Current Date

Search
Close this search box.
Search
Close this search box.

വിവാഹം ലളിതമാക്കാന്‍ ബുദ്ധിമുട്ടാണോ ?

പേര് നോക്കി മതവും, ജീവിതശൈലിയുമൊക്കെ നിര്‍ണ്ണയിക്കുന്നതൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. ഏത് പേരിലായാലും ജീവിത ദര്‍ശനങ്ങളില്‍ പൊരുത്തമില്ലാത്തവര്‍ വിവാഹം ചെയ്യരുതെന്നാണ് എന്റെ വീക്ഷണം. അതുണ്ടെന്നു കരുതിയാണ് വധൂ വരന്മാര്‍ നിക്കാഹ് കരാറില്‍ ഏര്‍പ്പെട്ടത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷങ്ങള്‍, സ്വര്‍ണാഭരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന വധു, മുന്തിയതരം വിവാഹ വസ്ത്രങ്ങളുമായി കുടുംബാംഗങ്ങള്‍ ഇതൊക്കെയാണ് നടപ്പ് രീതികള്‍. ചില സമ്പന്നര്‍ നിശ്ചയിച്ച ആ ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ ഇടത്തരക്കാര്‍ മത്സരിക്കേണ്ടി വരുന്നു.

മാതാപിതാക്കള്‍ അവരുടെ കഴിവനുസരിച്ചു നടത്താന്‍ തീരുമാനിച്ചാല്‍ പോലും കുട്ടികളുടെ പിടിവാശിയില്‍ കടം വാങ്ങി വിവാഹാഘോഷങ്ങള്‍ നടത്തേണ്ടി വരുന്ന അവസ്ഥകളും ധാരാളമായുണ്ട്. ഇതിനൊക്കെയുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ടവര്‍ പല തരം ന്യായങ്ങള്‍ കണ്ടെത്തി ധൂര്‍ത്തിനെ ന്യായീകരിക്കും. ജുവല്ലറി ഉടമകളുടെയും, പന്തല്‍ പണിക്കാരുടെയും ജീവിതച്ചെലവുകള്‍ നടന്നുപോകുന്നത് വരെ ന്യായീകരണങ്ങളില്‍ കടന്നുവരും. കാറുകളുടെ നീണ്ടനിരക്കും , പുതിയാപ്ലയുടെ ജെസിബി എന്‍ട്രികള്‍ക്കും വരെ വിശദീകരണം കിട്ടും.
ജീവിതത്തില്‍ ഒരിക്കലല്ലേ നല്ലൊരു വിവാഹവസ്ത്രവും ആഭരണങ്ങളും ഒഴിവാക്കി ലാളിത്യ തീവ്രവാദവും നടത്താനൊന്നും ഇസ്ലാം കല്‍പ്പിക്കുന്നില്ല. ഈ ഒരു വിമര്‍ശനത്തിന് മാത്രം മറുപടി പറയാം.

വിവാഹം ജീവിതത്തില്‍ ഒരിക്കലേ വേണ്ടതുള്ളൂ എന്നത് ശരിയല്ല. ഒരാളുടെ സംതൃപ്തിയാണ് പ്രധാനം നൂറോ ഇരുന്നൂറോ പവന്‍ ആഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ സംതൃപ്തി മറ്റൊരാള്‍ക്ക് പേരിനൊരു മാലയോ മോതിരമോ ധരിച്ചു നില്‍ക്കുമ്പോള്‍ കിട്ടും. ആ ജീവിതം ആസ്വദിക്കാനും കണ്ടെത്താനും സാധിക്കുന്നവരെ ഉപദേശിക്കേണ്ടതില്ല എന്നതാണ് എന്റെ നിലപാട്. ചെലവഴിക്കാന്‍ അവര്‍ വേറെ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുണ്ടാവും. പടച്ചോന്റെ പ്രീതിയാണല്ലോ പ്രധാനം. ആയിരം ആളുകള്‍ക്ക് പകരം 100 ആളുകള്‍ക്ക് വിരുന്നു നല്‍കിയും തൃപ്തി കരസ്ഥമാക്കാം. ആപേക്ഷികമായ ഇക്കാര്യങ്ങളില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ സ്വന്തം സമാധാനത്തില്‍ സഞ്ചരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നുമാത്രം.

ദീനിന്റെ ലളിതമായ സരണിയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, ക്ലേശമുദ്ദേശിക്കുന്നില്ല.’ (2 : 185)’അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.’ (5:6)

ജീവിതം എളുപ്പമാക്കുവാന്‍ സ്വീകരിച്ച ചില നടപടിക്രമങ്ങളില്‍ അനുമോദിച്ച ഏറെപ്പേരുണ്ട്. ‘എനിക്കും ഇങ്ങിനെയായിരിന്നു ആഗ്രഹം പക്ഷെ കുടുംബം സമ്മതിച്ചില്ല ‘എന്ന സങ്കടവും പറഞ്ഞു.. എല്ലാവരുടെയും സന്തോഷം പരിഗണിക്കേണ്ട സന്ദര്‍ഭമാണല്ലോ? പക്ഷെ സന്തോഷങ്ങള്‍ ദീനിനനുസരിച്ചു ചിട്ടപ്പെടുത്തുകയും അതില്‍ ആനന്ദിക്കാനും പരിശീലിക്കാനാണല്ലോ മുത്ത് നബി പഠിപ്പിച്ചത്. ഇതൊരു രസമുള്ള കളിയാണ്. ആസ്വദിക്കാന്‍ തുടങ്ങിയാല്‍ അതിനറ്റമില്ല. സമാധാനത്തിന്റെ പൂര്‍ണ്ണത എത്തുവോളം അത് സഞ്ചരിക്കേണ്ടതുണ്ട്. ‘നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും അവര്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന, അവരുടെ ഭാരങ്ങള്‍ ഇറക്കിവക്കുന്ന പ്രവാചകന്‍’ (അഅ്റാഫ്. 157) മുന്നില്‍ നിന്ന് നയിച്ച ജീവിതത്തോട് അടുക്കാന്‍ ശ്രമിക്കുന്നത് ആനന്ദകരം തന്നെയാണ്.

Related Articles