മഹാമാരിയുടെ കാലത്തും സംഘ പരിവാര്‍ വിദ്വേഷം ചീറ്റിക്കൊണ്ടിരിക്കുന്നു. ബംഗളൂരുവില്‍ ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരം കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കിയ വിവരം ഇതിനോട് ചേര്‍ത്ത് വായിക്കണം. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യുടെ കോവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാര്‍ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്‍ഗീയ വിദ്വേഷം. എന്തടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി ചോദിക്കുന്നത്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്.

‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്. കോവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. കോവിഡ് വാർഡില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്.

ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ആര്‍ക്കും ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാം. മുസ്ലിം എന്നത് ഇന്ത്യാക്കാരനാകാന്‍ പറ്റാത്ത നിബന്ധനയാണ് എന്ന് പൗരത്വ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിന്റെ മറ്റൊരു പതിപ്പാണ്‌ എം പി യും പറയുന്നത്. ഹിന്ദു സമുദായം തങ്ങളെ പിന്തുണക്കും എന്ന ഉറപ്പാണ് ഇത്തരം പ്രസ്ഥാവന നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. രാജ്യത്ത് മഹാമാരി അതിന്റെ ഏറ്റവും മോശം അവസ്ഥയില്‍ മുന്നേറുന്നു. ആയിരങ്ങള്‍ ദിനേന രോഗത്തിന് കീഴടങ്ങുന്നു. ആയിരങ്ങളുടെ ജീവന്‍ പൊലിയുകയും ചെയ്യുന്നു. എല്ലാവരും ഒറ്റക്കെട്ടായി വേണം ഈ മഹാമാരിയെ എതിര്‍ക്കാന്‍ എന്നിടത്തു നിന്നും മുസ്ലിംകളെ എന്തിനു ജോലിയില്‍ നിയമിച്ചു എന്ന് ചോദിയ്ക്കാന്‍ മാത്രം നമ്മുടെ മതേതരത്വവും ജനാധിപത്യവും വളര്‍ന്നിരിക്കുന്നു. ഇത്തരം ആളുകളെ നിലക്ക് നിര്‍ത്താന്‍ സമുദായവും പാര്‍ട്ടിയും തയ്യാറാകണം. പാര്‍ട്ടി അതിനു തയ്യാറാകില്ല എന്നുറപ്പാണ്. അപ്പോള്‍ ഇത്തരം വിദ്വേഷ വാഹകരെ മൊത്തം ഇന്ത്യന്‍ ജനത തിരുത്തണം.

വിഷയത്തില്‍ കാര്യമായ പ്രതിഷേധം നാം കണ്ടില്ല. അല്ലെങ്കിലും നാം ക്രിയ നോക്കിയല്ല കര്‍ത്താവിനെ നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. മുസ്ലിം നാടുകളില്‍ ഒരു പാട് ഹിന്ദു സഹോദരങ്ങള്‍ ആതുരസേവന രംഗത്ത്‌ ജോലി ചെയ്യുന്നു. പക്ഷെ ഇങ്ങിനെ ഒരു ചോദ്യം ഉന്നയിക്കാന്‍ ഒരാളും അവിടെ ഉണ്ടാകില്ല. അവിടെ എന്ന് മാത്രമല്ല ഇന്ത്യ ഒഴികെ മറ്റൊരിടത്തും നമുക്ക് കാണാന്‍ കഴിയില്ല. അനാവശ്യമായി മത സാമുദായിക ധ്രുവീകരണം നടത്തിയാണ് സംഘ പരിവാര്‍ അധികാരത്തില്‍ എത്തിയത്. അടുത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ അവരുടെ കുത്രന്ത്രം കാര്യമായി വിജയിച്ചില്ല എന്നത് ആശ്വാസം തന്നെ. പരാജയപ്പെട്ടു എന്നതിന്റെ പേരില്‍ ബംഗാളില്‍ കലാപം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍. കേരളത്തില്‍ അവര്‍ പല രീതിയിലും ശ്രമിച്ചിരുന്നു. അവസാനം സ്വയം പരാജയം സമ്മതിക്കേണ്ടി വന്നു .

മതങ്ങള്‍ തമ്മില്‍ ആചാരങ്ങള്‍ കൈമാറിയല്ല സൗഹൃദം കാണിക്കേണ്ടത് എന്ന് പറയുമ്പോഴും മാർക്കണ്ഡേയ കട്ജു ഉയര്‍ത്തിയ ആശങ്ക നമ്മുടെ മുന്നില്‍ സത്യമായി നിലകൊള്ളുന്നു. ബംഗാളിലും തമിഴ്നാട്ടിലും സംഭവിച്ച പരാജയം അവരില്‍ മുറിവുണ്ടാക്കിയിരിക്കുന്നു. അത് കൊണ്ട് വിഷ സര്‍പ്പത്തെ നിരീക്ഷിക്കുന്ന രീതിയില്‍ സംഘ പരിവാര്‍ കൂട്ടത്തെ നാം നിരീക്ഷിച്ചു കൊണ്ടിരിക്കണം.

Related Articles