Sunday, November 16, 2025

Current Date

വഷളാകുന്ന ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം

Israel and Iran

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ചൊവ്വാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന കാഴ്ചയാണ് ഇരു ഭാഗത്ത് നിന്നും കാണാന്‍ സാധിക്കുന്നത്. ഞായറാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ ബോംബിട്ടതാണ് ഇതില്‍ ഏറ്റവും പുതിയ സംഭവവികാസം. ഇവിടെ രണ്ട് ടെലിവിഷന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൊസാദ് ചാരനെ ഇറാന്‍ തൂകക്കിലേറ്റതായി ഇറാനും ഇറാന്റെ പുതുതായി നിയമിച്ച സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേലും അവകാശവാദമുന്നയിക്കുന്നു.

ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആസ്ഥാനത്തിന് നടന്ന ആക്രമണത്തിനുള്ള തിരിച്ചടി നേരിടാന്‍ ഇസ്രായേല്‍ ഒരുങ്ങിക്കോളൂ എന്നും ഇസ്രായേല്‍ മണ്ണിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും തീവ്രവുമായ മിസൈല്‍ ആക്രമണത്തിന് തങ്ങള്‍ തയ്യാറെടുക്കുകയാണെന്നുമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇറാന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങുകയും ആളുകളെല്ലാം ബങ്കറുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇറാന്റെ തിരിച്ചടിയായ തെല്‍ അവീവില്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഇരുഭാഗത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറാനില്‍ 220ഓളം ആളുകളും ഇസ്രായേലില്‍ ഔദ്യോഗിക കണക്ക് പ്രകാരം 24ഓളം പേരുമാണ് കൊല്ലപ്പെട്ടത്. ഇരു ഭാഗത്തും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മുന്നറിയിപ്പില്ലാതെ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെയാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇറാന്റെ ഉന്നത സൈനിക മേധാവിയും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രായേല്‍ തലസ്ഥാന നഗരിയായ തെല്‍അവീവിലും രാജ്യത്തെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലും ഇറാനും ബോംബിട്ടു. ഇരു ഭാഗത്തെയും നാശനഷ്ടം വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിപ്പിക്കുകയല്ല, മറിച്ച് ‘സംഘര്‍ഷം അവസാനിപ്പിക്കുക’യാണ് ചെയ്യുകയെന്നാണ് നെതന്യാഹു പറയുന്നത്. അതേസമയം, തെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന നെതന്യാഹുവിന്റെ ഉത്തരവിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതേ മുന്നറിയിപ്പ് നല്‍കി. ഇറാന് ആണവായുധം കൈവശം വെക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

പൊടുന്നനെ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന ചോദ്യത്തിന് നിരവധി ന്യായീകരണങ്ങള്‍ ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും തെളിവോടുകൂടിയുള്ള കൃത്യമായ ഉത്തരം നല്‍കാന്‍ ഇസ്രായേല്‍ തയാറായിട്ടില്ല. ആണവ ബോംബ് നിര്‍മ്മിക്കുന്നതിനായി ഇറാന്റെ ഭാഗത്ത് നിന്നും അടിയന്തര ഭീഷണി നേരിടുന്നുണ്ടെന്നും ഇതിനെ തടയിടാന്‍ വേണ്ടിയാണ് ആക്രമണമെന്നുമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആക്രമണങ്ങള്‍ ഇറാന്റെ ആണവ ശേഷിയെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നെതുന്യാഹു അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദത്തിനുള്ള തെളിവുകളൊന്നും ഇസ്രായേല്‍ പുറത്തുവിടുന്നുമില്ല. ഇറാന്റെ ആണവായുധ പ്രവര്‍ത്തനങ്ങളെ അപലപിച്ച് ജൂണ്‍ 12ന് പുറത്തുവിട്ട International Atomic Energy Agency റിപ്പോര്‍ട്ടാണ് ഇതിന് ആധാരമായി ഇസ്രായേല്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇതിനകം അറിയാത്ത ഒന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല.

ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഇസ്രായേലിന്റെ പുതിയ ആക്രമണങ്ങള്‍ എന്നാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലി സൈന്യം ഇറാനിലെ വിവിധ സൈനിക, സര്‍ക്കാര്‍, മാധ്യമ, താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇതുവരെയുള്ള ബോംബിങ് നടത്തിയത്. മുതിര്‍ന്ന ഇറാന്‍ സൈനിക നേതാക്കള്‍, മുന്‍ പ്രതിരോധ മന്ത്രി അലി ഷാംഹാനി, അലി ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് എന്നിവരെല്ലാം കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. ഇറാനിയന്‍ മാധ്യമങ്ങളും സര്‍ക്കാരും ഇതുവരെ ഈ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുമില്ല. അന്താരാഷ്ട്ര സമൂഹവും ഇസ്രായേലിന്റെ പ്രാദേശിക സഖ്യകക്ഷികളും ഗസ്സ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. പല രാഷ്ട്രങ്ങളും ഇസ്രായേലിനെതിരെ നടപടികള്‍ക്ക് ഒരുങ്ങുകയും ചെയ്തപ്പോഴാണ് ഇറാനെതിരെ പുതിയ ആക്രമണത്തിന് നെതന്യാഹു തുടക്കമിടുന്നത്. നെതന്യാഹുവിന് നേരെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്, ഇസ്രായേലിലെ പുതിയ തൊഴില്‍ നിയമത്തിനെതിരായ ജനകീയ പ്രതിഷേധം എന്നിവ രൂക്ഷമാകുന്ന വേളയായിരുന്നു ഇത്. ഈ സമയം തന്നെ ഇറാനിന് നേരെ ആക്രമണം നടത്താന്‍ നെതന്യാഹു ആസൂത്രണം ചെയ്തതില്‍ അത്ഭുതമില്ല.

രാജ്യത്തിന്റെ ആഭ്യന്തര ‘സുരക്ഷ’ എന്ന കവചമണിഞ്ഞാണ് ഇസ്രായേല്‍ ഈ ആക്രമണങ്ങളെയെല്ലാം ന്യായീകരിക്കുന്നത്. ‘സുരക്ഷ’ എന്ന നിര്‍വചനമാണ് ഇസ്രായേല്‍ ക്യാമ്പ് യുദ്ധ മുന്നണിയില്‍ ഉന്നയിക്കുന്ന ഏറ്റവും വിശുദ്ധമായ തത്ത്വം. ഈ മേലങ്കിയണിഞ്ഞ്, ഒരു തരത്തിലുള്ള വിലയും നല്‍കാതെ ആഗ്രഹിക്കുന്നിടത്തോളം കാലം ഇസ്രായേലിന് ആളുകളെ കൊല്ലാന്‍ കഴിയും. ഈ ‘സുരക്ഷ’ കാരണം പറഞ്ഞാണ് ഇസ്രായേല്‍ ഗസ്സക്ക് പുറമെ യെമന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലേക്ക് ആക്രമണം പ്രേരിപ്പിച്ചത്. ഇസ്രായേലി പൊതുജനത്തില്‍ നിന്നുള്ള എല്ലാ എതിര്‍പ്പും ഒഴിവാക്കി അനുകൂല തരംഗം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക എന്നായിരുന്നു ഇതിനു പിന്നിലെ നെതന്യാഹുവിന്റെ ഉദ്ദേശ്യം.

എന്നാല്‍ ഇറാന്റെ തിരിച്ചടി നെതന്യാഹുവിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ അത്യാധുനിക സാങ്കേതിക വിദ്യകളെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ഇറാന്റെ നൂറുകണക്കിന് മിസൈലുകളാണ് തലസ്ഥാനമായ തെല്‍ അവീവ് നഗരത്തിലും തന്ത്രപ്രധാന തുറമുഖ നഗരമായ ഹൈഫയിലുമെല്ലാം വന്നു വീണത്. ഹമാസിന്റെ കുഞ്ഞു മിസൈലുകളെ അയണ്‍ ഡോം ഉപയോഗിച്ച് തടയാനായെങ്കില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ അതേ അയണ്‍ ഡോമുകള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് നാം കണ്ടത്. ഇസ്രായേലിലും ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഇസ്രായേലിലെ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇസ്രായേല്‍ പുറത്തുവിടാത്തതിനാല്‍ മാത്രം അവ പുറംലോകത്തെത്തില്ല.

നെതന്യാഹുവിന്റെ കുടുംബ വീട്, ഹൈഫ തുറമുഖം, ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം എന്നിവിടങ്ങളിലെല്ലാം ഇറാന്‍ ബോംബിട്ടു എന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്. അതിനാല്‍ തന്നെ ഏറ്റവും പുതിയ ആക്രമണങ്ങള്‍ നെതന്യാഹുവിന്റെ കണക്കുകൂട്ടലുകള്‍ക്കകത്ത് നില്‍ക്കുന്നതല്ല. ഇറാനെ ആക്രമിക്കാനുള്ള തീരുമാനം മണ്ടത്തരമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. പതിറ്റാണ്ടുകളായി അസ്വസ്ഥത മാത്രം ഉരുണ്ടുകൂടിയ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകുന്നതിനും ഫലസ്തീന്‍ സംഘര്‍ഷം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനും മാത്രമേ പുതിയ സംഭവവികാസങ്ങള്‍ ഇടയാക്കൂ. നെതന്യാഹുവിന്റെ അധികാരക്കൊതിയും തന്നെ പിന്തുണക്കുന്ന തീവ്ര വലതുപക്ഷ സയണിസ്റ്റ് സഖ്യത്തിന്റെ വംശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ പിന്തുണ ലഭിക്കുന്നതിനും വേണ്ടി മാത്രമാണ് പുതിയ ആക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങിയിറങ്ങിയതെന്ന് കാണാനാകും. അമേരിക്കയില്‍ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ പരിഹാരം കൊണ്ടുവരാന്‍ നേരിയ തരിമ്പെങ്കിലും ശ്രമം നടത്തുമ്പോഴും ഇറാനെ മുഖ്യപ്രതിസ്ഥാനത്ത് അവരോധിക്കാനാണ് നെതന്യാഹു ശ്രമിക്കാറുള്ളത്. ഇറാന്റെ ആണവ ശേഷി തകര്‍ത്ത ഇസ്രായേല്‍ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കാനാണ് ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകാത്ത ‘ഇറാന്റെ ആണവ ഭീഷണി’ എന്ന അജണ്ട ഗസ്സ യുദ്ധത്തിനിടെയും നെതന്യാഹു ആവര്‍ത്തിക്കുന്നതും ഇടക്കിടെ ഇസ്രായേലിനെ ഇങ്ങോട്ട് അക്രമിക്കാതെ തന്നെ അങ്ങോട്ട് കയറി ആക്രമിക്കുന്നതെന്ന നിരീക്ഷണവും രാഷ്ട്രീയ തന്ത്രജ്ഞര്‍ പങ്കുവെക്കുന്നുണ്ട്.

അധിനിവേശത്തിലൂടെയും ബോംബിങ് ക്യാംപയിനിലൂടെയും സമാധാനം കൊണ്ടുവരാനാകുമെന്ന മിഥ്യാധാരണയും മേഖലയിലെ മുന്‍കാല അനുഭവങ്ങളില്‍ നിന്നൊന്നും ഇസ്രായേല്‍ പാഠം പഠിച്ചിട്ടില്ലെന്നുമാണ് ഈ ആക്രമണ പരമ്പരയും തെളിയിക്കുന്നത്. ഇനി ഇസ്രായേല്‍ ഇറാനിനെ അസ്ഥിരപ്പെടുത്തുന്നതില്‍ വിജയിച്ചാലും അത് പ്രാദേശിക സമാധാനം ഉണ്ടാക്കില്ല. ഇറാഖിലെ സദ്ദാം ഹുസൈന്റെ വീഴ്ചയില്‍ നിന്ന് പഠിക്കേണ്ട പാഠമാണിത്. അമേരിക്കയുടെയും തുര്‍ക്കിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ വെടിനിര്‍ത്തലിനും സമാധാനത്തിനും ഒരു ഭാഗത്ത് ചര്‍ച്ചകള്‍ നടക്കുന്നു എന്നതാണ് ഈ പുകച്ചുരുളുകള്‍ക്കിടെ പുറത്തുവരുന്ന നേരിയ പ്രതീക്ഷകളും സൂചനകളും.

Related Articles