Current Date

Search
Close this search box.
Search
Close this search box.

മോദി കാലത്തെ ഇസ്ലാമിക കര്‍മ്മ ശാസ്ത്രം

ഹിജാബ് സുപ്രീംകോടതിക്കും വലിയ വിഷയമായി തോന്നിയില്ല. ഹിജാബ് ഇല്ലാതെ പഠിക്കാന്‍ തയാറല്ല എന്നുവന്നാല്‍ മുസ്ലിം സ്ത്രീകളുടെ ഭാവി എന്താകും? പല സുഹൃത്തുക്കളും ഈ ചോദ്യം ആവര്‍ത്തിക്കുന്നു. ഹിജാബ് ഒരു തുണിയുടെ മാത്രം വിഷയമായി നമുക്ക് മുമ്പ് തന്നെ അനുഭവപ്പെട്ടിട്ടില്ല. മുസ്ലിം സ്ത്രീ തല മറക്കുന്നത് കൊണ്ട് ഇല്ലതാകുന്നതല്ല ഇന്ത്യന്‍ മതേതരത്വം. അതിനു മറ്റു ചില അടിസ്ഥാനങ്ങള്‍ കൂടിയുണ്ട്. അപ്പോള്‍ ഹിജാബ് നിരോധനത്തിന്റെ കാര്യം മറ്റൊന്നാണ്.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ എല്ലാ മേഖലയിലും വളരെ പിറകിലായിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ട് കൊണ്ട് മുസ്ലിം സമൂഹത്തിന്റെ പരിശ്രമം കാരണം സമുദായത്തിനു കുറച്ചു മുന്നോട്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ സ്ഥാനം മുസ്ലിം സ്ത്രീ നേടിയിട്ടുണ്ട്. മതത്തിന്റെ ചട്ടങ്ങള്‍ പാലിച്ചും സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സ്ത്രീക്ക് ഇടം കണ്ടത്താന്‍ കഴിയും എന്ന തിരിച്ചറിവ് എതിരാളികളെ വല്ലാതെ ഉറക്കം കെടുത്തുന്നു. പൗരത്വ സമരങ്ങുടെ കാലത്ത് മുസ്ലിം പുരുഷന്മാരെ പിന്തള്ളി മുസ്ലിം സ്ത്രീകള്‍ മുന്നില്‍ വന്നിരുന്നു. അത് കൊണ്ട് തന്നെ മുസ്ലിം സ്ത്രീയുടെ സാമൂഹിക മുന്നേറ്റം അവസാനിപ്പിക്കുക എന്നത് സംഘ പരിവാറിന്റെയും കൂട്ടരുടെയും അജണ്ടയായി മാറി.

വിശ്വാസവും പഠനവും ഒന്നിച്ചു കൊണ്ട് പോകുന്നതിലാണ് ശത്രുവിന് നിരാശ. അതെ സമയം കാനെഷ്‌കുമാരി മുസ്ലിംകളില്‍ അവര്‍ക്ക് വലിയ പ്രശ്‌നമില്ല. അവര്‍ ഒരിക്കലും തങ്ങളുടെ വളര്‍ച്ചക്കും നിലപാടുകള്‍ക്കും എതിര് നില്‍ക്കില്ലെന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നു. ജനനം കൊണ്ട് കിട്ടിയ ഒന്നാണ് അവര്‍ക്ക് ഇസ്ലാം. കര്‍മ്മം കൊണ്ട് അതിനു സാക്ഷിയാവാന്‍ അവര്‍ക്ക് താല്പര്യമില്ല. ഇസ്ലാമിന്റെ അടയാളങ്ങളും തിരിച്ചറിവും പരമാവധി ഇല്ലാതാക്കാന്‍ അവര്‍ എന്നും ശ്രമിക്കും. പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മദ്രസ്സകള്‍ തുടങ്ങി പലതിലും അവര്‍ പലപ്പോഴായി കൈവെച്ചു. അത് ഒരു വിജയമായിരുന്നു എന്നവര്‍ മനസ്സിലാക്കുന്നു. അതിന്റെ അടുത്ത പടിയാണ് മുസ്ലിം സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടക്കുക എന്നത്. അതിലൂടെ മുസ്ലിം ചിഹ്നങ്ങള്‍ പതുക്കെ ഇല്ലാതാക്കാം എന്നവര്‍ കണക്കുകൂട്ടുന്നു.

വിദ്യാഭ്യാസത്തില്‍ നിന്നും മുസ്ലിം സ്ത്രീയെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ മറ്റെല്ലാം എളുപ്പമാകും എന്നവര്‍ മനസ്സിലാക്കുന്നു. അവിടെയാണ് ശത്രുക്കള്‍ നിരാശയിലേക്ക് പോകുന്നത്. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം കാലത്തിനനുസരിച്ച് വികസിക്കുന്ന ഒന്നാണ്. പുതിയ വിഷയങ്ങള്‍ കടന്നു വരുമ്പോള്‍ അതിനു പരിഹാരം തേടാന്‍ അതിനു കഴിയുന്നു. ഇസ്ലാമിനെ ഖുര്‍ആന്‍ മരത്തോടു ഉപമിക്കുന്നു. അതിന്റെ വേരുകള്‍ ഭൂമിയില്‍ ശക്തിയായി ഉറച്ചിരിക്കുന്നു. അതിനെ നമുക്ക് വിശ്വാസം എന്ന് പറയാം. വിശ്വാസം ഉറപ്പിക്കുക എന്നതാണ് ഈ ഫാസിസ കാലത്ത് മുസ്ലിം സമൂഹം ചെയ്യേണ്ട ആദ്യ കാര്യം. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ സംഘ പരിവാര്‍ കൊണ്ട് വരുന്ന അവസാന കാര്യമാണ് ഇതെന്ന് നാം തെറ്റിദ്ധരിക്കരുത്. അവരുടെ ആവനാഴിയില്‍ വിഷം പുരട്ടിയ അമ്പുകള്‍ ഇനിയും ധാരാളം. അത് കൊണ്ട് തന്നെ കടുത്ത നടപടികള്‍ ഇനിയും നാം പ്രതീക്ഷിക്കണം.

ഹിജാബ് ധരിക്കുക എന്നത് മുസ്ലിം സ്ത്രീയുടെ മതപരമായ ബാധ്യതയാണ്. അതില്‍ നിന്നും മാറി നില്ക്കാന്‍ അവള്‍ക്ക് കഴിയില്ല. അതില്ലാതെ മാത്രമേ വിദ്യാഭ്യാസം സധ്യമാകൂ എന്ന് വന്നാല്‍ എന്ത് വേണം എന്നത് മുസ്ലിം പണ്ഡിത ലോകത്തിന്റെ മുന്നില്‍ ചര്‍ച്ചയായി വരണം. അതില്ലാതെയും വിദ്യ നേടാന്‍ സ്ത്രീക്ക് അനുവാദം നല്‍കേണ്ടി വരും. അല്ലെങ്കില്‍ ഒരു തലമുറ ഇല്ലാതാകും. അല്ലെങ്കില്‍ മുസ്ലിം സ്ത്രീക്ക് വിദ്യ നേടാനുള്ള മാര്‍ഗങ്ങള്‍ സമുദായ നേതൃത്വം നിര്‍മ്മിച്ച് നല്‍കണം. ഇളവുകള്‍ നിയമങ്ങളല്ല. പക്ഷെ ഇളവുകള്‍ ഒരു അത്യാവശ്യ ഘടകമാണ്. അത് ചേരുമ്പോള്‍ മാത്രമാണ് മതം പൂര്‍ത്തിയാകുന്നത്. സംഘ പരിവാര്‍ മുന്നോട്ട് വെക്കുന്ന ഭീഷണികളെ നേരിടാന്‍ ഇസ്ലാം എന്നും സജ്ജമാണ്. അതിന്റെ കൂടെ ഇന്തയില്‍ സാധ്യമായ നിയമ സംരക്ഷണം കൂടി നാം തേടണം.

അല്ലാഹുവിന്റെ നിയമത്തെ വെല്ലുവിളിക്കുന്ന ജാഹിലിയ്യത്തിനെ നേരിടാന്‍ മതം ആവശ്യപെടുന്നു. അതിങ്ങിനെ വായിക്കാം ‘ ഈ ജനം (മക്കയിലെ നിഷേധികള്‍) ചില തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. ഞാനും ഒരു തന്ത്രം പ്രയോഗിക്കുന്നു. അതിനാല്‍ പ്രവാചകരേ, ഈ നിഷേധികള്‍ക്ക് ഒരല്‍പം കൂടി സാവകാശം കൊടുത്തേക്കുക . പ്രസ്തുത വിഷയം ഇങ്ങിനെ വിശദീകരിക്കാം ‘ ഈ ഖുര്‍ആനിക സന്ദേശം പരാജയപ്പെടുത്തുന്നതിന് അവിശ്വാസികള്‍ പലവിധ സൂത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഊത്തുകൊണ്ട് ഈ വിളക്ക് കെടുത്തിക്കളയാമെന്ന് അവര്‍ മോഹിക്കുന്നു.

ജനങ്ങളില്‍ പലവക സംശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഓരോ വ്യാജാരോപണങ്ങള്‍ കെട്ടിച്ചമച്ച് ഈ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രവാചകനില്‍ ആരോപിക്കുന്നു. അതുവഴി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുടങ്ങിപ്പോകുമെന്നും അദ്ദേഹം വലിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ജാഹിലിയ്യത്താകുന്ന ഇരുട്ടിന്റെ മൂടുപടം അങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്നുമാണവരുടെ വിചാരം. അവരുടെ സൂത്രങ്ങള്‍ വിജയിക്കാതിരിക്കാനുള്ള സൂത്രങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഒടുവില്‍ അവര്‍ കൊമ്പുകുത്തുകയും തങ്ങള്‍ ഊതിക്കെടുത്താന്‍ പാടുപെടുന്ന ഈ വെളിച്ചം പരക്കുകയുംതന്നെ ചെയ്യും’

Related Articles