Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാം നല്‍കിയ പ്രാധാന്യം പോരേ നമുക്കും ?

ഒരു സ്ഥലം എന്ന നിലയില്‍ മക്കക്കുള്ള പ്രാധാന്യം മറ്റൊരു സ്ഥലത്തിനും ഇസ്ലാം നല്‍കുന്നില്ല. പുണ്യത്തെ കുറിച്ച് പറഞ്ഞു വരുമ്പോള്‍ മക്കയോളം മുന്നിട്ടു നില്‍ക്കുന്ന മറ്റൊരു സ്ഥലവും ഭൂമിയില്‍ നമുക്ക് കാണാന്‍ കഴിയില്ല. അതിനു ശേഷമാണ് മദീന കടന്നു വരുന്നത്. പിന്നെ എങ്ങിനെയാണ് മദീന മക്കയെ കവച്ചു വെക്കുന്നത്. സ്ഥാനം കൊണ്ട് ഒന്നാം സ്ഥാനത്ത് പ്രവാചകന് ശേഷം അംഗീകരിക്കപ്പെടുന്നത് അബൂബക്കറിനെയാണ്. എന്നിട്ടും പലപ്പോഴും അലി അബൂബക്കറിനെ കവച്ചു വെക്കുന്നു. പ്രവാചകന്‍ പഠിപ്പിച്ചു തന്ന സ്വലാത്തുകളെയും ദിക്‌റുകളെയും അതിനു ശേഷം കണ്ടു പിടിച്ച പല സ്വലാത്തുകളും ദിക്‌റുകളും കവച്ചു വെക്കുന്നു.

വിശ്വാസികളെ നിങ്ങള്‍ പ്രവാചകന്റെ പേരില്‍ സ്വാലാത് ചൊല്ലണം എന്ന കല്‍പ്പന വന്നപ്പോള്‍ എങ്ങിനെയാണ് സ്വലാത് ചൊല്ലേണ്ടത് എന്ന് സഹാബികള്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ കുറച്ചു സമയം മൗനിയായിരുന്നു. ചോദിച്ച സഹാബി പറയുന്നു ‘പ്രവാചകനോട് ചോദിക്കേണ്ടിയിരുന്നില്ല’ എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോകാന്‍ മാത്രം അവിടുത്തെ മൗനം നീണ്ടു പോയി. പിന്നെയാണ് പ്രവാചകന്‍ ഇബ്‌റാഹീമി സ്വലാത് ചൊല്ലാന്‍ നിര്‍ദ്ദേശിച്ചത്. നല്ലതു മാത്രം തന്റെ അനുയായികള്‍ക്ക് നല്‍കുന്ന പ്രവാചകന്‍ പിന്നീട് നാം കേട്ട് വരുന്ന ഒരു സ്വലാത്തും പറഞ്ഞു കൊടുത്തില്ല. പ്രവാചകനെ സ്വപ്നത്തില്‍ കാണാന്‍ നാരിയ സ്വലാത് ചൊല്ലണം എന്ന് പറഞ്ഞു കൊണ്ടാണ് ഒരു പ്രചാരണ വാഹനം കടന്നു പോയത്. നാരിയ സ്വലാത് തന്നെ പ്രവാചക കാലത്തു ഇല്ല എന്നതിനാല്‍ അങ്ങിനെ പ്രവാചകന്‍ പറഞ്ഞിരിക്കാന്‍ ഇടയില്ല.

ഇസ്ലാം പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൂര്‍ത്തിയായതാണ്. അതിലെ പുണ്യങ്ങളും വിശേഷങ്ങളും അങ്ങിനെ തന്നെ. ഇന്ന് പറഞ്ഞു വരുന്ന പല പുണ്യങ്ങളും പ്രവാചകന് ശേഷം കൂട്ടി ചേര്‍ത്തതാണ്. പ്രവാചക ജീവിതത്തില്‍ മക്കക്കും മദീനക്കും പ്രാധാന്യമുണ്ട്. ഒന്ന് പ്രവാചകന്‍ ജനിച്ച മണ്ണ്. കൂടാതെ പ്രവാചകന് പ്രവാചകത്വം ലഭിച്ച മണ്ണ്. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനം ആരംഭിച്ച മണ്ണ്. കഅ്ബ സ്ഥിതി ചെയ്യുന്ന മണ്ണ്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാം മക്കയിലാണ്. പ്രവാചകന്മാരുടെ ചരിത്രം ഉറങ്ങുന്ന മണ്ണ്. അങ്ങിനെ പലതും. പ്രവാചകന്റെ ഹിജ്‌റക്ക് ശേഷമാണു മദീന ചരിത്രത്തില്‍ കടന്നു വരുന്നത്. ശേഷം മദീനയാണ് അറിയപ്പെട്ടത്. എന്ന് വെച്ച് പ്രവാചകന്‍ മക്കയേക്കാള്‍ മദീനക്ക് സ്ഥാനം നല്‍കിയില്ല. പക്ഷെ ഇന്ന് പലര്‍ക്കും മദീന ഒന്നാം സ്ഥാനത്തു വരുന്നു. പ്രവാചക സ്‌നേഹം എന്ന രീതിയില്‍ കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല. പ്രവാചകന് ശേഷം പലരും മദീനയില്‍ നിന്നും പുറത്തു പോയി താമസിച്ചിട്ടുണ്ട്. മദീനയില്‍ താമസിക്കുക എന്നത് ദീനിന്റെ പ്രമാണമായി അവര്‍ കണ്ടിരുന്നില്ല. പ്രവാചകന് ശേഷം പലരും മരണമടഞ്ഞതു മദീനയുടെ പുറത്താണ്. പ്രവാചക സ്‌നേഷം പ്രവാചകന്‍ ജീവിച്ച നാടിനെ സ്‌നേഹിക്കലല്ല. പ്രവാചകന്റെ അടുത്ത അനുയായിയും മരുമകനുമായ അലി (റ)തന്റെ ഭരണത്തിന്റെ ആസ്ഥാനം തന്നെ മദീനയില്‍ നിന്നും കൂഫയിലേക്കു മാറ്റി എന്നാണ് ചരിത്രം. അപ്പോള്‍ അതിരു കടന്ന മദീന ഭക്തിക്ക് ഇസ്ലാമില്‍ വലിയ സ്ഥാനമില്ല. പ്രവാചകന്‍ ജീവിച്ച സ്ഥലമായതു കൊണ്ടും മദീനക്കാര്‍ പ്രവാചകനോട് കൂടുതല്‍ അടുത്ത് ജീവിച്ചവര്‍ എന്ന നിലയിലും മദീനക്കാരുടെ നിലപാടുകള്‍ ദീനില്‍ അടിസ്ഥാനമാണ് എന്ന അഭിപ്രായം ഇമാം മാലിക്കിനെ പോലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും വേണ്ടത്ര മുസ്ലിം ലോകം അംഗീകരിച്ചിട്ടില്ല.

അതിനാല്‍ ഇസ്ലാം നല്‍കിയ പ്രാധാന്യം മാത്രം നാമും നല്‍കുക. പ്രവാചക വേര്‍പ്പാടിനെ പ്രവാചകന്റെ വ്യക്തിപരമായ വിയോഗം എന്നതിനേക്കാള്‍ വഹിയ് നിന്ന് പോയി എന്നതാണ് സഹാബത്തിനെ വേദനിപ്പിച്ചത്. പ്രവാചകന്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നത് അത് മുഖേനയാണ്. ഒരു ബോധനമില്ലാതെ പ്രവാചകന്‍ ഒന്നും പറയില്ല എന്നാണു പ്രമാണം. അതെ പ്രവാചകന്റെ പേരിലാണ് പലരും പലതും പറഞ്ഞു കൂട്ടുന്നത് എന്ന് കൂടി ചേര്‍ത്ത് വെക്കണം.

Related Articles