Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമും സ്വവർഗലൈംഗികതയും

സ്വവർഗലൈംഗികതയെ മുസ്ലിംകൾ എതിർക്കുന്നതും അതിനെതിരെ നിലപാടുകൾ സ്വീകരിക്കുന്നതും ഇസ്ലാം അത് വിലക്കിയത് കൊണ്ട് തന്നെയാണ്. അതേസമയം ഇസ്ലാമിന്റെ വിധിവിലക്കുകൾക്ക് വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപുമായി ബന്ധപ്പെട്ട നിരവധി യുക്തികളുണ്ട്. മതം പഴഞ്ചനും പുരോഗമന വിരുദ്ധവുമാണെന്ന സെക്യുലർ, ലിബറൽ മുൻവിധികളിൽ നിന്നാണ് ഇസ്ലാമിന്റെ ധാർമിക, സദാചാര നിലപാടുകൾ ഇന്നത്തെ കാലത്തേക്ക് പറ്റിയതല്ല എന്ന തീർപ്പുകൾ ഉണ്ടാവുന്നത്. ആധുനികത, സ്വത്വ രാഷ്ട്രീയം, ലൈംഗിക ന്യൂനപക്ഷം തുടങ്ങിയ പദപ്രയോഗങ്ങൾ കൊണ്ട് റദ്ദ് ചെയ്യാൻ പറ്റുന്നതല്ല എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ദൈവത്തിന്റെ കാലാതീതമായ നിയമങ്ങളും യുക്തികളും. ഇന്നും ചില അടിസ്ഥാന ധാർമിക മൂല്യങ്ങൾ മനുഷ്യ സമൂഹം അംഗീകരിക്കുന്നത് മനുഷ്യരിൽ സഹജമായിട്ടുള്ളതും മതങ്ങൾ പരിപോഷിപ്പിച്ചതുമായ മൂല്യബോധം കൊണ്ട് തന്നെയാണ്. ഈ മൂല്യങ്ങളെ അട്ടിമറിക്കുകയാണ് വ്യക്തിസ്വാതന്ത്യത്തിന്റെ പേരിൽ ലിബറലിസം ചെയ്യുന്നത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയവും ലൈംഗിക ബന്ധവുമാണ് സ്വാഭാവികവും പ്രകൃതിപരവും. അത് വിവാഹ ബന്ധത്തിലൂടെ മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാമിന്റെ കൃത്യമായ നിലപാട്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് സമൂഹത്തിന്റെ അടിത്തറയായ കുടുംബം രൂപപ്പെടുന്നതും നിലനിൽക്കുന്നതും.

സ്ത്രീയുടെയും പുരുഷന്റെയും ജീവശാസ്ത്ര ഘടന നോക്കിയാൽ തന്നെ സ്ത്രീപുരുഷ ലൈംഗിക ബന്ധമാണ് (heterosexual) സ്വാഭാവികവും പ്രകൃതിപരവുമെന്ന് ബോധ്യമാവും. സ്ത്രീപുരുഷ ലൈംഗികത പോലെ തന്നെ സ്വവർഗലൈംഗികതയും പ്രകൃതിപരമാണെങ്കിൽ ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോൾ തന്നെ ഒരേ സമയം സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങൾ നൽകപ്പെടേണ്ടതായിരുന്നു. കാരണം ലൈംഗികതയുടെ പ്രകൃതിപരമായ ലക്ഷ്യം സുഖാസ്വാദനം മാത്രമല്ല, ജീവിവർഗങ്ങളുടെ നിലനിൽപ് കൂടിയാണ്. സ്വവർഗലൈംഗികതയിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ് സാധ്യമല്ല. മനുഷ്യർ എല്ലാവരും സ്വവർഗാനുരാഗികൾ ആവുമോ എന്ന് ചോദിക്കാം. അത് ഏതാണ് പ്രകൃതിപരം എന്ന ചോദ്യത്തിനുള്ള മറുപടിയല്ല. സമൂഹത്തിൽ സ്വവർഗാനുരാഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ അത് സ്വാഭാവികമായ കുടുംബ ഘടനയെ ശിഥിലമാക്കും എന്നുറപ്പാണ്. പാശ്ചാത്യ സമൂഹങ്ങൾ നേരിടുന്ന ഗുരുതരമായ കുടുംബത്തകർച്ചയുടെ പല കാരണങ്ങളിൽ ഒന്ന് ഇത് കൂടിയാണ്.

സ്വവർഗലൈംഗികത സ്വാഭാവികമല്ലെങ്കിൽ തന്നെയും സ്വവർഗാനുരാഗം ചില മനുഷ്യരിൽ കാണപ്പെടുന്നുണ്ട്. അത് ജനിതകമായി ലഭിക്കുന്നതാണെന്ന് ഇത് വരെയും തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങനെ തെളിയിക്കപെട്ടാൽ പോലും ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ അത് പ്രാക്ടീസ് ചെയ്യുന്നതിന് ധാർമികമായ ന്യായീകരണമില്ല. സ്ത്രീപുരുഷ ലൈംഗികാകർഷണം പ്രകൃതി സഹജമാണെന്ന് കരുതി ഇഷ്ടപെടുന്ന ഏത് പെണ്ണുമായും ഏത് പുരുഷനുമായും ലൈംഗിക ബന്ധം പുലർത്താൻ പുരുഷനെയും സ്ത്രീയെയും ഇസ്ലാം അനുവദിക്കുന്നില്ല. I am a Muslim Gay എന്ന് ഒരു മുസ്ലിമിന് പറയാൻ പറ്റാത്തത് പോലെ l am a Muslim alcoholic എന്നോ I am a Muslim cheater എന്നോ l am a Muslim adulterer എന്നോ ഒരു മുസ്ലിമിന് മുസ്ലിമായിക്കൊണ്ട് പറയാൻ കഴിയില്ല. ഹവാ എന്ന് ഖുർആൻ വിശേഷിപ്പിക്കുന്ന സ്വേഛ മനുഷ്യ പ്രകൃതിയിൽ ഉള്ളത് തന്നെയാണ്. തിന്മ ചെയ്യാനുള്ള മനുഷ്യന്റെ സഹജവാസനയെ നിയന്ത്രിച്ച് നിർത്തി നന്മ പ്രവർത്തിക്കുന്നതിനെയാണ് ധാർമികത എന്ന് പറയുന്നത്. അത് തന്നെയാണ് തഖ്‌വ.

സ്വവർഗരതിക്ക് ഒരാൾക്ക് സ്വാതന്ത്യമില്ലെ എന്ന് ചോദിക്കാം. തീർച്ചയായും ഉണ്ട്. ഏത് നന്മ ചെയ്യാനും ഏത് തിന്മ ചെയ്യാനും മനുഷ്യന് ഇസ്ലാം സ്വാതന്ത്ര്യം നൽകുന്നുണ്ട്. നൻമയുടെ സദ്ഫലങ്ങളും തിൻമയുടെ പ്രത്യാഘാതങ്ങളും ഈ ലോകത്തും പരലോകത്തും മനുഷ്യർ അനുഭവിക്കേണ്ടിവരുമെന്ന് മാത്രം. ഇസ്ലാമിൽ രക്ഷാശിക്ഷകളുടെ അടിസ്ഥാനം തന്നെ സ്വന്തം കർമങ്ങൾ സ്വയം തെരഞ്ഞെടുക്കാനുളള മനുഷ്യന്റെ സ്വാതന്ത്യമാണ്. സ്വവർഗരതി മാത്രമല്ല, മൃഗരതി, ശവരതി പോലെ അതി വിചിത്രമായ ലൈംഗികാഭിനിവേശങ്ങൾ കൊണ്ടു നടക്കുന്ന ആളുകളുണ്ട്. ലിബറലിസത്തിന്റെ സ്വതന്ത്ര ലൈംഗികതാവാദം അത്തരം പ്രവണതകൾക്ക് ആക്കം കൂട്ടുന്നുമുണ്ട്. മനുഷ്യന്റെ പലതരം തെറ്റായ അഭിനിവേശങ്ങളെ അടിസ്ഥാനമാക്കി സ്വത്വങ്ങൾ രൂപപ്പെടുത്തുന്നതിനോ പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനോ യുക്തിപരമായും ധാർമികമായും യാതൊരു ന്യായീകരണവ്യമില്ല. അത്തരം പ്രവണതകളെ ഇസ്ലാം അംഗീകരിക്കുന്നുമില്ല.

സ്വവർഗാനുരാഗം പലപ്പോഴും ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ ഒരു ദൗർബല്യമായി ചില മനുഷ്യരിൽ പ്രകടമാവുന്നതാണ് എന്നതിന് അനുഭവസാക്ഷ്യങ്ങളുണ്ട്. അത് കൊണ്ടാണ് ഒരു ഘട്ടത്തിൽ സ്വവർഗാനുരാഗികളായി ജീവിച്ചവർ പിന്നീട് സ്വഭാവികമായ ലൈംഗിക ബന്ധം പുലർത്തുന്നതും കുടുംബ ജീവിതം നയിക്കുന്നതും കാണാൻ കഴിയുന്നത്. ഇനി അത് ജൻമസിദ്ധമാണെങ്കിൽ തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ജൻമസിദ്ധമായ പലതരം ചോദനകളെയും അഭിനിവേശങ്ങളെയും നിയന്ത്രിച്ചു കൊണ്ടാണ് മനുഷ്യൻ ധാർമിക ജീവിയായി മാറുന്നത്. ചോദനകളെ കയറൂരിവിടാൻ മനുഷ്യന് പ്രത്യയ ശാസ്ത്രത്തിന്റെ ആവശ്യമില്ല. അതിനെ മഹത്വവൽക്കരിക്കാനും സ്വാഭാവികവൽക്കരിക്കാനുമാണ് തിയറികളും പദാവലികളും ആവശ്യമായിത്തീരുന്നത്. അതിനെ ആശാസ്യമായ പരിധികൾക്കുള്ളിൽ നിയന്ത്രിച്ചു നിർത്താൻ വേണ്ടിയാണ് ധാർമിക നിയമങ്ങൾ.

സ്വവർഗലൈംഗികതയുടെ ദൂഷ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ പോലും ഹോമോഫോബുകളായി മുദ്രയടിക്കുന്നത് പ്രോപഗണ്ടയുടെയും രാഷ്ട്രീയത്തിന്റെയും ഭാഗമാണ്. അത്തരം വിമർശനങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഒളിച്ചു നോട്ടമാണത്രെ.ഒരാൾ അയാൾക്കിഷ്ടമുളളത് പോലെ ജീവിച്ചാൽ സമൂഹത്തിനെന്ത് കുഴപ്പം എന്ന ചോദ്യം ധാർമിക നിയമങ്ങൾ ലംഘിക്കുന്നേടത്ത് മാത്രമെ ലിബറലിസം ഉന്നയിക്കുകയുള്ളൂ. സ്റ്റേറ്റ് നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ വേറെ യുക്തിയാണ്. അതാണ് ലിബറലിസത്തിന്റെ കാപട്യം . തിൻമയും മ്ലേഛ വൃത്തികളും സമൂഹത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവുമ്പോൾ അതിന്റെ നേരെ മൗനം പാലിക്കാൻ മനുഷ്യ സ്നേഹികൾക്ക് സാധ്യമല്ല. ഇസ്ലാമിന്റെ എതിർപ്പ് തിൻമയോടാണ്. ദുഷ്പ്രവണതകൾക്ക് അടിപ്പെട്ട മനുഷ്യരെ അധിക്ഷേപിക്കുകയും അകറ്റി നിർത്തുകയുമല്ല, അതിൽ നിന്ന് കരകയറാൻ അവരെ സഹായിക്കുകയാണ് മുസ്ലിംകളുടെ ചുമതല. സ്വവർഗലൈംഗികത പ്രചരിപ്പിക്കാം , പക്ഷെ സ്വവർഗലൈംഗികതയെ ആശയപരമായി വിമർശിക്കാൻ പോലും പാടില്ല എന്നത് എന്ത് തരം ലിബറൽ, ജനാധിപത്യ യുക്തിയാണ്?

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles